മാര്‍ച്ചില്‍ ഖത്വറില്‍ എത്തിയത് റെക്കോര്‍ഡ് സന്ദര്‍ശകര്‍

Posted on: April 22, 2016 10:29 pm | Last updated: April 26, 2016 at 11:42 pm
SHARE

qatarദോഹ: കഴിഞ്ഞ മാസം ഖത്വറില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണം റെക്കോര്‍ഡ് ആണെന്ന് ഖത്വര്‍ ടൂറിസം അതോറിറ്റി. കഴിഞ്ഞ മാസം 305014 പേരാണ് ഖത്വര്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. ഒരു കലന്‍ഡര്‍ മാസത്തില്‍ ഖത്വറിലെത്തുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇതെന്നും അതോറിറ്റിയുടെ 2016 ആദ്യ പാദത്തിലെ ടൂറിസം പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചിച്ച് ഈ വര്‍ഷം ആദ്യപാദത്തിലെ സന്ദര്‍ശകരുടെ എണ്ണം രണ്ട് ശതമാനം കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് വരെ 822626 പേരാണ് എത്തിയത്. അമേരിക്ക, യൂറോപ്പ്, ഓഷ്യാന അടക്കമുള്ള ഏഷ്യന്‍ രാഷ്ട്രങ്ങള്‍ തുടങ്ങിയ ജി സി സി ഇതര രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ കുറഞ്ഞിട്ടുണ്ട്. ജി സി സി പൗരന്‍മാരുടെ വരവ് 11 ഉം അറബിതര ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഏഴും ശതമാനം വര്‍ധിച്ചു. ലെയ്ഷര്‍ വിസിറ്റ് വിസകളില്‍ (ടൂറിസ്റ്റ്, പേഴ്‌സനല്‍ വിസിറ്റ്, ഫാമിലി വിസിറ്റ്, ട്രാന്‍സിസ്റ്റ് വിസകള്‍) വരുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ എണ്ണം ആറ് ശതമാനം വര്‍ധിച്ചു. വിനോദസഞ്ചാരരംഗത്തെ പുത്തന്‍ വാഗ്ദാനങ്ങളാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതെന്ന് ചീഫ് ടൂറിസം ഡെവലപ്‌മെന്റ് ഓഫീസര്‍ ഹസന്‍ അല്‍ ഇബ്‌റാഹീം പറഞ്ഞു.
ജി സി സിയില്‍ സഊദി അറേബ്യന്‍ പൗരന്മാരാണ് കൂടുതല്‍ എത്തിയത്. സഊദികളുടെ വരവ് 16ഉം യു എ ഇക്കാരുടെത് 14ഉം ബഹ്‌റൈനികളുടെത് രണ്ടും ശതമാനം വര്‍ധിച്ചു. സഊദിയില്‍ വസന്തകാല അവധിയായിരുന്ന മാര്‍ച്ച് ഒമ്പതിനും 18നും ഇടയിലാണ് അവിടെനിന്ന് കൂടുതല്‍ പേരെത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏകരാഷ്ട്രം ഖത്വര്‍ ആണെന്ന് യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യു എന്‍ ഡബ്ല്യു ടി ഒ) റിപ്പോര്‍ട്ട്. 2015ല്‍ വാര്‍ഷിക വളര്‍ച്ച 3.7 ശതമാനം ആയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശരാശരി വളര്‍ച്ച 11.5 ശതമാനം ആണ്.
അതേസമയം, സന്ദര്‍ശകരുടെ ഹോട്ടല്‍ താമസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവ് വന്നിട്ടുണ്ട്. ശരാശരി 70 ശതമാനം ഹോട്ടലുകളും ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളും സന്ദര്‍ശകര്‍ ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനം മുതല്‍ 11 ശതമാനം ഹോട്ടല്‍ മുറികള്‍ വര്‍ധിച്ചിട്ടുണ്ട്. ഹോട്ടല്‍ റൂം താമസക്കാരുടെയും താമസ നിരക്കിലെ കുറവുകള്‍ ഓരോ റൂമിന്റെയും അടിസ്ഥാനത്തിലുള്ള വരുമാനത്തെ ബാധിച്ചിട്ടുണ്ട്. മൊത്തം താമസ മേഖലയില്‍ 20 ശതമാനം കുറവ് വന്നിട്ടുണ്ട്.
എന്നാല്‍ താമസ മേഖലയിലെ മൊത്തം വരുമാനത്തില്‍ സ്ഥിരത പ്രകടമാകുന്നു. ഭക്ഷണം, പാനീയം, മറ്റ് വില്‍പ്പനകള്‍ എന്നിവയിലെ വരുമാനം വര്‍ധിച്ചത് ഇത് പരിഹരിക്കാനായി. ലണ്ടന്‍, പാരീസ്, ബര്‍ലിന്‍, മിലാന്‍, സിംഗപ്പൂര്‍, റിയാദ് എന്നിവിടങ്ങളില്‍ ക്യു ടി എയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here