Connect with us

Kozhikode

ഫറോക്ക് ഇ എസ് ഐ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം തുടങ്ങി

Published

|

Last Updated

ഫറോക്ക്: ഏറെ പരിമിതികള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയിലും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സിന്റെ ഫറോക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനസജ്ജമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് ആശുപത്രിയില്‍ പ്രസവം തുടങ്ങിയത്. ഒരു സുഖപ്രസവവും ഒരു ഓപറേഷനോടുകൂടിയ പ്രസവവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇവിടെ ബ്ലഡ്‌ബേങ്ക് സൗകര്യമില്ലാത്തതിനാല്‍ ഓപറേഷനാവശ്യമായ ബ്ലഡ് അന്നേ ദിവസം രാവിലെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് എത്തിക്കുകയായിരുന്നു. ഇങ്ങനെയെത്തിക്കുന്ന ബ്ലഡ് പാക്കറ്റുകള്‍ താത്കാലികമായി സൂക്ഷിക്കാനുള്ള സൗകര്യം പോലും നിലവിലില്ലാത്തതും പ്രതിസന്ധിയായി നിലനില്‍ക്കുന്നുണ്ട്.
ഇ എസ് ഐ ഗൈനക്ക് വിഭാഗത്തിലെ സീനിയര്‍ ഡോ. റിങ്കു നസീറ, ഡോ. നസീമ, ഡോ. മീനു തുടങ്ങിയവരാണ് ആദ്യ സിസേറിയന്‍ പ്രസവത്തിന് നേതൃത്വം നല്‍കിയത്.
ആശുപത്രിയില്‍ നിരവധി ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ചില ഒ പി വിഭാഗങ്ങളും ഇപ്പോള്‍ പാടെ പ്രവര്‍ത്തനരഹിതമാണ്. വിവിധ വിഭാഗങ്ങളിലായി പത്തിലധികം സ്പഷ്യലിസ്റ്റുകളും പതിനൊന്ന് എം ബി ബി എസ് ഡോക്ടര്‍മാരും ഉള്‍പ്പെടെ 21 തസ്തികകള്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്. ഒരു നഴ്‌സിംഗ് സൂപ്രണ്ട്, ആറ് ഹെഡ്‌നഴ്‌സ്, 18 സ്റ്റാഫ് നഴ്‌സ് എന്നിങ്ങനെയാണ് നിലവിലെ സ്റ്റാഫ് പാറ്റേണ്‍. ഇതില്‍ നിരവധി പേര്‍ അവധിയില്‍ ഉള്ളവരുമുണ്ട്. ഗൈനക്ക് വിഭാഗത്തിനായി ആദ്യം ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഒരു സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാരാണുള്ളത്. ഗര്‍ഭിണികള്‍ക്ക് സ്‌കാനിംഗിനും ലാബ് പരിശോധനകള്‍ക്കും ഇവിടെ സൗകര്യങ്ങളില്ല. ബ്ലഡ് ബേങ്ക്, നവജാത ശിശുക്കളെ പരിചരിക്കാനാവശ്യമായ ഐ സി യു, ഓക്‌സിജന്‍ സംവിധാനങ്ങളും നിലവിലില്ല. ഇതിനെല്ലാം പുറത്തെ സ്വകാര്യ ലാബുകളെയും സ്‌കാനിംഗ് സെന്ററുകളെയും ആശുപത്രികളെയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.

Latest