മാവോയിസ്റ്റ് സാന്നിധ്യം: 39 ബൂത്തുകള്‍ക്ക് കനത്ത സുരക്ഷ

Posted on: April 23, 2016 12:23 am | Last updated: April 25, 2016 at 9:22 am
SHARE

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായേക്കുമെന്ന മുന്‍കരുതലിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 39 ബൂത്തുകള്‍ക്ക് അതീവ സുരക്ഷാസംവിധാനം ഒരുക്കുന്നു. പ്രശ്‌നബാധിത ബൂത്തുകള്‍ക്ക് നല്‍കുന്ന സുരക്ഷക്ക് പുറമെയാണ് ഈ ബൂത്തുകള്‍ക്ക് സുരക്ഷ ഒരുക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യം ജില്ലയില്‍ വളരെയധികം കുറഞ്ഞിട്ടുണ്ടെങ്കിലും മുന്‍കരുതല്‍ എന്ന രീതിയിലാണ് സുരക്ഷ ഒരുക്കുന്നത്. വന പ്രദേശങ്ങളോട് ചേര്‍ന്നുള്ളതും വനാതിര്‍ത്തിയിലുള്ളതുമായ ബൂത്തുകളാണ് ക്യാമറയുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനം ഒരുക്കുന്നത്.
മാനന്തവാടി നിയോജകമണ്ഡത്തില്‍ തിരുനെല്ലി 12, വെള്ളമുണ്ട ആറ്, തലപ്പുഴ ഒന്ന് എന്നിങ്ങനെ 19 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 12 ബൂത്തുകളും കല്‍പ്പറ്റയില്‍ എട്ട് ബൂത്തുകളുമാണ് മാവോയിസ്റ്റ് ഭീഷണി ഉണ്ടായേക്കാമെന്ന് കണ്ടെത്തിയത്. മാനന്തവാടി മണ്ഡലത്തില്‍ തൃശ്ലിലേരി, കുഞ്ഞോം, കോറോം,തിരനെല്ലി എന്നിവിടങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള ബൂത്തുകളുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് തിരുനെല്ലിയില്‍ മാവോയിസ്റ്റ് സംഘമെത്തി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പോസ്റ്റര്‍ പതിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സുരക്ഷയുടെ ഭാഗമായി സെന്റര്‍ റിസര്‍വ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ഓരോ ബറ്റാലിയനുകള്‍ ബത്തേരിയിലും മാനന്തവാടിയിലും മെയ് ആദ്യ വാരത്തില്‍ എത്തിച്ചേരും. കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ ഒരു ഡി വൈ എസ് പിക്കും, മാനന്തവാടിയില്‍ അധികമായി നിയോഗിക്കുന്ന സി ഐക്കും പ്രത്യേക ചുമതല നല്‍കും.