Connect with us

Sports

പി എഫ് എ ടീം ഓഫ് ദ ഇയറില്‍ ലീസെസ്റ്ററിനും ടോട്ടനമിനും ആധിപത്യം

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പി എഫ് എ (പ്രൊഫഷണല്‍ ഫുട്‌ബോളര്‍മാരുടെ അസോസിയേഷന്‍) ടീം ഓഫ് ദ ഇയറില്‍, അട്ടിമറി പ്രകടനത്തോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലീസെസ്റ്ററിന്റെയും രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോസ്പറിന്റെയും നാല് താരങ്ങള്‍ വീതം ഇടം പിടിച്ചു. അതേ സമയം, പി എഫ് എ പ്ലെയേഴ്‌സ് പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഇടം നേടിയ ആഴ്‌സണലിന്റെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസുറ്റ് ഒസില്‍ ഇടം പിടിച്ചില്ല. മൂന്നാം സ്ഥാനത്തുള്ള ആഴ്‌സണലില്‍ നിന്ന് റൈറ്റ് വിംഗ് ബാക്ക് ഹെക്ടര്‍ ബെല്ലാറിന്‍ മാത്രമാണ് സ്ഥാനം പിടിച്ചത്. പതിനെട്ട് അസിസ്റ്റുകളുമായി വാര്‍ത്തകളില്‍ നിറഞ്ഞ ഒസിലിന്റെ പുറത്താകല്‍ ആഴ്‌സണല്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായി.
ലീസെസ്റ്ററില്‍ നിന്ന്, സീസണില്‍ 22 ഗോളുകള്‍ നേടിയ ജാമി വാര്‍ഡി, വെസ് മോര്‍ഗന്‍ എന്‍ഗോലോ കാന്റെ, റിയാദ് മഹ്‌റെസ് എന്നിവര്‍ സ്ഥാനം പിടിച്ചപ്പോള്‍ ടോട്ടനം ഹോസ്പറിന്റെ ടോബി അല്‍ഡര്‍വീല്‍ഡ്, ഡാനി റോസ്, ഡെലെ അലി, സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കാന്‍ എന്നിവര്‍ ഇടം പിടിച്ചു. 24 ഗോളുകളുമായി കാന്‍ ലീഗിലെ സൂപ്പര്‍ സ്‌ട്രൈക്കറായി മാറിക്കഴിഞ്ഞു.മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ, വെസ്റ്റ്ഹാമിന്റെ ദിമിത്രി പയെറ്റ് എന്നിവരാണ് പി എഫ് എ ടീം ഓഫ് ദ ഇയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് താരങ്ങള്‍. നാളെ പി എഫ് എ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ഈ വര്‍ഷത്തെ മികച്ച താരമാകാന്‍ ജാമി വാര്‍ഡി, ഹാരി കാന്‍, മഹ്‌റെസ്, ഒസില്‍, പയെറ്റ് എന്നിവര്‍ രംഗത്തുണ്ട്. ലീസെസ്റ്ററിന്റെ കിരീടക്കുതിപ്പിന് ഊര്‍ജമേകിയ ജാമി വാര്‍ഡിക്കാണ് ഇത്തവണ സാധ്യത.