മുത്വലാഖ്: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന് നോട്ടീസ്

Posted on: April 23, 2016 6:00 am | Last updated: April 22, 2016 at 11:33 pm
SHARE

ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന് സുപ്രീം കോടതി നോട്ടീസ്. ആറ് ആഴ്ചക്കകം ഇത് സംബന്ധിച്ച് മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതി നോട്ടീസ് നല്‍കിയത്. ഭര്‍ത്താവില്‍ നിന്ന് മോചനം വേണമെന്നും മുത്വലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ഷായരാ ബാനു എന്ന ഉത്തരാഖണ്ഡ് സ്വദേശിനി സുപ്രീംകോടതിയെ സമീപിച്ച കേസിലാണ് നോട്ടീസ് അയച്ചത്. മുത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചാണ് കഴിഞ്ഞ ഒക്‌ടോബറില്‍ ഷായരാ ബാനു സുപ്രീം കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച സുപ്രീം കോടതി ആറ് ആഴ്ചക്കുള്ളില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന് നിര്‍ദേശം നല്‍കി. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് താന്‍ ത്വലാഖിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് അപ്പീല്‍ നല്‍കിയ ഷായരാ ബാനു പറയുന്നു. ആറ് തവണയാണ് ഭര്‍ത്താവ് തന്നെ ഗര്‍ഭച്ഛിദ്രം നടത്തിച്ചതെന്നും ഒടുവില്‍ ഒരു വെള്ളക്കടലാസില്‍ മൂന്ന് തവണ ത്വലാഖ് എന്നെഴുതി നല്‍കി ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും ഷായരാ ബാനു വെളിപ്പെടുത്തിയിരുന്നു.
അതേസമയം, മുസ്‌ലിം വ്യക്തിനിയമത്തിന്മേലുള്ള ഒരു കടന്നു കയറ്റവും അനുവദിക്കേണ്ടതില്ലെന്നാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനം. ഷായരാ ബാനുവിന്റെ ഹരജിക്കെതിരെ വ്യക്തിനിയമ ബോര്‍ഡും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു.