Connect with us

Articles

തലൂക്കര ഒരു പ്രതീകമാണ്

Published

|

Last Updated

ഇടതുപക്ഷത്തിനും ജനാധിപത്യ ശക്തികള്‍ക്കും മേല്‍ക്കോയ്മ ഉണ്ടെന്നു കരുതപ്പെടുന്ന, സമ്പൂര്‍ണ സാക്ഷരത ഒരിക്കല്‍ പൂര്‍ത്തീകരിച്ച കേരളം; സമകാലിക ഇന്ത്യയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കടന്നാക്രമണത്തെ എപ്രകാരമാണ് പ്രതീകാത്മകമായും കൂട്ടായും ഉള്ളുറപ്പോടെയും അഹിംസാത്മകമായും ചെറുക്കാന്‍ പോകുന്നത് എന്നതിന്റെ കൃത്യമായ തെളിവാണ് മലപ്പുറം ജില്ലയിലെ തലൂക്കരയില്‍ നടന്നത്. തലൂക്കരയില്‍ നടന്നത് എന്നു പറയുമ്പോള്‍; തലൂക്കരയെ മുന്‍നിര്‍ത്തി കേരളമാകെയും മലയാളികള്‍ താമസിക്കുന്ന ഗള്‍ഫിലുമായി നടന്ന പുസ്തകസമാഹരണവും അത് വണ്ടിയിലും പിന്നെ കാല്‍നടജാഥയായും പൊതു ചടങ്ങു വെച്ചും എ കെ ജി ലൈബ്രറി ഭാരവാഹികള്‍ക്ക് കൈമാറിയതുമായ ഉജ്വലമായ പ്രവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നത്.
എന്താണിവിടെ സംഭവിച്ചത്? പ്രതിലോമ സിനിമകളുടെ തമ്പുരാന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന രഞ്ജിത്ത് തിരക്കഥയെഴുതിയ ആറാം തമ്പുരാനില്‍ ഒരു പരാമര്‍ശമുണ്ട്. മലപ്പുറത്തിഷ്ടം പോലെ ബോംബു കിട്ടുമല്ലോ. അതായത്, മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം, മുസ്‌ലിം ഭീകരവാദികളുടെ ബോംബു നിര്‍മാണത്തിന്റെയും ബോംബിടലിന്റെയും കേന്ദ്രമാണെന്നാണ് സൂചിപ്പിക്കപ്പെട്ടത്. സത്യന്‍ അന്തിക്കാടിന്റെ വിനോദയാത്രയിലും ഇതിന് സമാനമായ പരാമര്‍ശമുണ്ട്. മലപ്പുറം ജില്ലയില്‍ “തൊപ്പിയണിഞ്ഞവര്‍” നടത്തിയ വര്‍ഗീയാക്രമണത്തില്‍ പരിക്കു പറ്റിയ പോലീസുകാരന്‍ എന്നതാണ് സഹതാപ തരംഗത്തിന്റെ രാഷ്ട്രീയ അടിക്കെട്ട്. ഈ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളാണ് തവനൂരും തിരൂരും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരിടത്ത് വലതുപക്ഷവും അടുത്തിടത്ത് ഇടതുപക്ഷവും ജയിച്ചു. എല്ലാം നടക്കുമെന്നര്‍ഥം. ഈ രണ്ട് മണ്ഡലങ്ങളുടെ അതിര്‍ത്തിയിലാണ് തലൂക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ നടന്ന സംഭവങ്ങളുണ്ടായില്ലെങ്കില്‍ അച്ചടി മാധ്യമങ്ങളിലും ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു ചെറുഗ്രാമമാണിത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല സ്വാധീനമുള്ള തലൂക്കരയില്‍ കേരളത്തിലെ പാവപ്പെട്ടവരുടെ പടത്തലവന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന എ കെ ജിയുടെ പേരില്‍ ഒരു ചെറിയ ഗ്രന്ഥശാല സ്ഥാപിക്കപ്പെട്ടു. തിരൂരിലെ സെന്‍ട്രല്‍, ചിത്രസാഗര്‍, ഖയാം, അനുഗ്രഹ – ഏതോ തിയേറ്ററില്‍ വാരങ്ങളോടിയ ആറാം തമ്പുരാന്‍ കണ്ടവരാരും; ബോംബിഷ്ടം പോലെ കിട്ടുന്ന മലപ്പുറമായി തലൂക്കരയെ തിരിച്ചറിയാത്തതിനാല്‍ ബോംബോ വെടിക്കെട്ടോ ഉപഭോഗം ചെയ്യാന്‍ അവിടേക്ക് പോയിട്ടുണ്ടാകില്ല. 1974ലെ ചെറിയ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഒരു സംഗീത പരിപാടിയില്‍ നിന്നാരംഭിച്ച കലാവേദിക്ക് എ കെ ജിയുടെ മരണത്തെ തുടര്‍ന്ന് എ കെ ജി കലാവേദി എന്ന് പേരിടുകയും യുവാക്കളുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുകയുമായിരുന്നു. പാര്‍ട്ടി കമ്മിറ്റി കൂടുമ്പോള്‍, കൊഴിയുന്ന വാര്‍ത്തകള്‍ പെറുക്കാന്‍ തിരുവനന്തപുരത്തെ എ കെ ജി സെന്ററിനു മുന്നില്‍ വെയിലും കൊണ്ട് കാത്തിരിക്കുന്ന, ക്യാമറാമാനായ എന്നോടൊപ്പം ഞാന്‍ എന്ന തരത്തിലുള്ള ഗീര്‍വാണങ്ങളൊന്നും മുഴങ്ങിക്കേള്‍ക്കാത്ത കലാവേദിക്കും ഗ്രാമീണ ഗ്രന്ഥശാലക്കും എ കെ ജി എന്നു പേരുണ്ടെന്ന് കേരളവും ഇന്ത്യയും തിരിച്ചറിഞ്ഞ സംഭവങ്ങളാണ് പക്ഷെ ഇപ്പോഴവിടെ നടന്നത്.
കെ ടി മുഹമ്മദിന്റെ നാടകങ്ങള്‍, നിലമ്പൂര്‍ ആഇശയടക്കം പങ്കെടുത്ത അവതരണങ്ങള്‍, പൂഴിക്കുന്ന പ്ലൈവുഡ് കമ്പനിയില്‍ അടിയന്തിരാവസ്ഥക്കാലത്തു നടന്ന തൊഴില്‍ സമരം, നാട്ടിലെ ഗായകരും മറ്റും പങ്കെടുത്ത മെഹ്ഫിലുകള്‍ എല്ലാം നടന്നു പോന്ന കലാവേദിക്ക് കെട്ടിടം പണിതപ്പോള്‍ അതു തന്നെയാണ് എ കെ ജി ലൈബ്രറിയായി മാറിയത്. അയ്യായിരത്തോളം പുസ്തകങ്ങള്‍ മാത്രം സമ്പാദ്യമായുള്ള ഒരു ചെറിയ ഗ്രാമീണ ഗ്രന്ഥശാല. ലൈബ്രറി കൗണ്‍സിലിന്റെ കണക്കു പ്രകാരം സി ഗ്രേഡോ അതിനും താഴെയോ ഉള്ള ഒരു ചെറു ലൈബ്രറി. ആ ലൈബ്രറിയുടെ കെട്ടിടവും അവിടത്തെ തബല, ഹാര്‍മോണിയം അടക്കമുള്ള സംഗീതോപകരണങ്ങളും പിന്നെ തൊണ്ണൂറു ശതമാനം പുസ്തകങ്ങളും 2016 മാര്‍ച്ച് 22ന് ഫാസിസ്റ്റ് അക്രമി സംഘം തീവെച്ച് നശിപ്പിച്ചു. നേരിയ സംഘര്‍ഷ സാധ്യത ഉണ്ടായിരുന്ന ആ പ്രദേശത്ത് ലൈബ്രറിക്ക് പ്രവര്‍ത്തകര്‍ കാവല്‍ നിന്നിരുന്നു. നിങ്ങളുറങ്ങിക്കോളൂ, ഞങ്ങള്‍ നോക്കിക്കോളാം എന്ന പോലീസിന്റെ ഉറപ്പിലാണ് അന്ന് പ്രവര്‍ത്തകര്‍ വീടുകളിലേക്ക് ഉറങ്ങാന്‍ പോയത്. പോലീസ് അവിടെ നിന്ന് മാറിയ തക്കത്തിന് അക്രമി സംഘം മുന്‍വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്ന് പെട്രോള്‍ ഒഴിച്ച് തീ ആളിപ്പടര്‍ത്തി. കറുത്തു കരുവാളിച്ച ചുമരല്ലാതെ ഇനിയൊന്നും അവിടെ ബാക്കിയില്ല.
തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത ജനാധിപത്യ മുന്നേറ്റ ചരിത്രത്തെയും അതിന്റെ ഓര്‍മകളെയും ഭയക്കുന്ന ഫാസിസ്റ്റുകളുടെ കൃത്യമായ അജന്‍ഡ തന്നെയാണ് നടപ്പിലാക്കപ്പെട്ടത്. പുസ്തകം കത്തിയമരുമ്പോള്‍ നിഷ്‌ക്കാസനം ചെയ്യപ്പെടുന്നത് ചരിത്രം തന്നെയാണ്. പഴയ ചരിത്രത്തെ തുടച്ചുനീക്കാനുള്ള ഫാസിസ്റ്റുകളുടെ പരിശ്രമത്തെ തിരിച്ചറിഞ്ഞ ജനാധിപത്യ പോരാളികള്‍, തലൂക്കരയില്‍ പുതിയ ഒരു ചരിത്രമെഴുതിച്ചേര്‍ത്തു എന്നതാണ് ആവേശകരമായ വര്‍ത്തമാന കാല യാഥാര്‍ഥ്യം.
ലൈബ്രറി കത്തിച്ച വിവരമറിഞ്ഞ്, ജില്ലയിലും പുറത്തുമുള്ള പല വേദികളിലും പുസ്തകങ്ങള്‍ തലൂക്കരയിലേക്ക് സംഭാവനയായെത്തിക്കുന്ന പരസ്യ ചടങ്ങുകളും സ്വകാര്യ ചടങ്ങുകളുമുണ്ടായി. പെരിന്തല്‍മണ്ണയില്‍, ഫസല്‍ റഹ്മാന്റെ “കഥ കൊണ്ട് നേരിട്ട യുദ്ധങ്ങള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ച് കുറെയധികം പുസ്തകങ്ങള്‍ ലൈബ്രറി ഭാരവാഹിയായ കെ ടി മുസ്തഫയെ ഏല്‍പ്പിക്കുകയുണ്ടായി. അത്തരം പല പരിപാടികളും തുടര്‍ന്നു കൊണ്ടേ ഇരുന്നു. സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയടക്കം നിരവധി പേര്‍ തലൂക്കരയില്‍ നേരിട്ടെത്തി പുസ്തകങ്ങള്‍ കൊടുക്കുകയുണ്ടായി. എന്നാല്‍, ഫേസ്ബുക്കിലൂടെ ലൈബ്രറി പുനരുദ്ധാരണവും പുസ്തക സമാഹരണവും ലക്ഷ്യമിട്ടുള്ള ക്യാമ്പയിന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വന്‍ തോതില്‍ പുരോഗമിച്ചു. മാര്‍ച്ച് 24ന് പ്രവാസിയായ റിയാദ് എം ആര്‍, രാവണന്‍ കണ്ണൂരിന്(ശ്രീരാജ് നടുവത്ത്) അയച്ച ചാറ്റ് മെസേജില്‍ നിന്നാണ് ബുക്ക് കളക്ഷന്‍ എന്ന ഗ്രൂപ്പ് പേജിന്റെ ആരംഭവും തുടര്‍ പ്രവര്‍ത്തനങ്ങളും ആരംഭിച്ചത്. ആയിരത്തിലധികം പേര്‍ അംഗങ്ങളായുള്ള ഈ ഗ്രൂപ്പില്‍ ഫോട്ടോകളും നിര്‍ദേശങ്ങളും വാര്‍ത്തകളും നിറഞ്ഞു. സീതാറാം യെച്ചൂരി, പിണറായി വിജയന്‍, ഡോ. തോമസ് ഐസക്ക്, എം എ ബേബി, എം ബി രാജേഷ്, സുഭാഷ് ചന്ദ്രന്‍, സുസ്‌മേഷ് ചന്ദ്രോത്ത്, അശോകന്‍ ചെരുവില്‍, ബെന്യാമിന്‍, അമല്‍ നീരദ്, ആഷിക് അബു, പി കെ പോക്കര്‍, സുനില്‍ പി ഇളയിടം, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഷിബു മുഹമ്മദ്, സനീഷ് ഇളയിടത്ത്, ഹര്‍ഷന്‍, എം വി നികേഷ് കുമാര്‍, കടകമ്പള്ളി സുരേന്ദ്രന്‍, സുബൈദാ ഇസ്ഹാഖ്, സെബാസ്റ്റ്യന്‍ പോള്‍, പി എം മനോജ്, സി കെ ശശീന്ദ്രന്‍, എന്‍ പി ജോണ്‍സണ്‍, ദീപാ നിശാന്ത്, വി എം ദേവദാസ്, മുരളി തുമ്മാരുകുടി എന്നിവരൊക്കെ പുസ്തകങ്ങള്‍ സംഭാവന ചെയ്തവരും ഈ പ്രചാരണത്തിന് പിന്തുണ നല്‍കിയവരുമായ പ്രമുഖരാണ്. അതുല്യ, മനോജ് കുവൈത്ത്, വിനോദ് വിദ്യ, വേലായുധന്‍, മുരളി വെട്ടത്ത്, നജ്മ ജോസ്, അനൂപ്, എ പി ശ്രീകല, സവാദ് തണ്ടന്‍ കൊല്ലി, റിബിന്‍ ഷഹാന കരീം എന്നിവരും പേരു പറയാത്തവരുമായ അനവധി സാമൂഹിക മാധ്യമ ആക്ടിവിസ്റ്റുകളും കാര്യമായി പ്രവര്‍ത്തിച്ചു. വെങ്കിടേഷ് രാമകൃഷ്ണന്‍, ഷമ്മി പ്രഭാകര്‍, അനുപമ വെങ്കിടേഷ്, സുനിത, അപര്‍ണ കുറുപ്പ്, സിന്ധു സൂര്യകുമാര്‍, സുജിത് ചന്ദ്രന്‍, ഭവിത എ പി, അനുപമ, കെ കെ ഷാഹിന, രാജീവ് രാമചന്ദ്രന്‍, ശ്രീജിത് ദിവാകരന്‍ എന്നീ മാധ്യമ പ്രവര്‍ത്തകരും അകമഴിഞ്ഞ പിന്തുണയാണ് ഈ സംരംഭത്തിന് നല്‍കിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും പത്രങ്ങളും ചിലപ്പോള്‍ പ്രാധാന്യത്തോടെയും ചിലപ്പോള്‍ അപ്രധാനമായും വാര്‍ത്തകള്‍ നല്‍കിക്കൊണ്ടേ ഇരുന്നു. കോര്‍ ഗ്രൂപ്പായി പ്രവര്‍ത്തിച്ചത്; രാവണന്‍ കണ്ണൂര്‍, അനില്‍ ബേപ്പു, മിനേഷ് രാമനുണ്ണി, മന്‍സൂര്‍ പാറമല്‍, കാട്ടു കടന്നല്‍ എന്നിവരായിരുന്നു. ജൂലിയസ്, ഹെയ്ദി, ആര്‍ഷോ, സല്‍മാന്‍, നോയല്‍, ആശിഷ് പി രാജ്, പ്രവീണ്‍, ഷിബിന്‍, ലിജിത് പയ്യന്നൂര്‍, കബീര്‍, ചിന്ത ടി കെ, ധന്യ, നിഖില്‍, ഫൈസല്‍, രാജലക്ഷ്മി എന്നിവര്‍ നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങി. സന്ദീപ് ബാലസുധ, സന്ദീപ് ബസു, അനിരുദ്ധന്‍ എന്നിവര്‍ ബെംഗളൂരു കേന്ദ്രീകരിച്ചും പ്രവര്‍ത്തിച്ചു. ഗള്‍ഫില്‍ നിന്നും ജെ എന്‍യു, ഹൈദരാബാദ് എന്നീ സര്‍വകലാശാലകളില്‍ നിന്നും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ സംഭാവനയായെത്തി.
ഇനിയാണ് ആവേശകരമായ പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടം. കേരളത്തിലെ വിവിധ ഇടങ്ങളിലായി ശേഖരിക്കപ്പെട്ട പുസ്തകങ്ങള്‍ തലൂക്കരയിലെത്തിക്കാനായി ഒരു പുസ്തകവണ്ടി തന്നെ യാത്ര തുടങ്ങി. ഏപ്രില്‍ 15ന് രാവിലെ 11ന്് കോഴിക്കോട്ടു നിന്നാരംഭിച്ച യാത്രക്ക് അന്ന് വൈകീട്ട് 6 ന്് ആലപ്പുഴയില്‍ വെച്ച് ഡോ. തോമസ് ഐസക്ക് ഫഌഗ് ഓഫ് ചെയ്തു. അദ്ദേഹം 107 പുസ്തകങ്ങള്‍ നല്‍കിക്കൊണ്ടാണ് ഈ ചടങ്ങ് നിര്‍വഹിച്ചത്. അന്നു രാത്രി തിരുവനന്തപുരത്തെത്തിയ വണ്ടി പിറ്റേന്ന് കാലത്ത് ചിന്ത പബ്ലിഷേഴ്‌സിലെത്തി സി പി അബൂബക്കറില്‍ നിന്ന് കുറെയധികം പുസ്തകങ്ങള്‍ ശേഖരിച്ചു. കെ ജി ഒ എ സംസ്ഥാനകമ്മിറ്റി അംഗം കെ സരസ്വതി, ഇ എം രാധ എന്നിവര്‍ കൂടി സംഭാവന ചെയ്തതും സഹായിച്ചതുമായ പുസ്തകങ്ങളാണ് ഇവിടെ നിന്ന് കയറ്റിയത്. എ കെ ജി സെന്ററില്‍ വെച്ച് ഡോ. വി ശിവദാസന്‍, സെബിന്‍, സുബിന്‍ ഡെന്നീസ്, വിമല്‍ തുടങ്ങിയവര്‍ കുറെ പുസ്തകങ്ങളേല്‍പ്പിച്ചു. ആശിഷുമുണ്ടായിരുന്നു. ഉച്ചഭക്ഷണം ചിന്ത ടി കെ കൊടുത്തു. ചിന്തയുടെ ഗുല്‍മോഹര്‍ എന്ന വീട്ടില്‍ ശേഖരിക്കപ്പെട്ട പുസ്തകങ്ങള്‍ ഈ വണ്ടിയില്‍ കൊള്ളാതായതോടെ, മറ്റൊരു വണ്ടി കൂടി ഏര്‍പ്പാടാക്കി. കൊല്ലത്തെത്തി ആര്‍ട് കഫേയിലും എറണാകുളത്ത് ചങ്ങമ്പുഴ പാര്‍ക്കിലും പുസ്തകശേഖരങ്ങള്‍ കാത്തിരിപ്പുണ്ടായിരുന്നു. എന്‍ മാധവന്‍ കുട്ടിയാണ് അവിടെ സ്വീകരണത്തിന് നേതൃത്വം കൊടുത്തത്. കൊടുങ്ങല്ലൂരെത്തിയപ്പോഴേക്കും വണ്ടിയുടെ എണ്ണം നാലായി ഉയര്‍ന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് യാത്രയാരംഭിച്ച രണ്ട് വാഹനങ്ങള്‍ തിരൂരില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മറ്റൊരു വാഹനവുമെത്തി. ആകെ എട്ടു വാഹനങ്ങള്‍ നിറയെ പുസ്തകങ്ങളുമായി എല്ലാവരും തലൂക്കരയിലേക്ക്.
അക്രമ രാഷ്ട്രീയത്തിനെതിരെ ഐക്യസന്ദേശവുമായി ഗ്രാമീണര്‍ മുഴുവനും അവിടെ ഒത്തു കൂടിയിരുന്നു. ഉച്ചഭക്ഷണവും സ്വീകരണവുമൊരുക്കിയിരുന്നു. കിരണ്‍ തോമസ്, ജയറാം, രാകേഷ്, രാജേഷ്, ഭാര്യ പ്രിയ എന്നിവരടക്കം കേരളത്തിന്റെ വിവിധ കോണുകളില്‍ നിരവധി ഫാസിസ്റ്റ് വിരുദ്ധര്‍ അവിടെ എത്തിച്ചേര്‍ന്നു. ഹെയ്ദിയുടെ ആസാദി മുദ്രാവാക്യവും ധനീഷിന്റെ പാട്ടുമായി കലാജാഥയായാണ് പുസ്തകങ്ങള്‍ ലൈബ്രറിയിലെത്തിച്ചത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍, ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈന്‍ രണ്ടത്താണി ഫാസിസം എന്തുകൊണ്ട് പുസ്തകത്തെ ഭയക്കുന്നു എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ കെ പി അരവിന്ദാക്ഷന്‍ അടക്കമുള്ളവര്‍ സദസ്സിലുണ്ടായിരുന്നു. പുസ്തക വണ്ടിയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത റഫീഖ് ഇബ്‌റാഹീമിന്റെ ഫേസ്ബുക്ക് എഴുത്താണിവിടെ ഏറെക്കുറെ പകര്‍ത്തിയത്. അദ്ദേഹത്തിന് പ്രത്യേക നന്ദിയും അഭിവാദ്യവും.
ജാതിവെറിയിലും രക്തരൂഷിതമായ അക്രമത്തിലും അധിഷ്ഠിതമായ ഇന്ത്യന്‍ ഫാസിസത്തിനെതിരെ ഫലപ്രദവും സര്‍ഗാത്മകവുമായ പ്രതിരോധമാണ് കൂടുതലും ഇളമുറക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ഉപയോഗിച്ചു കൊണ്ട് തീര്‍ത്തത്. അവരാണ് കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി പ്രതീക്ഷകള്‍. വാഗണ്‍ ട്രാജഡിയും തുഞ്ചന്‍ പറമ്പും മലയാളം സര്‍വകലാശാലയും എല്ലാമുള്ള പ്രശസ്തമായ തിരൂരിന്റെ സാംസ്‌ക്കാരിക ചൈതന്യത്തില്‍ തലൂക്കരയും ഇനിയുള്ള കാലം ജ്വലിച്ചു നില്‍ക്കും.

Latest