കുന്ദമംഗലം: തുടര്‍ച്ചയോ മാറ്റമോ..?

Posted on: April 22, 2016 11:58 am | Last updated: April 22, 2016 at 12:02 pm
SHARE

kunnamangalam

കോഴിക്കോട് ജില്ലയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. പ്രമുഖ രാഷ്ട്രീയ കക്ഷികക്കും മത- സാമുദായിക സംഘടനകള്‍ക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ മികച്ച വ്യക്തിപ്രഭാവമുള്ള സ്ഥാനാര്‍ഥികളെ തന്നെ മുന്നണികള്‍ രംഗത്തിറക്കിയതാണ് പോരാട്ടത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്. ഒപ്പം സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു ഡി എഫിലുണ്ടായ അന്തര്‍ നാടകങ്ങളും ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ബി ജെ പി വോട്ടുകളില്‍ ഗണ്യമായി വര്‍ധിച്ച് വരുന്നതും കുന്ദമംഗലത്ത് ഇത്തവണ പോരാട്ടം പ്രവചനാതീതമാക്കുന്നു.

എല്‍ ഡി എഫിനായി സിറ്റിംഗ് എം എല്‍ എ പി ടി എ റഹീമും യു ഡി എഫിനായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ ടി സിദ്ദീഖും ബി ജെ പിക്കായി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭനുമാണ് അങ്കംവെട്ടുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി വരുന്നതിന് മുമ്പെ പ്രചാരണം തുടങ്ങിയ പി ടി എ റഹീമും സി കെ പത്മനാഭനും ഇതിനകം രണ്ടാംഘട്ട മണ്ഡല പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. യു ഡി എഫിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം അല്‍പ്പം വൈകിയതിനാല്‍ പ്രചാരണ രംഗത്ത് വൈകിയ സിദ്ദീഖ് ഒപ്പമെത്താനുള്ള തീവ്രശ്രമത്തിലാണ്.
മുന്നണികള്‍ക്കെല്ലാം നല്ല രാഷ്ട്രീയ അടിത്തറയുണ്ടെങ്കിലും മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയാല്‍ രാഷ്ട്രീയം നോക്കാതെ ഒപ്പം നില്‍ക്കുന്നതില്‍ കുന്ദംഗലം മടികാണിക്കാറില്ല. മണ്ഡലത്തിന്റെ രാഷ്രീയ ചരിത്രം എടുത്താല്‍ ഇത് ബോധ്യമാകും. 1957, 1960 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ ലീല ദാമോദരന്‍ ജയിച്ച മണ്ഡലത്തില്‍ 1965ലും 1967ലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ വി കൃഷ്ണന്‍ നായര്‍ വിജയിച്ചു. 1970ല്‍ മുസ്‌ലിം ലീഗിലെ പി വി എസ് മുസ്തഫ പൂക്കോയതങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. എസ് സി സംവരണമായ 1977, 1980, 1982 തിരഞ്ഞെടുപ്പില്‍ രാമന്‍ വിജയം ആവര്‍ത്തിച്ചു. 1987ല്‍ മണ്ഡലം പിടിച്ച സി പി എമ്മിലെ ബാലന്‍വൈദ്യര്‍ 1991, 1997 തിരഞ്ഞെടുപ്പുകളിലൂടെ ഹാട്രിക് വിജയം കരസ്ഥമാക്കി. 2001ല്‍ മുസ്‌ലിംലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥി യു സി രാമന്‍ മണ്ഡലം തിരിച്ചുപിടിച്ചു. 2006ലും രാമന്‍ വിജയം ആവര്‍ത്തിച്ചു. സംവരണ സ്വഭാവം മാറിയതോടെ 2011ല്‍ ഇടത് സ്വതന്ത്രനായ പി ടി എ റഹീമിനെ ഇറക്കി സി പി എം നടത്തിയ പരീക്ഷണം ലക്ഷ്യംകണ്ടു. 3269 വോട്ടുകള്‍ക്ക് രാമനെ റഹീം മലര്‍ത്തിയടിച്ചു.

2006ല്‍ ലീഗിന്റെ പച്ചതുരുത്തായ കൊടുവള്ളിയില്‍ ചെങ്കൊടിപാറിച്ച റഹീമിന്റെ ജനകീയത തന്നെയാണ് കുന്ദമംഗലത്ത് 2011ല്‍ തുണയായത്. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ തന്നെയാണ് നാഷനല്‍ സെകുലര്‍ കോണ്‍ഫറന്‍സ് നേതാവായ റഹീമിന് വീണ്ടും അവസരം നല്‍കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്. ഒപ്പം പക്വതയാര്‍ന്ന പെരുമാറ്റം കൊണ്ട് എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റാന്‍ കഴിയുന്നതും. മണ്ഡലത്തില്‍ രാഷ്ട്രീയത്തിന് അതീതമായി വലിയ സ്വീകാര്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ റഹീം ആര്‍ജിച്ചെടുത്തതായാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. റഹീമിനായി സി പി എം സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് റഹീം കാണുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ശക്തികേന്ദ്രമായ ബാലുശ്ശേരി അടക്കം യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ കുന്ദമംഗലത്ത് എല്‍ ഡി എഫിന് ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞത് നേട്ടമായി റഹീം വിലയിരുത്തന്നു.

kunnamangalam2കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് യു ഡി എഫ് നേതൃത്വം. ഒരു സാമുദായിക സംഘടനയുടെ അമിത ഇടപെടല്‍ മൂലം സീറ്റ് വിഭജന ചര്‍ച്ചയില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായപ്പോള്‍ മുസ്‌ലിം ലീഗ് സീറ്റ് കോണ്‍ഗ്രസിന് കൈമാറുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ടി സിദ്ദീഖിനൊപ്പം ഡി സി സി പ്രസിഡന്റ് കെ സി അബുവിനെയും പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സിദ്ദീഖിന് നറുക്ക് വീഴുകയായിരുന്നു. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ സമ്മര്‍ദം ചെലുത്താന്‍ ലീഗിലെ ചില നേതാക്കള്‍ മുഖാന്തരം മേല്‍പറഞ്ഞ സാമുദായിക സംഘടന ഇടപെട്ടതായും ആരോപണമുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലെ സംബന്ധിച്ചിടത്തോളം കുന്ദമംഗലത്ത് കിട്ടാവുന്നതില്‍ മികച്ച സ്ഥാനാര്‍ഥി തന്നെയാണ് ടി സിദ്ദീഖ്.

ടി വി ചാനലുകളിലും പ്രസംഗ വേദികളിലും യു ഡി എഫിന്റെ നാവായി പ്രവര്‍ത്തിക്കുന്ന സിദ്ദീഖിലൂടെ യുവതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. കൂടാതെ സിദ്ദീഖ് മണ്ഡലം സ്വദേശിയാണെന്നതും നേട്ടമായി കോണ്‍ഗ്രസ് അവകാശപ്പെടുന്നു. എല്‍ ഡി എഫിന്റെ ഉരുക്കുകോട്ടയായ കാസര്‍ക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതും സിദ്ദീഖിനുള്ള അംഗീകരമായാണ് യു ഡി എഫ് വിലയിരുത്തുന്നത്.

കഴിഞ്ഞ തവണ കുന്ദമംഗത്ത് തോറ്റെങ്കിലും ഇത്തവണ സി കെ പത്മനാഭന് വലിയ മുന്നേറ്റം നടത്താനാകുമെന്ന് ബി ജെ പി അവകാശപ്പെടുന്നു. പാര്‍ട്ടിയുടെ സ്വാധീനത്തേക്കാള്‍ സി കെ പിയെന്ന സ്ഥാനാര്‍ഥിയുടെ ഇമേജ് തന്നെയാണ് ബി ജെ പി ഉയര്‍ത്തിക്കാട്ടുന്നത്. കഴിഞ്ഞ തവണ 17,123 വോട്ടാണ് സി കെ പിക്ക് കുന്ദമംഗലത്ത് ലഭിച്ചത്. പാര്‍ലിമന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ബി ജെ പി സ്ഥാനാര്‍ഥിയായ സി കെ പിക്ക് 21786 വോട്ട് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 30000ത്തിന് മുകളിലെത്തി. ബി ജെ പിയുടെ ഈ വോട്ട് വര്‍ധനയാണ് ഇരുമുന്നണിയെയും ആശങ്കപ്പെടുത്തുന്നത്.

ഐ ഐ എം, എന്‍ ഐ ടി തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ നേട്ടങ്ങള്‍ തന്നെയാണ് പി ടി എ റഹീമിന്റെ പ്രധാന പ്രചാരണ വിഷയം. എം എല്‍ എ ഫണ്ടായി ലഭിച്ച 20 കോടി രൂപ ഉപയോഗിച്ച് മണ്ഡലത്തിലെ ഏഴ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും പുതിയ കെട്ടിടം നിര്‍മിച്ചതായി പി ടി എ റഹീം പറഞ്ഞു. മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജ് കൊണ്ടുവന്നതും എന്‍ ഐ ടിയുമായി സഹകരിച്ച് ഹയര്‍ െസക്കന്‍ഡറി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലെക്കുയര്‍ത്താന്‍ രാഗാസ് പദ്ധതിക്ക് തുടക്കമിട്ടതും മിനി സിവില്‍ സ്‌റ്റേഷനും സബ് ട്രഷറിയും നേട്ടമായി അദ്ദേഹം എടുത്തുകാട്ടുന്നു. കൂടാതെ താന്‍ എം എല്‍ എ ആയി വന്നതിന് ശേഷം നേരത്തെ മുടങ്ങി കടന്നിരുന്ന നാല് പാലങ്ങളുടെ

പ്രവൃത്തി പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറയുന്നു.
എന്നാല്‍ ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന കുന്ദമംഗലം അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ ഇനിയുമേറെ ഉയരാനുണ്ടെന്നാണ് യു ഡി എഫ് പറയുന്നത്. എം എല്‍ എ നടപ്പാക്കിയ വികസന നേട്ടങ്ങളില്‍ പലതും സംസ്ഥാന സര്‍ക്കാറിന്റെ നേട്ടമാണെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് കുന്ദമംഗലത്ത് കാര്യമായ വികസനം ഉണ്ടായില്ലെന്നും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമിയില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത് എം എല്‍ എയുടെ പരാജയമാണെന്നും യു ഡി എഫ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഒട്ടേറെ സ്ഥാപനങ്ങളുള്ള കുന്ദമംഗലത്ത് കേന്ദ്ര ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന എം എല്‍ എയാണ് വേണ്ടതെന്നാണ് ബി ജെ പിയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here