Connect with us

Kerala

തനിക്ക് അബദ്ധം പറ്റിയെന്ന് വിഎസിന്റെ സ്വയംവിമര്‍ശനം

Published

|

Last Updated

കോഴിക്കോട്: തനിക്ക് അബദ്ധം പറ്റിയെന്ന സ്വയം വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഒരു സ്വയംവിമര്‍ശനം എന്ന തലക്കെട്ടില്‍ എഴുതിയ ഏറ്റവും പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് തെറ്റ് പറ്റിയെന്ന് വിഎസ് ഏറ്റുപറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് നല്‍കിയതെങ്കിലും ഇക്കാര്യത്തില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നില്ലെന്നും തനിക്കാണ് തെറ്റ് പറ്റിയതെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാധ്യമ തെമ്മാടിത്തരം എന്ന പരാമര്‍ശം പിന്‍വലിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ വി.എസ് വ്യക്തമാക്കി. വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന പത്രലേഖകരുടെ മുന്നില്‍ സൂക്ഷിച്ച് വേണമായിരുന്നു താന്‍ അഭിപ്രായപ്രകടനം നടത്താനെന്ന് വി.എസ് അഭിപ്രായപ്പെട്ടു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും വി.എസ് വ്യക്തമാക്കി.
ഈ മാസം 18 ന് രണ്ട് പത്രലേഖകരുമായി സംസാരിച്ചു എന്നാണ് ഓര്‍മ. അതിലൊരാള്‍ കേരളത്തിലെ ജനങ്ങള്‍ താങ്കള്‍ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചു. അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷെ പാര്‍ട്ടിയാണ് അത് തീരുമാനിക്കുന്നതെന്ന് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ച ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു വേറൊരു ചോദ്യം. ആക്ഷേപമുണ്ടാകാം എന്നാണ് മറുപടി പറഞ്ഞത്. പക്ഷേ അടിച്ചു വന്നത് കേരളത്തിലെ ജനങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു എന്ന് ഞാന്‍ പറഞ്ഞു എന്നാണ്. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എനിക്ക് ആക്ഷേപം ഉണ്ടെന്നും അടിച്ചുവന്നു. ചോദ്യങ്ങളും ഉത്തരങ്ങളും അടിച്ചുവന്നതും വ്യത്യസ്തമായ രീതിയില്‍ വായിച്ചെടുക്കാം എന്ന തരത്തിലായി. ഇതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അത് എന്നെത്തന്നെയാണ് പോസ്റ്റില്‍ ആത്മവിമര്‍ശനം ഉയര്‍ത്തി വി.എസ് പറയുന്നു.

ആ പോസ്റ്റില്‍ താന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിനെ കുറിച്ച് പറഞ്ഞിരുന്നെന്നും പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ട് പോയ ആ പാവപ്പെട്ട ആര്‍ച്ച് ബിഷപ്പിന്റെ അവസ്ഥയിലാണ് താനുമിപ്പോളെന്നും ഇത്തരം അബദ്ധങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പത്രലേഖകര്‍ കാട്ടിയത് തെമ്മാടിത്തമാണെന്ന പദപ്രയോഗം നടത്തിയിരുന്നു. ആ പ്രയോഗവും പിന്‍വലിക്കുന്നതായും അദ്ദേഹം പറയുന്നു.

 

 

Latest