കാലാവസ്ഥാ ഉച്ചകോടിയും തീരുമാനങ്ങളും

Posted on: April 24, 2016 6:20 am | Last updated: April 24, 2016 at 12:10 am

SIRAJ.......ആഗോള താപനിലയുടെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷണത്തിന് ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കയാണ് ലോകരാജ്യങ്ങള്‍. ഇതു സംബന്ധിച്ച് 2015 ഡിസംബര്‍ 12ന് പാരീസില്‍ ചേര്‍ന്ന 21ാമത് യു എന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ തീരുമാനത്തില്‍ 170ലേറെ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഒപ്പുവെക്കുകയുണ്ടായി. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി,പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ നിര്‍ത്തുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങള്‍ പ്രതിരോധിക്കുന്നതിന് കൂടുതല്‍ പണം ചെലവഴിക്കുക, അംഗ രാജ്യങ്ങള്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ലക്ഷ്യഫലപ്രാപ്തി വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക തുടങ്ങിയവയാണ് കരാറിലെ മറ്റു പ്രധാന വ്യവസ്ഥകള്‍.
യു എന്നിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയുമധികം രാജ്യങ്ങള്‍ ഒന്നിച്ചു ഒരു കരാറില്‍ ഒപ്പ്‌വെക്കുന്നത്. കരാറിന്റെ അതീവപ്രാധാന്യമാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ലോകം ഇന്ന് നേരിടുന്ന അതീവഗുരുതരമായ പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനവും വര്‍ധിച്ചു വരുന്ന താപനിലയും. ഓരോ വര്‍ഷം കടന്നു പോകുംതോറും ലോകത്ത് താപം വര്‍ധിക്കുകയാണ്. നമ്മുടെ രാജ്യത്ത് പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണിന്ന്. വെയിലേറ്റാല്‍ സൂര്യാഘാതമേല്‍ക്കുന്നു. കുടിവെള്ളം ലഭിക്കാതെ കോടിക്കണക്കിനാളുകള്‍ പ്രയാസമനുഭവിക്കുന്നു. മഹാരാഷ്ട്രയിലും ആന്ധ്രയിലും തെലങ്കാനയിലും ഇതര സംസ്ഥാനങ്ങളിലും വെള്ളത്തിനായി നാടും വീടും ഉപേക്ഷിച്ചു മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നത് നിരവധിയാളുകളാണ്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെയും അയല്‍രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ഇതിന്റ അനന്തരഫലമായുണ്ടാകുന്ന ജലസ്രോതസുകളുടെ നിയന്ത്രണം, ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിന് വരെ ഇടയാക്കുമെന്നും രണ്ട് വര്‍ഷം മുമ്പ് യു എന്‍ പാനല്‍ റിപ്പോര്‍ട്ട് ആശങ്ക പ്രകടിപ്പിച്ചതാണ്. താപനില വര്‍ഷം തോറും ഉയരുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാര്‍ഷിക ആഭ്യന്തര ഉത്പാദനത്തില്‍ 1.7 ശതമാനത്തിന്റെ കുറവ് വരുത്താനും ഇത് ഭക്ഷ്യോദ്പാദനം കുറയാനും വില വര്‍ധനവിനും വഴിവെക്കുമെന്നും റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു സംസാരിക്കവെ പാനല്‍ ചെയര്‍മാന്‍ ആര്‍ കെ പച്ചൗരി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പുലര്‍ച്ചയായിരിക്കുമോ രാജ്യത്ത് ഇന്ന് അനുഭവപ്പെടുന്ന ആഭ്യന്തര ഉത്പാദനത്തിലെ ഇടിവും ഭക്ഷ്യോത്പാദന കുറവും?
2016 ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമാകുമെന്നാണ,് ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലെ വിരല്‍ ചൂണ്ടല്‍. അമേരിക്കന്‍ ദേശീയ ഓഷ്യാനിക് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടും താപത്തിന്റെ അസഹനീയ വര്‍ധനയെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്നു. സമീപ വര്‍ഷങ്ങളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടിരുന്നത് കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നുവെങ്കില്‍ 2016 അതിനെയും കവച്ചുവെക്കുമെന്നുമാണ് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍. അന്തരീക്ഷത്തില്‍ വിഷവാതകങ്ങളുടെ അളവ് കൂടുന്നതാണ് ഇതിന്റെ പ്രധാന കാരണം. വ്യാവസായിക വിപ്ലവത്തിന് ശേഷം ലോകരാഷ്ട്രങ്ങള്‍ വിശിഷ്യാ വികസിത രാജ്യങ്ങള്‍ വന്‍തോതിലാണ് വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത്. ലോകമഹായുദ്ധത്തേക്കാള്‍ മാരകമായ കെടുതികളാണ് ഇതിനെ തുടര്‍ന്നുണ്ടാകാനിരിക്കുന്നതെന്നും വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.
പരിസ്ഥിതിയെ വിസ്മരിച്ചു കൊണ്ടുള്ള വികസനമാണ് എവിടെയും നടന്നു വരുന്നത്.വികസിത രാജ്യങ്ങള്‍ വന്‍തോതില്‍ ഊര്‍ജ്ജോത്പാദനവും പ്രകൃതി ചൂഷണവും നടത്തുമ്പോള്‍ വികസിത രാജ്യങ്ങളോടൊപ്പമെത്താനുള്ള ത്വരയില്‍ വികസ്വര രാജ്യങ്ങളും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്.കാലാവസ്ഥാ ഉച്ചകോടിയില്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും ഒരു രാജ്യവും പാലിക്കാറുമില്ല. വികസിത രാജ്യങ്ങള്‍ വിശേഷിച്ചും. പ്രകൃതി വിഭവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിദഗ്ധര്‍ അടിക്കടി മുന്നറിയിപ്പ് നല്‍കുമ്പോഴും വികസനത്തിനായി കാടുകള്‍ വെട്ടിമാറ്റുകയും തണ്ണീര്‍തടങ്ങള്‍ മണ്ണിട്ട് മൂടുകയും കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുകയും ചെയ്യുന്ന പ്രവണത ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ അനുസ്യൂതം തുടരുകയാണ്. ഭാര്യയുടെയും മക്കളുടെയും ദാഹമകറ്റാനുള്ള കുടിവെള്ളത്തിന്റെ കാര്യം മാത്രമേ വ്യക്തികളുടെ അജന്‍ഡയിലുള്ളു. സമൂഹത്തിന്റെ കുടിവെള്ള പ്രശ്‌നത്തെക്കുറിച്ചു അവര്‍ ചിന്തിക്കുന്നില്ല. തങ്ങളുടെ ഭരണീയരുടെ ദാഹജലത്തെക്കുറിച്ചു മാത്രമേ രാഷ്ട്രനേതൃത്വങ്ങള്‍ ചിന്തിക്കുന്നുള്ളൂ. മനുഷ്യവംശത്തിന്റെ കുടിനീര്‍ പ്രശ്‌നം അവരുടെ ചിന്തയില്‍ കടന്നുവരുന്നില്ല. സാങ്കേതികമായും സൈനികമായി പോലും പരസ്പര ബന്ധിതമായ ഇന്നത്തെ ലോക ഘടനയില്‍ ഏത് രാഷ്ട്രത്തിലുണ്ടാക്കുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന അസ്ഥിരതയും ആഗോള തലത്തില്‍ തന്നെ ഗുരുതരമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ ആഗോള കാലാവസ്ഥാ ഉച്ചകോടികളും പ്രഖ്യാപനങ്ങളും കേവല ചടങ്ങുകളായി മാറാതെ അതിലെ തീരൂമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളും ആത്മാര്‍ഥമായ ശ്രമം നടത്തേണ്ടതുണ്ട്.