ബി ഡി ജെ എസിനെ തുറന്നുകാട്ടാന്‍ ഭാരവാഹികള്‍ക്ക് സി പി എം ക്ലാസ്

Posted on: April 24, 2016 2:22 pm | Last updated: April 24, 2016 at 2:22 pm
SHARE

cpm--621x414കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈഴവ സമുദായത്തില്‍ നിന്നും ബി ഡി ജെഎസിന് വോട്ടു പോകുന്നത് തടയുന്നതിനായി സി പി എം ബുത്തുതലങ്ങളില്‍ ക്ലാസുകള്‍ നടത്തും. ബി ഡി ജെ എസ് എന്ത്, എന്തിന് എന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, േലാക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി ക്ലാസുകള്‍ നല്‍കുന്നത്. അതാത് മണ്ഡലം കേന്ദ്രങ്ങളിലായിരിക്കും ക്ലാസുകള്‍.
പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ നേതാക്കളെ കൂടാതെ വിരമിച്ച അധ്യാപകര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ സമുദായ സംഘടനകളില്‍പെട്ട പണ്ഡിതന്മാര്‍ എന്നിവരാണ് ക്ലാസെടുക്കുന്നത്. ക്ലാസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ബുത്ത് സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തങ്ങള്‍ക്ക് ചുമതലയുളള കുടുബയോഗങ്ങളില്‍ അവതരിപ്പിക്കുകയും അതുവഴി ബി ഡി ജെ എസ് എന്താണെന്ന് ഈഴവ സമുദായ അംഗങ്ങള്‍ക്ക്് ബോധ്യപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വെള്ളാപ്പള്ളി നടേശനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ശക്തമായി എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാനതല സര്‍ക്കുലര്‍ ബൂത്തു കണ്‍വെന്‍ഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം നടത്തുന്നത്. മൈക്രോഫൈനാന്‍സ്, സ്വാമി ശ്വാശ്വതീകാനന്ദയുടെ മരണം എന്നിവയാണ് പ്രധാനമായും സര്‍ക്കുലറില്‍ പ്രതിപാദിച്ചിരിക്കുന്നത്. എസ് എന്‍ ഡി പി പ്രവര്‍ത്തകരായ ഈഴവര്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കണമെന്നും ബി ഡി ജെ സിന് പിന്തുണ നല്‍കരുതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സംവരണം ഇല്ലായ്മ ചെയ്യണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ എസ്എസിനും ബി ജെ പിക്കും ഒപ്പമാണ് ബിഡി ജെ എസ് നിലകൊള്ളുന്നത്.ഇത് അപകടകരമാണ്, ഈഴവ സമുദയത്തിന്റെ ഉന്നമനത്തിനായി എന്നും നിലകൊള്ളുന്നത് ഇടതുപക്ഷമാണെന്നും റിപോര്‍ട്ടിംഗില്‍ പറയുന്നു. പട്ടിക ജാതി പട്ടികവര്‍ഗമുള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി എന്നും പ്രവര്‍ത്തിച്ചിട്ടുള്ളതും ഇടതു പക്ഷമാണ്. എന്നാല്‍ ഇതെല്ലാം മറന്നുകൊണ്ട് ഈ വിഭാഗങ്ങളിലെ ഒരു വിഭാഗം ബിജെ പിക്കായി കുട പിടിക്കാന്‍ ശ്രമിക്കുകയാണ്.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ പരസ്യമായി വെള്ളാപ്പള്ളി നടേശനെതിരെയോ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയോ കുടുംബയോഗങ്ങളിലോ ബുത്തുകണ്‍വെന്‍ഷനുകളിലോ സിപിഎം നിലപാടെടുത്തിരുന്നില്ല. എന്നാല്‍ തെറ്റു തിരുത്താന്‍ ഇവര്‍ തയ്യാറാകാത്തതിനാലാണ് ഇവരെ തുറന്നു കാട്ടേണ്ടി വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടിംഗില്‍ പറയുന്നു.
ബി ഡി ജെ എസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here