ജില്ലയില്‍ ജലക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കും

Posted on: April 23, 2016 10:35 am | Last updated: April 23, 2016 at 10:35 am
SHARE

മലപ്പുറം: ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി നിര്‍ദേശിച്ചു.
ജലക്ഷാമമുള്ള മേഖലകളില്‍ ടാങ്കര്‍ ലോറികളില്‍ ജല വിതരണം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍ ചെക്ക് ഫോം പൂരിപ്പിച്ച് അതത് വില്ലേജ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തി അപേക്ഷ നല്‍കിയാല്‍ ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണത്തിന് ഉടന്‍ അനുമതി നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഇതിനകം 17 ലധികം പഞ്ചായത്തുകള്‍ക്ക് ജലവിതരണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് പഞ്ചായത്തുകള്‍ക്ക് അപേക്ഷ നല്‍കുന്ന മുറക്ക് അനുമതി നല്‍കും. തനത് ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ വ്യക്തമായ രേഖയോടൊപ്പം അപേക്ഷ നല്‍കിയാല്‍ പ്രത്യേക പരിഗണന നല്‍കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി ലഭ്യമായാല്‍ ശുദ്ധജല വിതരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ അനുവദിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഫണ്ട് ലഭ്യമാകുന്നതോടെ ജലവിതരണം കാര്യക്ഷമാക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ വാട്ടര്‍ അതോറിറ്റി, റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് ജലമെത്തിക്കാന്‍ കഴിയാത്ത മേഖലകളുണ്ടെങ്കില്‍ അവ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍രെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ കരുവാരക്കുണ്ട്, മേലാറ്റൂര്‍ പോലുള്ള പഞ്ചായത്തുകളില്‍ ജലവിതരണത്തിന് മുന്തിയ പരിഗണന നല്‍കും. ആവശ്യമെങ്കില്‍ പാലക്കാട് ജില്ലയില്‍ലെ തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിജ് മറ്റ് ജലവിതരണ പദ്ധതികളെ ബാധിക്കാത്ത വിധം തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. റവന്യൂ, വാട്ടര്‍ അതോറിറ്റി, ജലനിധി, ജലസേചന വകുപ്പ്, ഭൂഗര്‍ഭ ജലസേചന വകുപ്പ്, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here