Connect with us

Ongoing News

പേരിനൊപ്പം സ്ഥാനാര്‍ഥിയുടെ ചിത്രവും; ചിഹ്നത്തിനുള്ള പ്രസക്തി കുറയുന്നില്ല

Published

|

Last Updated

തിരുവനന്തപുരം: പേരിനൊപ്പം സ്ഥാനാര്‍ഥിയുടെ ചിത്രവും ഇത്തവണ വോട്ടിംഗ് യന്ത്രത്തില്‍ പതിക്കുമെങ്കിലും ചിഹ്നത്തിനുള്ള പ്രസക്തി കുറയുന്നില്ല. എണ്ണത്തില്‍ കുറവ് വന്നിരിക്കാമെങ്കിലും ചിഹ്നം നോക്കി വോട്ട്‌ചെയ്യുന്ന ഏറെ പേര്‍ ഇന്നുമുണ്ട്. അക്ഷരാഭ്യാസം ഇല്ലാത്ത വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനഘടകവും ചിഹ്നം തന്നെ. പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ അപരന്മാരെ ഇറക്കുന്നവര്‍ യതാര്‍ഥ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തോട് സാദൃശ്യമുള്ള ചിഹ്നം സംഘടിപ്പിക്കുന്നത് ഇത് കൊണ്ടാണ്. ചിഹ്നം ചതിച്ചത് കൊണ്ട് മാത്രം പരാജയപ്പെട്ടവരുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കാണ് കൂടുതല്‍ തലവേദന. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞാല്‍ മാത്രമെ ചിഹ്നം ലഭിക്കൂ. അതിന് ശേഷം തിരഞ്ഞെടുപ്പ് വരെയുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ വോട്ടര്‍മാരിലേക്ക് ചിഹ്നമെത്തിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വരും.
കോണ്‍ഗ്രസും സി പി എ, സി പി ഐ, എന്‍ സി പി, ബി ജെ പി എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ അംഗീകാരമുള്ളത്. ജനതാദള്‍ (എസ്), കേരളാകോണ്‍ഗ്രസ് എം, മുസ്‌ലിംലീഗ്, ആര്‍ എസ് പി എന്നീ കക്ഷികള്‍ക്ക് സംസ്ഥാന പാര്‍ട്ടികള്‍ എന്ന നിലയില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം നിലവിലുള്ള ചിഹ്നം തന്നെ ലഭിക്കും. കൈപ്പത്തി കോണ്‍ഗ്രസിനും ചുറ്റിക അരിവാള്‍ നക്ഷത്രം സി പി എമ്മിനും നെല്‍ക്കതിര്‍ അരിവാള്‍ സി പി ഐക്കും എന്‍ സി പിക്ക് ക്ലോക്കും. നെല്‍ക്കറ്റയേന്തിയ കര്‍ഷക സ്ത്രീയാണ് ജനതാദള്‍ എസിന്, കേരളാകോണ്‍ഗ്രസ് എമ്മിന് രണ്ടിലയും മുസ്‌ലിം ലീഗിന് കോണിയും ആര്‍ എസ് പിക്ക് മണ്‍വെട്ടിയും മണ്‍കോരിയുമാണ് ചിഹ്നം.
മറ്റു സംസ്ഥാനങ്ങളില്‍ അംഗീകാരമുള്ള പാര്‍ട്ടികള്‍ക്ക് അവരുടെ ചിഹ്നത്തില്‍ തന്നെ ഇവിടെയും മത്സരിക്കാം. കേരളത്തിലെ മറ്റു പാര്‍ട്ടികളുടെ ചിഹ്നം ഇതായിരിക്കരുതെന്ന് മാത്രം. ബീഹാര്‍ സംസ്ഥാന പാര്‍ട്ടിയായ ജെ ഡി യുവിന്റെ ചിഹ്നം അമ്പ് ആണ്. കേരളത്തിലെ ജെ ഡി യുവിനും ഈ ചിഹ്നത്തില്‍ തന്നെ മത്സരിക്കാം. എന്നാല്‍, തമിഴ്‌നാട്ടില്‍ ജയലളിതയുടെ എ ഐ എ ഡി എം കെയുടെ ചിഹ്നമാണ് രണ്ടില. കേരളത്തില്‍ ഇത് കേരളാകോണ്‍ഗ്രസിന്റേതായതിനാല്‍ എ ഐ എ ഡി എം കെ ഇവിടെ മത്സരിക്കുന്ന എട്ട് സീറ്റുകളില്‍ വേറെ ചിഹ്നം കണ്ടത്തേണ്ടി വരും. തൊപ്പിയാണ് അവര്‍ ചിഹ്നമായി ആവശ്യപ്പെട്ടത്.
കേരളാകോണ്‍ഗ്രസ് ജേക്കബ്, കോണ്‍ഗ്രസ് എസ്, കേരളാകോണ്‍ഗ്രസ് ബി, സി എം പി തുടങ്ങിയ കക്ഷികള്‍ അണ്‍റെക്കഗനൈസ്ഡ് പാര്‍ട്ടിയെന്ന നിലയില്‍ അംഗീകാരമുണ്ടെങ്കിലും ഇവര്‍ക്ക് പ്രത്യേകം ചിഹ്നമില്ല. സ്വതന്ത്രര്‍ക്കായി നീക്കിവെച്ച ചിഹ്നത്തില്‍ നിന്ന് ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരും. മുന്‍തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ മത്സരിച്ച ചിഹ്നം തന്നെ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഓരോ മണ്ഡലത്തിലെയും വരണാധികാരിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ആര്‍ എസ് ബി ബേബിജോണ്‍ വിഭാഗം യതാര്‍ഥ ആര്‍ എസ് പിയില്‍ ലയിച്ചെങ്കിലും ആര്‍ എസ് പി (ബി) ഇപ്പോഴും അണ്‍റെക്കഗണൈസ്ഡ് പാര്‍ട്ടികളുടെ ലിസ്റ്റിലുണ്ട്. ബി ജെ പിയില്‍ തിരിച്ചെത്തിയ രാമന്‍പിള്ളയുടെ ജനപക്ഷത്തിന്റെ സ്ഥിതിയും ഇത് തന്നെ. വെല്‍ഫയര്‍പാര്‍ട്ടി, എസ് ഡി പി ഐ, ശിവസേന തുടങ്ങിയ കക്ഷികള്‍ക്കെല്ലാം മുന്‍തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ചിഹ്നം ആവശ്യപ്പെട്ടാല്‍ മുന്‍ഗണന ലഭിക്കും.
സ്വതന്ത്രസ്ഥാനാര്‍ഥികളുടെ സ്ഥിതിയും ഇത് തന്നെ. 108 ചിഹ്നങ്ങളാണ് സ്വതന്ത്രര്‍ക്ക് തിരഞ്ഞെടുക്കാന്‍ കമ്മീഷന്‍ നല്‍കിയത്. നാമനിര്‍ദേശ പത്രികക്ക് ഒപ്പം ഇവര്‍ക്ക് തങ്ങള്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ചിഹ്നം ആവശ്യപ്പെടാം. ഒരേ ചിഹ്നം കൂടുതല്‍ പേര്‍ ആവശ്യപ്പെട്ടാല്‍ മുന്‍തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കായിരിക്കും മുന്‍ഗണന. അലമാര, കപ്പുംസോസറും, എയര്‍കണ്ടീഷണര്‍, ഓട്ടോറിക്ഷ, ബലൂണ്‍, ക്രിക്കറ്റ് ബാറ്റ്, വള, പഴംനിറച്ച കുട്ട, ബാറ്റ്‌സ്മാന്‍, ടോര്‍ച്ച്, മാല, ബെല്‍റ്റ്, ബൈനോകുലര്‍, ബിസ്‌ക്കറ്റ്, ബ്ലാക്ക്‌ബോര്‍ഡ്. തോണിയും തോണിക്കാരനും, ബോട്ടില്‍, പെട്ടി, ബ്രീഫ്‌കേസ്, ബ്രഡ്, ബ്രഷ്, ബക്കറ്റ്, കേക്ക്, കാല്‍ക്കുലേറ്റര്‍, ക്യാമറ, കേന്‍, മെഴുകുതിരി, കാര്‍പറ്റ്, കാരംബോര്‍ഡ്, കോളിഫഌവര്‍, ചക്ക്, ചപ്പാത്തിറോളര്‍, ചെരുപ്പ്, ചെസ്‌ബോര്‍ഡ്, ക്ലിപ്പ്, കോട്ട്, തേങ്ങ, കളര്‍ട്രെ, ക്യൂബ്,, കട്ടിംഗ്‌പ്ലൈയര്‍, ഡയമണ്ട്, ഡീസല്‍പമ്പ്, ഡിഷ്ആന്റിന, ഡോളി, ഡോര്‍ബെല്‍, തെരുവ് വിളക്ക്, കവര്‍, ഫഌട്ട്, ഫ്രോക്ക്, ഫ്രൈയിംഗ്പാന്‍, ഫണല്‍, ഗ്യാസ്‌സിലിണ്ടര്‍, ഗ്യാസ് സ്റ്റൗ, ഗ്ലാസ്, മുന്തിരി, മുളക്, ഹാര്‍മോണിയം, തൊപ്പി, ഹെല്‍മറ്റ്, ഹോക്കിസ്റ്റിക് ആന്‍ഡ് ബാള്‍, ഐസ്‌ക്രീം, അയണ്‍ബോക്‌സ്, വെണ്ടക്ക, ലെറ്റര്‍ബോക്‌സ്, മിക്‌സി, നൈല്‍കട്ടര്‍, ടൈ, പയര്‍, പെന്‍നിബ്, പെന്‍സ്റ്റാന്‍ഡ്, പെന്‍സില്‍കട്ടര്‍, പില്ലോ, ഭക്ഷണം നിറച്ച പ്ലേറ്റ്, പ്ലേറ്റ് സ്റ്റാന്‍ഡ്, കുടം, പ്രഷര്‍കുക്കര്‍, ഷേവിംഗ്‌സെറ്റ്, ഫ്രിഡ്ജ്, മോതിരം, സേഫ്റ്റിപിന്‍, വാള്‍, സ്‌കൂള്‍ബാഗ്, കത്രിക, തയ്യല്‍മെഷീന്‍, ഷൂ, സ്‌ളേറ്റ്, ഊഞ്ഞാല്‍, സ്റ്റൂള്‍, സിറിഞ്ച്, ടാബിള്‍, അരിപ്പ, ടെലിഫോണ്‍, ടെലിവിഷന്‍, ടെന്നീസ്‌റാക്കറ്റ് ആന്‍ഡ് ബാള്‍, ടെന്‍ഡ്, ട്രംപ്, വയലിന്‍, ഊന്നുവടി, തണ്ണിമത്തന്‍, വിസില്‍ തുടങ്ങിയവയാണ് കമ്മീഷന്‍ അംഗീകരിച്ച ചിഹ്നങ്ങള്‍.

Latest