Connect with us

Wayanad

വയനാട്ടില്‍ ഓര്‍മ മരം പദ്ധതിക്ക് വന്‍ വരവേല്‍പ്പ്

Published

|

Last Updated

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടവകാശ വിനിയോഗത്തോടൊപ്പം ഭൂമിയെ പച്ച പുതപ്പിക്കാന്‍ വയനാട് ജില്ല നടപ്പാക്കുന്ന “ഓര്‍മമരം” പദ്ധതിക്ക് നവമാധ്യമങ്ങളിലടക്കം വന്‍ വരവേല്‍പ്പ്. പൊള്ളുന്ന വേനലില്‍ എത്തുന്ന തെരഞ്ഞെടുപ്പില്‍ നാളയുടെ തണലിനായി ഒരു മരമെങ്കിലും നടാം എന്ന ഏറ്റവും പുതിയ പദ്ധതിക്ക് ഇതിനകം ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് അടക്കമുള്ളവരുടെ പിന്തുണ ലഭിച്ചിരുന്നു.

ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ മുന്‍കൈയ്യെടുത്താണ് ഓര്‍മ മരം പദ്ധതി വിഭാവനം ചെയ്തത്. വോട്ടെടുപ്പ് ദിനമായ മേയ് 16 മുതല്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വരെ നീളുന്ന കാലയളവിലാണ് 10 ലക്ഷം തൈകള്‍ കൊണ്ട് വയനാട് ഹരിതാഭമാവുക. ഒരു കാലത്ത് കാട്ടാറും കുളിരും കൊണ്ട് ആഗോള തലത്തില്‍ ശ്രദ്ധനേടിയ പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം വീണ്ടെടുക്കാനുള്ള പരിശ്രമമാണ് ഇവിടെ നടക്കുന്നത്. പതിവ് വനവത്കരണ പരിപാടികളൊക്കെ ചടങ്ങുകളില്‍ ഒതുങ്ങുന്നുവെന്ന പരാതികള്‍ ഇനി വിസ്മരിക്കാം. ഏറ്റവും പുതിയ തലമുറകളെ കൂടി പ്രകൃതി സംരക്ഷണത്തിന്റെയും വനവത്കരണത്തിന്റെയും അവബോധം നല്‍കി ഈ കൂട്ടായ്മയില്‍ പങ്കാളികളാക്കും. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്നതിലുപരി ഏവരും പൂര്‍ണ്ണമനസ്സോടെയാണ് ഈ പദ്ധതിയെ സ്വീകരിക്കുന്നത്. ആദ്യ വോട്ടിന്റെ ഓര്‍മ്മയ്ക്കായി പൊതു ഇടത്തിലോ വീട്ടുപറമ്പിലോ ഒരു തൈ നടുമ്പോള്‍ ജില്ലയില്‍ തന്നെ പതിനായിരക്കണക്കിന് തൈകള്‍ മണ്ണിലേക്ക് വേരാഴ്ത്തുകയായി.
നാല്‍പ്പതുശതമാനത്തില്‍ കുറവ് പോളിങ്ങ് നടക്കാറുള്ള പോളിങ്ങ് സ്റ്റേഷനുകളില്‍ വോട്ടുചെയ്യാനെത്തുന്ന എല്ലാവര്‍ക്കും തൈകള്‍ നല്‍കാന്‍ തീരുമാനമായി.
ഇത്തരത്തിലുള്ള പൊതുപങ്കാളിത്തത്തോടുകൂടിയുള്ള വിപുലമായ പരസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന് ജില്ല ആദ്യമായാണ് വേദിയാകുന്നത്.വോട്ടെടുപ്പ് ദിവസം വൃക്ഷത്തെ നടുന്നവരുടെ രജിസ്‌ട്രേഷന്‍ നടത്തി ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തില്‍ അതതു പോളിങ്ങ് സ്റ്റേഷനുകളില്‍ നിന്നും തൈകള്‍ വിതരണം ചെയ്യും.വനംവകുപ്പിന്റെയും അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയുമെല്ലാം പിന്തുണയോടുകൂടിയാണ് ലക്ഷക്കണക്കിന് തൈകള്‍ തയ്യാറാക്കിയിരിക്കുന്നത്. വയനാട് കാലാവസ്ഥാ വ്യതിയാനത്തിന് കീഴ്‌പ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ പതിവാകുന്നത്.മഴയുടെയും അന്തീക്ഷ ആര്‍ദ്രതയുടെയും കുറവ് ഈ നാടിനെ ഉഷ്ണഭൂമിയാക്കിയിരിക്കുകയാണ്.
സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങളാണ് ഇനി അത്യന്താപേക്ഷിതം.ജില്ലാകളക്ടറുടെ ഫെയ്‌സുബുക്ക് പേജില്‍ ഓര്‍മ്മമരം പദ്ധതിക്ക് പിന്തുണയായി നൂറകണക്കിനാളുകളാണ് ദിവസവും എത്തുന്നത്.കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍.പ്രശാന്തും ഈ പദ്ധതിക്ക് പിന്തുണയായെത്തി. സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ച് ആര്യവേപ്പ്, കൂവളം, മഹാഗണി, മണിമരുത്, നീര്‍മരുത്, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, മന്ദാരം ,ഗുല്‍മോഹര്‍, രാജമല്ലി, മഹാഗണി, മണിമരുത്, നീര്‍മരുത്, വിവിധ തരം മുളകള്‍, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, പ്ലാവ്, മാവ്, ആല്‍, അത്തി, പോംഗ്രനേറ്റ്,, തുടങ്ങിയ ചെടികളുടെ 15,000 മുതല്‍ 20,000വരെ തൈകള്‍ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്.പിന്നീട് ഇത് വിപുലപ്പെടുത്തുകയായിരുന്നു.പത്ത് ലക്ഷത്തിലധികം തൈകള്‍ നടാനാണ് തീരുമാനം.ഇതിനായി മുഴുവന്‍ വയനാടന്‍ ജനതയുടെയും പൂര്‍ണ്ണ പങ്കാളിത്തം ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
facebook.com/collectorwayanad എന്ന കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഓര്‍മ്മ മരവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ആദ്യ ചിത്രത്തിന് മണിക്കൂറുകള്‍ക്കകം കിട്ടിയത് 20000 ലധികം ലൈക്കുകളാണ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ആശംസാ വീഡിയോ ഇതിനകം 7000 ലധികം ആളുകളാണ് കണ്ടത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും മറ്റ് പരാതികളും ഫെയ്‌സ്ബുക്കിലൂടെ അറിയിക്കാം. ഓര്‍മ്മ മരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ലൈക്ക് നല്‍കുന്ന ഒരു ലക്ഷം പേര്‍ക്ക് ജൂണ്‍ അഞ്ചിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ച് സൗജന്യമായി വൃക്ഷത്തൈ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായും ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.

Latest