കക്കോവ് മഹല്ല് തിരഞ്ഞെടുപ്പ്; വഖ്ഫ് ബോര്‍ഡ് ഉത്തരവ് ട്രൈബ്യൂണല്‍ റദ്ദാക്കി

Posted on: April 24, 2016 11:49 am | Last updated: April 24, 2016 at 11:49 am
SHARE

കോഴിക്കോട്: മലപ്പുറം വാഴയൂര്‍ കക്കോവ് മഹല്ലില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള വഖ്ഫ് ബോര്‍ഡ് ഉത്തരവ് വഖ്ഫ് ട്രൈബ്യൂണല്‍ റദ്ദ് ചെയ്തു. മഹല്ല് കമ്മിറ്റിയുടെ വാദം കേള്‍ക്കാതെ, ചേളാരി വിഭാഗത്തിന്റെ മാത്രം അഭിപ്രായത്തില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള വഖ്ഫ്‌ബോര്‍ഡിന്റെ ഏകപക്ഷീയ തീരുമാനമാണ് ട്രൈബ്യൂണല്‍ റദ്ദ് ചെയ്തത്. പരാതിക്കാരുടെ അഭിപ്രായം കേട്ട ശേഷം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനമെടുക്കാന്‍ പാടുള്ളൂവെന്ന് കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണല്‍ ജഡ്ജ് വിന്‍സന്റ് അറിയിച്ചു.

രേഖകള്‍ പരിശോധിച്ച് ന്യായമായ തീരുമാനം എടുക്കാന്‍ വഖ്ഫ് ബോര്‍ഡിന് മൂന്ന് മാസത്തെ സമയവും നല്‍കി. ഇക്കാലയളവിനുള്ളില്‍ മഹല്ലുമായി ബന്ധപ്പെട്ട രേഖകള്‍ വഖ്ഫ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കാന്‍ കക്കോട് ഹിദായത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയോടും ആവശ്യപ്പെട്ടു. ശരിയായ രീതില്‍ പ്രവര്‍ത്തിക്കുന്ന മഹല്ലിന്റെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായി ചേളാരി വിഭാഗം നടത്തിയ നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് തിരഞ്ഞെടുപ്പ് നടത്താന്‍ വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടത്. 2004ല്‍ എഴുതി തയ്യാറാക്കിയ മഹല്ലിന്റെ ഭരണഘടന പ്രകാരം ഇരുവിഭാഗവും ഒരുമിച്ചായിരിക്കും ഭരണം നടത്തുകയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് മഹല്ല് ഭാരവാഹികള്‍ വഖ്ഫ് ബോര്‍ഡിനെ അറിയിച്ചെങ്കിലും പരിശോധിക്കാന്‍ അവര്‍ തയ്യാറായില്ല. അവര്‍ തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോയതിന്റെ അടിസ്ഥാനത്തിലാണ് മഹല്ല് പ്രസിഡന്റ് അലവി മൗലവിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here