ലാവ്‌ലിന്‍ കേസ്: ഫേസ് ബുക്ക് പോസ്റ്റ് തിരുത്തി വിഎസ്

Posted on: April 23, 2016 6:29 pm | Last updated: April 23, 2016 at 9:27 pm
SHARE

vs achuthanandanകോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ള മറുപടി എന്ന പേരില്‍ ശനിയാഴ്ച വിഎസ് അച്യുതാനന്ദന്‍ രാവിലെ ഇട്ട ഫേസ് ബുക്ക് പോസ്റ്റില്‍ തിരുത്തല്‍. ലാവ്‌ലിന്‍ കേസില്‍ തന്റെ നിലപാട് കോടതി വിധി വന്ന അന്നു തന്നെ വ്യക്തമാക്കിയതാണെന്നും ആ കോടതി വിധി അംഗീകരിക്കുന്നുവെന്നും വിധിക്കെതിരെ മറ്റൊരു മേല്‍ക്കോടതിയുടെ വിധി വരുന്നത് വരെ തന്റെ നിലപാടില്‍ മാറ്റമില്ലെന്നുമായിരുന്നു വി.എസ് രാവിലെ ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍, വൈകിട്ടോടെ വി.എസ് ഫേസ്ബുക്ക് പോസ്റ്റ് തിരുത്തുകയായിരുന്നു. മുന്‍പ്് പറഞ്ഞ കാര്യത്തില്‍, കോടതി വിധിക്കെതിരെ മറ്റൊരു മേല്‍ കോടതി വിധി വരുന്നത് വരെ എന്റെ നിലപാടില്‍ മാറ്റമില്ല എന്ന വാചകം വി.എസ് ഒഴിവാക്കുകയായിരുന്നു.
പിണറായി വിജയന്‍ തന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും സീനിയര്‍ നേതാവാണെന്നും അദ്ദേഹത്തിനെതിരെ പ്രസംഗിച്ച് തോല്‍പിക്കാന്‍ ഉമ്മന്‍ചാണ്ടിയോട് വേറെ ആളെ അന്വേഷിക്കാനും വി.എസ് പറഞ്ഞിരുന്നു. കമ്മ്യൂണിസറ്റ് പാര്‍ട്ടികളില്‍ ആശയസമരങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണ്. അത് പാര്‍ട്ടി കാര്യം. ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് അത് വലിച്ച് നീട്ടുന്ന സംഘടനാ വിരുദ്ധ സ്വഭാവം സി.പി.എമ്മിനില്ലെന്നും വി.എസ് ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.