Connect with us

National

അരുണാചല്‍ പ്രദേശില്‍ വീണ്ടും മണ്ണിടിച്ചില്‍; രണ്ട് മരണം

Published

|

Last Updated

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയില്‍ ഇന്നലെ വീണ്ടുമുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ഇതോടെ ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 19 ആയി. വെള്ളിയാഴ്ചയുണ്ടായ സമാന അപകടത്തില്‍ 17 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
തവാങില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തോങ്‌ലെങ് ഗ്രാമത്തിലാണ് ഇന്നലെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് അസിസ്റ്റന്റ് ജില്ലാ കമ്മീഷണര്‍ ലോഡ് ഗാംബോ പറഞ്ഞു. ദുരന്തത്തില്‍ 30 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരിച്ചവര്‍ താമസിച്ചിരുന്ന വീട് മണ്ണിടിച്ചിലില്‍ പാടേ ഒലിച്ചുപോയി. ദുരന്തസ്ഥലത്തെത്തിയ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കനത്ത മഴ തുടരുന്ന തവാങില്‍ വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച തവാങിലെ ഫാമ്‌ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സൂപ്പര്‍വൈസറും 16 തൊഴിലാളികളും ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആസാമില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള തൊഴിലാളികളാണ് മരിച്ചവരിലധികവും. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ പതിവായിട്ടുണ്ട്.
അപകടം നടന്ന സ്ഥലം ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു സന്ദര്‍ശിച്ചു. മുഖ്യന്ത്രി കാലിഖോ പൂല്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണ് തുടരുന്നത്. എന്നിരുന്നാലും തവാങില്‍ നിന്ന് മാത്രമാണ് അപകടവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അഞ്ചാവ്, ചങ്‌ലാങ്, ലോവര്‍ സുബന്‍സിരി, കിഴക്കന്‍ സിയാങ് ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മുഖ്യന്ത്രി ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest