Connect with us

Gulf

എവറസ്റ്റ് കീഴടക്കാന്‍ യു എ ഇ സായുധസേന നേപ്പാളില്‍

Published

|

Last Updated

ദുബൈ: ഹിമാലയ പര്‍വത നിരകളില്‍ നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന എവറസ്റ്റ് കീഴടക്കാനായി യു എ ഇ സായുധസേനാ സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍.
ഭൂമിയില്‍നിന്ന് 8,858 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കാന്‍പോകുന്ന യു എ ഇയുടെ ആദ്യ ഔദ്യോഗിക സൈനികസംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. യു എ ഇ സായുധസേനയിലെ വിവിധ റാങ്കുകളിലുള്ള 16 പേരാണ് സംഘത്തിലുള്ളത്. സേനയിലെ 13 പേരും സ്‌പോര്‍ട്‌സ് മെഡിസിന്‍-ഫിസിയോളജിയില്‍ വിദഗ്ധനായ ഒരു ഡോക്ടറടക്കം മലകയറ്റത്തില്‍ വിദഗ്ധരായ മൂന്നു പേരുമാണ് സംഘാംഗങ്ങള്‍.
2015ലെ ഭൂചലനത്തിന് ശേഷം എവറസ്റ്റ് കീഴടക്കാനെത്തുന്ന ആദ്യ ഔദ്യോഗികസംഘമെന്ന ഖ്യാതിയും യു എ ഇ സംഘത്തിനുണ്ട്. ഘട്ടംഘട്ടമായി കൊടുമുടിക്ക് മുകളില്‍ ഏകദേശം രണ്ടു മാസംകൊണ്ട് എത്താനാകുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. ഉയരങ്ങള്‍ കീഴടക്കുംതോറും മേഖലയില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ ശുദ്ധവായു ലഭിക്കാനാവശ്യമായ പൂര്‍ണ സജ്ജീകരണങ്ങള്‍ സംഘം കരുതിയിട്ടുണ്ട്.
മേജര്‍ ജനറല്‍ ഈസ സൈഫ് ബിന്‍ അബ്‌ലാന്‍ അല്‍ മസ്‌റൂഇയുടെ കീഴിലുള്ള സംഘത്തിന് രാജ്യം ഊഷ്മളമായ യാത്രയയപ്പ് നല്‍കി. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ ശക്തമായ നേതൃത്വത്തിന് കീഴിലുള്ള സായുധ സേനാംഗങ്ങള്‍ പൂര്‍ണ പരിശീലനം നേടിയവരും ഏത് പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്യാന്‍ സജ്ജരായവരുമാണ്.
ദൗത്യം തുടങ്ങുന്നതിനു മുന്നോടിയായി കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും നേപ്പാള്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള കാര്യങ്ങള്‍ ശരിയാക്കുന്നതിനുമായി സമുദ്രനിരപ്പില്‍നിന്ന് 1,400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡുവില്‍ സംഘം ഏതാനും ദിവസം തങ്ങി. ശേഷം കാഠ്മണ്ഡുവില്‍നിന്ന് 140 കിലോമീറ്റര്‍ കിഴക്കുമാറി സമുദ്രനിരപ്പില്‍നിന്ന് 2,840 മീറ്റര്‍ ഉയരത്തിലുള്ള ലോക്‌ലയിലേക്ക് ഹെലികോപ്റ്റര്‍ വഴിയാണ് സംഘം എത്തിയത്.
ലോക്‌ലയില്‍നിന്നാണ് മലകയറ്റത്തിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. സമുദ്രനിരപ്പില്‍നിന്ന് 5,364 മീറ്റര്‍ ഉയരത്തിലുള്ള പ്രധാന ബെയ്‌സ് ക്യാമ്പ് എത്താന്‍ ഒന്‍പത് ദിവസം സംഘത്തിന് കാല്‍നടയായി സഞ്ചരിക്കേണ്ടിവരും. രാത്രികളില്‍ എവറസ്റ്റിലെ ഗൈഡുകളായ മലകളില്‍ താമസിക്കുന്ന പ്രാദേശിക ഷെര്‍പാസിന്റെ ഗ്രാമങ്ങളില്‍ സംഘം തങ്ങും.