വെബ്‌ലോക പ്രവേശനം: ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി വിഎസ്

Posted on: April 23, 2016 11:04 am | Last updated: April 23, 2016 at 6:30 pm
SHARE

തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ പുകച്ച് പുറത്ത് ചാടിക്കുന്നതിനവേണ്ടി താങ്കളുടെ നേതൃത്വത്തില്‍ തൊണ്ണൂറുകളില്‍ നടന്ന നീക്കങ്ങള്‍ പൂര്‍ണമായും മറന്ന് പോയ മട്ടിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ചാര കേസില്‍ മുഖ്യമന്ത്രി കരുണാകരനെ പുറത്താക്കുന്നതിനായി താനൊരു പങ്കും വഹിച്ചിട്ടില്ലെന്നും അങ്ങനെ തെളിയിക്കുന്ന എന്തെങ്കിലും രേഖകള്‍ ഉണ്ടോയെന്ന് അങ്ങ് വെല്ല് വിളിക്കുകയും ചെയ്തു. അടുത്ത ദിവസം ഒരു സ്വകാര്യ ചാന്ല്‍ ചാര കേസില്‍ വിശ്വാസ്യത നഷ്ടപ്പെട്ട കരുണാകരന്‍ രാജിവയ്ക്കണമെന്ന് അങ്ങ് പരസ്യമായി പറയുന്ന വീഡിയോ റിക്കോര്‍ഡിംഗ് ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. ഇത് കണ്ടിട്ടും രേഖയെവിടെ രേഖയെവിടെ എന്ന് താങ്കള്‍ ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടേയിരുന്നുവെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം……
പ്രിയപ്പെട്ട ശ്രീ ഉമ്മന്‍ ചാണ്ടി,
എന്റെ വെബ്ബ്‌ലോക പ്രവേശത്തെ പിന്‍കാല് കൊണ്ട് സല്യൂട്ട് ചെയ്ത ശേഷം എന്നെ അഭിസംബോധന ചെയതുകൊണ്ട് താങ്കള്‍ എഴുതിയ രണ്ട് പോസ്റ്റുകള്‍ വായിച്ചു. തികച്ചും രാഷ്ട്രീയമായ ചോദ്യങ്ങളുന്നയിച്ചു കൊണ്ടുള്ളതാണ് താങ്കളുടെ അവസാന പോസ്റ്റ്. അതിന് ആദ്യം മറുപടി പറയാം.
സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ പുകച്ച് പുറത്ത് ചാടിക്കുന്നതിന് താങ്കളുടെ നേതൃത്വത്തില്‍ തൊണ്ണൂറുകളില്‍ നടന്ന നീക്കങ്ങള്‍ പൂര്‍ണമായും മറന്ന് പോയ മട്ടിലാണ് ഇപ്പോള്‍ താങ്കള്‍ സംസാരിക്കുന്നത്. 1992 മാര്‍ച്ചില്‍ മുഖ്യമന്ത്രി കരുണാകരനെതിരെ പാമോയില്‍ അഴിമതി ആരോപണം ഞാന്‍ നിയമസഭയില്‍ കൊണ്ട് വന്നപ്പോള്‍ കരുണാകരന് വേണ്ടി താങ്കള്‍ നിയമസഭയില്‍ പോരാടിയെന്ന് അടുത്ത കാലത്ത് താങ്കള്‍ പരസ്യമായി പറഞ്ഞിരുന്നല്ലോ? അന്നത്തെ നിയമസഭയിലെ രംഗം ഞാന്‍ ഓര്‍ക്കുകയാണ്. ധനമന്ത്രി യായിരുന്ന താങ്കള്‍ മുഖ്യമന്ത്രി കരുണാകരനെതിരെയുള്ള ആരോപണങ്ങള്‍ ആസ്വദിക്കുന്ന മട്ടില്‍ ഒരക്ഷരം മിണ്ടാതെ സഭയിലിരിക്കുകയായിരുന്നു. താങ്കള്‍ മാത്രമല്ല എ ഗ്രൂപ്പ് കാരായ എം.എല്‍.എ.മാര്‍ മുഴുവനും ഇതാണ് ചെയ്തത്. ആ ദിവസങ്ങളിലെ സഭാ നടപടികള്‍ ഞാന്‍ പരിശോധിച്ചു. താങ്കളുടെയും താങ്കളുടെ ഗ്രൂപ്പ്കാരുടെയും മൗനം വാചാലമായി സഭയില്‍ നിറഞ്ഞ് നില്‍ക്കുന്നത് ആ രേഖകളില്‍ കാണാം. എന്നിട്ടും താങ്കള്‍ എന്തിന് ഇങ്ങനെ പച്ചകള്ളങ്ങള്‍ തട്ടിവിടുന്നു?
ചാര കേസില്‍ മുഖ്യമന്ത്രി കരുണാകരനെ പുറത്താക്കുന്നതിനായി താനൊരു പങ്കും വഹിച്ചിട്ടില്ലെന്നും അങ്ങനെ തെളിയിക്കുന്ന എന്തെങ്കിലും രേഖകള്‍ ഉണ്ടോയെന്ന് അങ്ങ് വെല്ല് വിളിക്കുകയും ചെയ്തു. അടുത്ത ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാര കേസില്‍ വിശ്വാസ്യത നഷ്ടപ്പെട്ട കരുണാകരന്‍ രാജിവയ്ക്കണമെന്ന് അങ്ങ് പരസ്യമായി പറയുന്ന വീഡിയോ റിക്കോര്‍ഡിംഗ് ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. ഇത് കണ്ടിട്ടും രേഖയെവിടെ രേഖയെവിടെ എന്ന് താങ്കള്‍ ആവര്‍ത്തിച്ച് ചോദിച്ച് കൊണ്ടേയിരുന്നു.
താങ്കള്‍ക്കുള്ളത് മറവിരോഗമല്ല. താങ്കളെ ഭരിക്കുന്നത് കേരള ജനതയൊടുള്ള പരമ പുശ്ചമാണ്. അവര്‍ കഴുതകളാണെന്ന് താങ്കള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. താങ്കളുടെ ഈ തട്ടിപ്പ് രാഷ്ട്രീയത്തിനെതിരെയാണ് അതേ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചുട്ട മറുപടി നല്‍കാന്‍ പോകുന്നത്.
ഇനി താങ്കളുടെ ചോദ്യങ്ങളിലേയ്ക്ക് വരാം.
ലാവിലിന്‍ കേസ് ഇക്കാര്യത്തില്‍ എന്റെ നിലപാട് വിചാരണ കോടതിയുടെ വിധി വന്ന അന്ന് തന്നെ ഞാന്‍ വ്യക്തമാക്കിയതാണ്. ആ കോടതി വിധി ഞാന്‍ അംഗീകരിക്കുന്നു. ആ കോടതി വിധിക്കെതിരെ മറ്റൊരു മേല്‍ കോടതി വിധി വരുന്നത് വരെ എന്റെ നിലപാടിലും മാറ്റമില്ല
ആര്‍.ബാലകൃഷ്ണപിള്ള കേസ് ഭരണത്തില്‍ ഇരുന്ന് അഴിമതി നടത്തിയ നിരവധി പേര്‍ക്കെതിരെ ഞാന്‍ നിയമ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ കേസുകളില്‍ ജയിലില്‍ അടയ്ക്കാന്‍ കഴിഞ്ഞത് ആര്‍ ബാലകൃഷ്ണപിള്ളയെയാണ്. ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ അംഗമല്ല. ആ നില തുടരുകയും ചെയ്യും.
ധര്‍മടത്ത് ഞാന്‍ സ. പിണറായി വിജയന് എതിരെ പ്രസംഗിച്ചില്ല എന്നതാണ് താങ്കളുടെ ചോദ്യം. എന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും സീനിയര്‍ നേതാവാണ് സ: പിണറായി വിജയന്‍. അദ്ദേഹത്തിനെതിരെ പ്രസംഗിച്ച് ധര്‍മടത്ത് തോല്പിക്കാന്‍ താങ്കള്‍ വെറെ ആളെ അന്വേഷിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആശയസമരങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണ്. അത് പാര്‍ട്ടി കാര്യം. ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് അത് വലിച്ച് നീട്ടുന്ന സംഘടനാ വിരുദ്ധ സ്വഭാവം ഞങ്ങള്‍ക്കില്ല. ഈ സ്വഭാവം കോണ്‍ഗ്രസ്‌കാര്‍ക്ക് പക്ഷേ കൂടപിറപ്പാണ്.
ടി.പി. ചന്ദ്രശേഖരന്‍ വധം. ഇക്കാര്യത്തിലും എന്റെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവുമില്ല. ആ വധം അങ്ങേയറ്റം അപലപനീയമാണ്. അത് ആര് നടത്തിയാലും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ ആര്‍.എം.പി.യെ ഉപയോഗിച്ച് യു.ഡി.എഫ്. നടത്തുന്ന രാഷ്ട്രീയ കച്ചവടത്തിന് അരുനില്‍ക്കാന്‍ എന്നെ കിട്ടില്ല.
ഏത് അപമാനവും അവഹേളനവും സഹിച്ച് അധികാരത്തില്‍ തുടരും എന്ന് പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് താങ്കള്‍. ലോകത്ത് മറ്റൊരു ഭരണാധികാരിയും ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ച് കാണില്ല. ഇത്തരം ഒരു ഉളുപ്പില്ലായ്മ താങ്കള്‍ക്ക് ഉണ്ടായത് കൊണ്ടാണ് സലീം മോനേയും സരിതാ നായരെയും പോലുള്ളവര്‍ മുഖ്യമന്ത്രിയുടെ ആഫീസിലും ഔദ്യോഗിക വസതിയിലും കയയിയിറങ്ങി നിരങ്ങിയത്.
സസ്‌നേഹം, വി.എസ്.അച്യുതാനന്ദന്‍

LEAVE A REPLY

Please enter your comment!
Please enter your name here