Connect with us

National

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ റെയില്‍േവേ ലൈന്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ റെയില്‍േവേ ലൈന്‍ ഇന്ത്യയില്‍ വരാന്‍ സാധ്യത തെളിയുന്നു. ചെന്നൈക്കും ന്യൂഡല്‍ഹിക്കുമിടയില്‍ അതിവേഗ റയില്‍വേ പാത സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനം നടന്നുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയുമായി ചേര്‍ന്നാണ് ഇന്ത്യ പുതിയ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതോടെ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയും. ചൈന റെയില്‍വേ കോര്‍പറേഷന്‍ (സി ആര്‍ സി) ഹൈസ്പീഡ് റെയില്‍വേ (എച്ച് എസ് ആര്‍) എന്നിവരാണ് പദ്ധതിയുടെ ചുമതലയേറ്റെടുത്തിരിക്കുന്നത്.

മുമ്പ് ഇന്ത്യയില്‍ ആദ്യ അതിവേഗ ട്രെയിന്‍ ഓടിക്കുന്നതിന് ബുള്ളറ്റ് ട്രെയിന്‍ കരാറിന് ജപ്പാനുമായി ചേര്‍ന്ന് ഇന്ത്യ രൂപം നല്‍കിയിരുന്നു. ജപ്പാനില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ ലാളിത്യമാണ് അവരുടെ ഓഫര്‍ ഇന്ത്യ സ്വീകരിക്കാന്‍ പ്രധാനമായ കാരണം. എന്നാല്‍ ചൈനയുടെ വായ്പാ വ്യവസ്ഥകള്‍ ജപ്പാനോളം ലളിതമല്ലെങ്കിലും സാങ്കേതിക വിദ്യയുടെയും വിദഗ്ധരുടെയും എണ്ണം മറ്റു രാജ്യങ്ങളെക്കാള്‍ കുടുതലാണെന്ന് കണ്ടാണ് ഇന്ത്യ പദ്ധതിക്ക് ചൈനയെ ഉപയോഗപ്പെടുത്തുന്നത്. 2,298 കിലോമീറ്റര്‍ നീളം വരുന്ന ബെയ്ജിംഗ്്- ഗ്വാന്‍ഷു റെയില്‍വേ ലൈനാണ് നിലവില്‍ ഏറ്റവും വലിയ അതിവേഗ റയില്‍വേ ലൈന്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 1,000 കിലോമീറ്ററിലധികം അതിവേഗ റെയില്‍വേ ലൈനാണ് ചൈന നിര്‍മിച്ചത്. ജപ്പാന്‍ നിര്‍മിച്ചത് 350 കിലോമീറ്റര്‍ പാതയും ഫ്രാന്‍സ് നിര്‍മിച്ചത് 320 കിലോമീറ്റര്‍ പാതയും മാത്രമാണ്. അതേസമയം, ചൈനയുടെ ട്രെയിനുകള്‍ മണിക്കൂറില്‍ ശരാശരി 250 കിലോമീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ ജപ്പാന്റേത് മണിക്കൂറില്‍ 240 മുതല്‍ 320 വരെ കിലോമീറ്റര്‍ പിന്നിടുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള തെക്കു-കിഴക്കന്‍ രാജ്യങ്ങളുമായി കൂടുതല്‍ സമാനതകള്‍ പുലര്‍ത്തുന്ന രാജ്യം തങ്ങളാണെന്നും ചൈന അവകാശപ്പെടുന്നു. ജനസംഖ്യയുടെ കാര്യത്തില്‍ ഈ സാമ്യം കാണാം. മാത്രമല്ല, വികസനത്തിന്റെ പാതയിലേക്ക് ഒരുമിച്ചുള്ള കുതിപ്പിലാണ് ഇന്ത്യയും ചൈനയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Latest