താനൂരില്‍ വീണ്ടും സംഘര്‍ഷം; സി പി എം പ്രവര്‍ത്തകന് പരുക്ക്

Posted on: April 24, 2016 11:51 am | Last updated: April 24, 2016 at 11:51 am

താനൂര്‍: താനൂരില്‍ ഇന്നലെയുണ്ടായ സി പി എം- ലീഗ് സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്. താനൂര്‍ കോര്‍മന്‍ കടപ്പുറത്ത് കമ്പനിപ്പടിയില്‍ സി പി എം പ്രവര്‍ത്തകനായ ചേക്കാമാടത്ത് അസൈനാറിന്റെ മകന്‍ സിദ്ദീഖി(32)നെയാണ് ആക്രമിച്ച്ത്. ഇന്നലെ വൈകീട്ട് മാരകായുധങ്ങളുമായി സംഘം ചേര്‍ന്നെത്തിയവര്‍ വീടും വാഹനവും തകര്‍ത്ത ശേഷം സിദ്ദീഖിനെ അക്രമിക്കുകയായിരുന്നു. തലക്കും ചുമലിനും ഇരുമ്പ് പൈപ്പ് കൊണ്ടടിച്ചു.

സാരമായി പരുക്കേറ്റ സിദ്ദീഖിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ആഴത്തിലുള്ള മുറിവ് പറ്റിയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെയാണ്: ഹനീഫ, സുബൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ പ്രകോപനവുമില്ലാതെ സിദ്ദീഖിന്റെ വീട്ടിലെത്തി ഭാര്യയോട് അസഭ്യങ്ങള്‍ പറയുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. മുമ്പില്‍ ഇറക്കിക്കെട്ടിയ തകര ഷീറ്റ് അടിച്ചു പൊളിച്ചു. ഈസമയം സിദ്ദീഖ് വീട്ടിലുണ്ടായിരുന്നില്ല. വീട്ടിനകത്ത് ഒറ്റപ്പെട്ട ഭാര്യയും കുട്ടികളുടെയും നിലവിളികേട്ട് സിദ്ദീഖിനെ അടുത്ത അദ്ദേഹം വീട്ടിലേക്കെത്തിയ ഉടനെ അക്രമികള്‍ കല്ലെറിഞ്ഞ് ഓട്ടോയുടെ മുന്‍ഗ്ലാസ്സ് തകര്‍ക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് സിദ്ദീഖിന്റെ തലക്കും ചുമലിനും അടിച്ച ശേഷം അക്രമി സംഘം ഓടി രക്ഷപ്പെട്ടു. തലപൊട്ടി നിലത്ത് വീണ സിദ്ദീഖിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
കഴിഞ്ഞ ചൊവ്വാഴ്ച താനൂരിലുണ്ടായ ലീഗ്-സിപിഎം സംഘട്ടനത്തിന്റെ ‘തുടര്‍ച്ചയാണിതെന്നും അക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണന്ന് വ്യക്തമായതായും താനൂര്‍ സി ഐ പറഞ്ഞു. പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം ഫറഞ്ഞു.
തിരൂര്‍ ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.