Connect with us

Kerala

മെഡി., എന്‍ജി. പ്രവേശന പരീക്ഷകള്‍ 25 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഈ മാസം 25 മുതല്‍ 28വരെ നടക്കും. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലുമായി ആകെ 351 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. എന്‍ജിനീയറിംഗ് പരീക്ഷ 25, 26 തീയതികളിലും മെഡിക്കല്‍ പ്രവേശന പരീക്ഷ 27, 28 തീയതികളിലും നടക്കും. ആകെ 1,65,861 അപേക്ഷകര്‍ ഉള്ളതില്‍ 1,23, 914 പേര്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയും 1,26,186 പേര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയും എഴുതുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
2016-17 അധ്യയന വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനം, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയിലെ സ്‌കോറിനും യോഗ്യതാ പരീക്ഷയില്‍ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കിനും തുല്യപ്രാധാന്യം നല്‍കി തയ്യാറാക്കുന്ന എന്‍ജിനീയറിംഗ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും. എം ബി ബി എസ്, ബി ഡി എസ് ഉള്‍പ്പെടെ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലുമായിരിക്കും.
പരീക്ഷാ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ രാവിലെ 9.30ന് മുമ്പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണം.
പ്രവേശന പരീക്ഷാ കമ്മീഷണര്‍ നല്‍കിയിട്ടുള്ള അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ട് ഹാജരാക്കുന്നത് വിദ്യാര്‍ഥികളെ തിരിച്ചറിയുന്നതിന് സഹായകമാകുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡില്ലാത്തവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ല. പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികളും ഇന്‍വിജിലേറ്റര്‍മാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
നീല, കറുപ്പ്, മഷിയുള്ള ബോള്‍ പോയിന്റെ പേന ഒഴികെ മറ്റ് വസ്തുക്കള്‍ വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ കൊണ്ടുപോകുന്നത് പരീക്ഷാ ക്രമക്കേടായി കണക്കാക്കും.

Latest