Connect with us

Ongoing News

560 ബൂത്തുകള്‍ സ്മാര്‍ട്ടാകും

Published

|

Last Updated

പാലക്കാട്: പോളിംഗ് ബൂത്തുകളും സ്മാര്‍ട്ടാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യമായി 560 പോളിംഗ് ബൂത്തുകള്‍ മാതൃകാ ബൂത്തുകളായിരിക്കും. ഒരു നിയോജകമണ്ഡലത്തില്‍ നാല് വീതം മാതൃകാ പോളിംഗ് ബൂത്തുകള്‍ ക്രമീകരിക്കും. കുടിവെള്ളം, ഫര്‍ണിച്ചര്‍, ശൗചാലയം തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. വോട്ട് ചെയ്യാന്‍ ക്യൂനില്‍ക്കുന്നവര്‍ക്ക് വെയിലും മഴയുമേല്‍ക്കാതിരിക്കാന്‍ സംവിധാനം ഉണ്ടാകും. പോളിംഗ് സ്റ്റേഷന്റെ വരാന്തക്ക് പുറത്ത് പന്തല്‍ സജ്ജീകരിക്കും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം നല്‍കും. പ്രാഥമികാവശ്യങ്ങള്‍ക്ക് ശൗചാലയം ഉണ്ടാകും. വോട്ടുചെയ്യാന്‍ ബൂത്തിനുള്ളിലേക്ക് പ്രവേശിക്കാനും വോട്ടുചെയ്തശേഷം പുറത്തേക്ക് പോകാനും വെവ്വേറെ വാതില്‍ ക്രമീകരിക്കും. ശാരീരിക പ്രയാസമുള്ളവര്‍, പ്രായമേറെയായവര്‍, രോഗികള്‍ എന്നിവര്‍ക്ക് ബൂത്തില്‍ വീല്‍ചെയര്‍ ഉണ്ടാകും. വാഹനത്തില്‍നിന്നിറങ്ങി വോട്ടുചെയ്ത് തിരികെ വാഹനത്തില്‍ കയറുന്നതുവരെ ഇത് ഉപയോഗിക്കാം. വീല്‍ചെയര്‍ ഉപയോഗിക്കുന്നതിന് തടസ്സം വരാതിരിക്കാന്‍ പടിക്കുപകരം റാമ്പ് സജ്ജീകരിക്കും.

പടിയിലും റാമ്പിലും പിടിച്ചുകയറാന്‍ കൈപ്പിടിയും ഉണ്ടാകും. കൂടുതല്‍നേരം ക്യൂനില്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ശാരീരിക പ്രയാസം, രോഗം, പ്രായാധിക്യം എന്നിവ ഉള്ളവര്‍ക്കായി വിശ്രമമുറി ഉണ്ടാകും. മുലയൂട്ടുന്ന ആമ്മമാര്‍ക്ക് ഫീഡിംഗ് റൂം ഉണ്ട്. ചെറിയ കുട്ടികളുമായി വരുന്നവര്‍ക്കും വിശ്രമമുറി ഉപയോഗിക്കാം. മുന്‍വര്‍ഷങ്ങളില്‍ ഇല്ലാതിരുന്ന പുതിയ പരിഷ്‌കാരമാണ് മാതൃകാ പോളിംഗ് ബൂത്തുകള്‍. വോട്ടുചെയ്യല്‍ കൂടുതല്‍ സുഗമമാക്കുകയാണ് ലക്ഷ്യം. താലൂക്ക് ഓഫീസുകളിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മാതൃകാ പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചുവരികയാണ്.

Latest