ഗ്രൂപ്പ് വഴക്കുകള്‍ വഖ്ഫ് ബോര്‍ഡിന്റെ ചെലവിലോ?

സുന്നികളെ ഒതുക്കാനുള്ള എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും നിയോഗിക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഒന്നുകില്‍ കടുത്ത പുത്തനാശയക്കാരനാകും, അല്ലെങ്കില്‍ ഉറച്ച പാര്‍ട്ടി വക്താക്കളാകും. മഹല്ല് നിവാസികളില്‍ ഇഷ്ടമില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് തള്ളും. ഖബര്‍സ്ഥാനിലെ മീസാന്‍ കല്ലുകള്‍ക്ക് വരെ വോട്ടവകാശം കിട്ടും. മഹല്ലിലെ അംഗത്വത്തിന് ഭരണഘടനയില്‍ വ്യവസ്ഥകളുണ്ട്. പക്ഷേ, ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ അവകാശമുള്ളവര്‍ക്കെല്ലാം വോട്ടവകാശമുണ്ടെന്ന് വരെ ചില റിട്ടേണിംഗ് ഓഫീസര്‍മാര്‍. അപ്പോള്‍ ഭരണഘടന വ്യക്തമായി അംഗത്വം നിഷേധിച്ച മുജാഹിദ്, ജമാഅത്ത്, തബ്‌ലീഗ്, യുക്തിവാദി തുടങ്ങിയ എല്ലാവര്‍ക്കും വോട്ടവകാശം കിട്ടും. ഇവരെല്ലാം ചേളാരി കമ്പനികള്‍ക്ക് കൂട്ടും. ഇത്തരം തറവേലകള്‍ക്ക് പച്ചക്കൊടി കാണിക്കുന്നതാകട്ടെ വഖ്ഫ് ബോര്‍ഡും.
Posted on: April 22, 2016 9:47 am | Last updated: April 22, 2016 at 7:53 pm
SHARE

വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം, പരിപാലനം, മേല്‍നോട്ടം, തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കല്‍ തുടങ്ങിയവയാണ് രാജ്യവ്യാപകമായി സംസ്ഥാന വഖ്ഫ് ബോര്‍ഡുകള്‍ ചെയ്തുവരുന്ന സേവനങ്ങള്‍. കേരളത്തിലുമുണ്ട് ഒരു വഖ്ഫ് ബോര്‍ഡ്. നടേ പറഞ്ഞ സേവനങ്ങള്‍ക്കെല്ലാം നേര്‍വിപരീതം പ്രവര്‍ത്തിക്കുകയാണിപ്പോള്‍ നമ്മുടെ വഖ്ഫ് ബോര്‍ഡ്. സംരക്ഷണത്തിന് പകരം സംഹാരം, പരിപാലനത്തിന് പകരം അലങ്കോലം, കുതന്ത്രങ്ങള്‍ക്കും കുത്സിത പ്രവൃത്തികള്‍ക്കും മേല്‍നോട്ടം, തര്‍ക്കങ്ങളില്ലാത്ത ഇടങ്ങളിലെല്ലാം തര്‍ക്കങ്ങളുണ്ടാക്കല്‍ ഇതൊക്കെയാണിപ്പോള്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ പണി. ബോര്‍ഡിന്റെ പൊതു നിലപാടാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്. സമുദായത്തിലെ ഒരു വിഭാഗത്തോടാണ് വഖ്ഫ് ബോര്‍ഡ് ഇവ്വിധം വിദ്വേഷപരവും ഏകപക്ഷീയവുമായ നിലപാടുകള്‍ സ്വീകരിക്കുന്നത്.

സുന്നീ ആദര്‍ശവും പൂര്‍വസൂരികളുടെ നയനിലപാടുകളും ഉപേക്ഷിച്ച് ഒരു വിഭാഗം 1989ല്‍ പ്രസ്ഥാനത്തില്‍ നിന്ന് പുറത്തുപോയി. രാഷ്ട്രീയ പിന്തുണയോടെ ഈ വിഭാഗം അന്ന് തുടങ്ങിയതാണ് സുന്നീ പ്രസ്ഥാനത്തിന് എതിരായ വിദ്വേഷ പ്രചാരണം. വെട്ടും കുത്തും കൊലപാതകം വരെയും എത്തിയ അന്നത്തെ അക്രമ പരമ്പരകളുടെ പ്രേതങ്ങള്‍ കുഴിമാടങ്ങളില്‍ നിന്നു ഇപ്പോള്‍ എഴുന്നേറ്റു വരികയാണ്. വഖ്ഫ് ബോര്‍ഡിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് പുതിയ കളികള്‍ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി നൂറു കണക്കിന് സുന്നീ സ്ഥാപനങ്ങള്‍ക്ക് നേരെയാണിപ്പോള്‍ ന്യായരഹിതവും വിവേചനപരവുമായി വഖ്ഫ് ബോര്‍ഡിന്റെ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സുന്നീ പ്രസ്ഥാനത്തിന് ആരുടെയും ഔദാര്യം വേണ്ട, നിയമപരമായ തുല്യനീതിയും അവകാശങ്ങളും വേണം. അത് തടയാനാണ് വിചാരമെങ്കില്‍ ഒരു കാര്യം പറയാം. നിയമപരമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് അതിനെ ചെറുക്കും, രാഷ്ട്രീയ പരിഹാരത്തിനുള്ള മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തും. പെരുവിരലും ചൂണ്ട് വിരലും ഉപയോഗിച്ച് നുരുമ്പിക്കളയാവുന്ന ഒരവസ്ഥയില്‍ നിന്ന് ഇന്ന് കാണുന്ന നിലയിലേക്ക് പ്രസ്ഥാനം വളര്‍ന്നത് ചെറുത്തുനിന്നുകൊണ്ടാണ്. ആരും ഒന്നും വെറുതെ കൈ വെള്ളയില്‍ കൊണ്ടുവെച്ചുതന്നിട്ടില്ല. കോഴിക്കോട് വഖ്ഫ്‌ബോര്‍ഡ് ആസ്ഥാനത്തേക്ക് നാളെ നടക്കുന്ന മാര്‍ച്ച് വഖ്ഫ് ബോര്‍ഡിനെതിരായ പോരാട്ടത്തിന്റെ മുന്നോടി മാത്രമായിരിക്കും.
സുന്നീ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാനും തകര്‍ക്കാനും ദര്‍സുകള്‍ അവസാനിപ്പിക്കാനും മസ്ജിദ്- മദ്‌റസകളില്‍ നിന്ന് ഉസ്താദുമാരെ ഇറക്കിവിടാനുമായിരുന്നു തൊണ്ണൂറുകളിലെ ചാവേര്‍ പോരാട്ടങ്ങള്‍. കനത്ത വില കൊടുത്താണ് സുന്നീ പ്രസ്ഥാനം ഈ അക്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചത്. പഴയ തോല്‍വിയുടെ കണക്കെടുത്ത് വഖ്ഫ്‌ബോര്‍ഡിനെ മറയാക്കി പക തീര്‍ക്കാനാണ് പുതിയ പടപ്പുറപ്പാട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രം മുന്നൂറില്‍ പരം സുന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് വഖ്ഫ് ബോര്‍ഡ് നിയമത്തിന്റെ വാളോങ്ങിവന്നിരിക്കുന്നത്. വഖ്ഫ് ആക്ടിലെയും റൂള്‍സ് ആന്‍ഡ് റഗുലേഷന്‍സിലെയും സകല വകുപ്പുകളും ജീവന്‍ വെച്ച് എഴുന്നേറ്റ് വരികയാണ്. നിയമം നിയമത്തിന്റെ വഴിക്ക് വരുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ ഏകപക്ഷീയമാകരുത്, നീതിരഹിതമാകരുത്, വിദ്വേഷപരമാകരുത്. അങ്ങനെ വന്നാല്‍, ഒരു സംശയവും വേണ്ട ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.
89ല്‍ ആരംഭിച്ച തര്‍ക്കങ്ങളില്‍ അന്നത്തെ പക്വമതികളായ മഹല്ല് നേതാക്കളും പോലീസ് ഉള്‍പ്പെടെയുള്ള ഭരണകൂട സംവിധാനങ്ങളും ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി സമാധാനം പുനഃസ്ഥാപിച്ച മഹല്ലുകളില്‍ പുതിയ പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി സംഘര്‍ഷമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. രണ്ട് വിഭാഗത്തിലും പെട്ടവര്‍ ഒന്നിച്ച് അധ്വാനിച്ച് കെട്ടിപ്പടുത്ത സ്ഥാപനങ്ങള്‍ ഒറ്റക്ക് കൈക്കലാക്കാനുള്ള കുത്സിത ശ്രമങ്ങളായിരുന്നു തൊണ്ണൂറുകളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
മസ്ജിദ് ഒരു വിഭാഗത്തിനാണെങ്കില്‍ മദ്‌റസ മറു വിഭാഗത്തിന്. മദ്‌റസക്ക് രണ്ട് കെട്ടിടങ്ങളുണ്ടെങ്കില്‍, മസ്ജിദ് രണ്ടുണ്ടെങ്കില്‍ ഓരോന്ന് വീതം ഓരോ വിഭാഗത്തിന്. രണ്ട് സിലബസും ഒന്നിച്ച്. ഉസ്താദുമാരെ തിരഞ്ഞെടുക്കുന്നതില്‍ വിഭാഗീയത പാടില്ല. കമ്മിറ്റികളില്‍ നിശ്ചിത അനുപാതം അംഗത്വം.

ഒരു ടേമില്‍ ഒരു വിഭാഗത്തിന്റെ സെക്രട്ടറി, മറു വിഭാഗത്തിന്റെ പ്രസിഡന്റ്. അടുത്തെ ടേമില്‍ മറിച്ചും. ഇങ്ങനെ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി അന്നുണ്ടാക്കിയ ധാരണകള്‍ കാല്‍ നൂറ്റാണ്ടായി പ്രശ്‌നങ്ങളൊന്നുമില്ലാതെ തുടര്‍ന്നുവരികയാണ്. മഹല്ലുകളില്‍ ഈ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഇപ്പോള്‍ കള്ളക്കേസുകളും വ്യാജ പരാതികളും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. കേസുകളും പരാതികളും നിര്‍മിക്കുന്നതിന് വേണ്ടി ഒരു ഗൂഢ സംഘം തന്നെ പ്രവൃത്തിച്ചുവരുന്നതായാണറിവ്. ഇതിങ്ങനെ തന്നെ തുടരാനാണ് ഭാവമെങ്കില്‍ തൊണ്ണൂറുകളിലെ പ്രക്ഷുബ്ധാവസ്ഥ തിരികെ കൊണ്ടുവരികയാകും ഫലം. ഇതിന്റെ പേരില്‍ വരാനിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കേരള വഖ്ഫ് ബോര്‍ഡും യു ഡി എഫ് സര്‍ക്കാറും വകുപ്പിന് മുന്നില്‍ നില്‍ക്കുന്ന ലീഗും മാത്രമായിരിക്കും ഉത്തരവാദികള്‍.

‘വര്‍ഷങ്ങളായി ഞങ്ങളുടെ മഹല്ലില്‍ ശരിയായ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നില്ല’, ‘ഭാരവാഹികളെ തിരഞ്ഞെടുക്കുന്നില്ല’, ‘കണക്കുകള്‍ സൂക്ഷിക്കുന്നില്ല’, ‘ബോര്‍ഡിന്റെ അനുമതിയില്ലാതെ മസ്ജിദ് പുതുക്കിപ്പണിയുകയാണ്’, ‘മദ്‌റസ പുനര്‍നിര്‍മിക്കുകയാണ്….’ അഞ്ചോ ആറോ പേര്‍ ഒപ്പിട്ട ഇത്തരം പരാതികള്‍ വഖ്ഫ് ബോര്‍ഡിലേക്ക് ഈയിടെയായി നിരന്തരം വന്നുകൊണ്ടിരിക്കുന്നു. പരാതി കിട്ടേണ്ട താമസം, അന്വേഷണമില്ല, വിചാരണയില്ല, അറിയിപ്പില്ല ബോര്‍ഡിന്റെ ഉത്തരവിറങ്ങുകയാണ്; തിരഞ്ഞെടുപ്പ് നടത്താന്‍ റിട്ടേണിംഗ് ഓഫീസര്‍, ഭരണം ഏറ്റെടുക്കാന്‍ റസീവര്‍, അഞ്ചും പത്തും വര്‍ഷത്തെ കണക്ക് ഓഡിറ്റ് ചെയ്യാനും തുടങ്ങിയ പള്ളിപ്പണി നിര്‍ത്തിവെക്കാനുമുള്ള ഉത്തരവുകള്‍. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പെട്ട കക്കോവ്, പള്ളിക്കല്‍ ബസാര്‍, മൂളപ്പുറം, തച്ചണ്ണ, മങ്കയം, മുടിക്കോട്, പന്ന്യന്നൂര്‍, നിലയിലാട്ട്, വാവൂര്‍, മുറംപാത്തി തുടങ്ങിയ നൂറുകണക്കിന് സുന്നീ മഹല്ലുകളിലേക്കാണ് ഇത്തരം ഏകപക്ഷീയ ഉത്തരവുകള്‍ വന്നിരിക്കുന്നത്. സുന്നീ ഗ്രൂപ്പ് വഴക്കുകളെ രാഷ്ട്രീയ പിന്‍ബലം ഉപയോഗിച്ച് ഇവ്വിധം ഒതുക്കിക്കളയാമെന്ന് ആരും കരുതേണ്ടതില്ല. ഇത് പഴയ അടക്കയല്ല, കവുങ്ങാണ്.
ഒരു വിഭാഗത്തെ കുറിച്ച് മാത്രമേ പരാതികള്‍ വരുന്നുള്ളൂ. സുന്നികളല്ലാത്ത മുജാഹിദ്, മൗദൂദി, ചേളാരി സ്ഥാപനങ്ങള്‍ക്കെതിരെ അപൂര്‍വമായി വരുന്ന പരാതികള്‍ക്ക് പോലും ചര്‍ച്ചയുണ്ട്, മസ്‌ലഹത്തുണ്ട്, ഒത്തുതീര്‍പ്പുണ്ട്. ഒന്നും നടന്നില്ലെങ്കില്‍ കേസ് കല്‍പാന്തകാലത്തോളം നീട്ടിക്കൊണ്ടുപോകും. മൊത്തം ഇരുപതിനായിരത്തില്‍പരം വഖ്ഫുകളുണ്ടെന്നാണ് പറയുന്നത്.

അതില്‍ പതിനെണ്ണായിരത്തില്‍പരവും സുന്നികളുടേതാണ്. ശേഷിക്കുന്ന രണ്ടായിരത്തില്‍ താഴെയുള്ളതില്‍ തന്നെ അമ്പത് ശതമാനത്തിലേറെയും പഴയ കാലത്ത് സുന്നികളില്‍ നിന്ന് സൂത്രത്തില്‍ മുജാഹിദ്, മൗദൂദി തുടങ്ങിയ ബിദ്അത്തുകാര്‍ തട്ടിയെടുത്തതും കേസ് നടത്തി കൈക്കലാക്കിയതുമാണ്. ബാക്കി വരുന്നതില്‍ മുജാഹിദുകള്‍ പല ഗ്രൂപ്പായി തര്‍ക്കങ്ങളും കൈയാങ്കളിയും വരെ സര്‍വസാധാരണമായിട്ടുണ്ട്. അതിനെല്ലാം ദിവസങ്ങള്‍ മെനക്കെട്ട് ഒത്തുതീര്‍പ്പുണ്ടാക്കും. സുന്നീ തര്‍ക്കങ്ങളുണ്ടായാല്‍ മഹല്ല് ഭരണം ഏറ്റെടുക്കാന്‍ റസീവര്‍ വരുമ്പോഴാണ് ബന്ധപ്പെട്ടവര്‍ വിവരമറിയുന്നത്. മങ്കയത്ത് പൊളിച്ചിട്ട മസ്ജിദ് മൂന്ന് വര്‍ഷമായി പുനര്‍നിര്‍മിക്കാനാകാതെ നാട്ടുകാര്‍ കഷ്ടപ്പെടുകയാണ്. ജീര്‍ണാവസ്ഥയിലായ മസ്ജിദ് തലയില്‍ വീഴുമെന്നായപ്പോഴാണ് പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. പൊളിച്ചുകഴിയുന്നത് വരെ ഒരനക്കവുമില്ലായിരുന്നു. പൊളിച്ചുകഴിഞ്ഞപ്പോള്‍ വഖ്ഫ്‌ബോര്‍ഡ് ആസ്ഥാനത്തേക്ക് പരാതി പറന്നു, പണി തടഞ്ഞുകൊണ്ട് ഉത്തരവ് തിരിച്ച് ഇങ്ങോട്ടും പറന്നു. ഇമ്മാതിരി അന്യായങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ ഈ നാട് ഏതാണെന്ന് മറന്നുപോകരുത്.

കക്കോവിലും പള്ളിക്കല്‍ ബസാറിലും തിരഞ്ഞെടുപ്പിന് കല്‍പ്പന വന്നു. ഇവിടെ മാത്രമല്ല, സുന്നികളെ ഒതുക്കാനുള്ള എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും നിയോഗിക്കുന്ന റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഒന്നുകില്‍ കടുത്ത പുത്തനാശയക്കാരനാകും, അല്ലെങ്കില്‍ ഉറച്ച പാര്‍ട്ടി വക്താക്കളാകും. മഹല്ല് നിവാസികളില്‍ ഇഷ്ടമില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് തള്ളും. ഖബര്‍സ്ഥാനിലെ മീസാന്‍ കല്ലുകള്‍ക്ക് വരെ വോട്ടവകാശം കിട്ടും. മഹല്ലിലെ അംഗത്വത്തിന് ഭരണഘടനയില്‍ വ്യവസ്ഥകളുണ്ട്. പക്ഷേ, ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ അവകാശമുള്ളവര്‍ക്കെല്ലാം വോട്ടവകാശമുണ്ടെന്ന് വരെ ചില റിട്ടേണിംഗ് ഓഫീസര്‍മാര്‍. അപ്പോള്‍ ഭരണഘടന വ്യക്തമായി അംഗത്വം നിഷേധിച്ച മുജാഹിദ്, മൗദൂദി, തബ്‌ലീഗ്, യുക്തിവാദി തുടങ്ങിയ എല്ലാവര്‍ക്കും വോട്ടവകാശം കിട്ടും. ഇവരെല്ലാം ചേളാരി കമ്പനികള്‍ക്ക് കൂട്ടും. ഇത്തരം തറവേലകള്‍ക്ക് പച്ചക്കൊടി കാണിക്കുന്നതാകട്ടെ, അര്‍ധ- ജുഡീഷ്യറി പദവിയുള്ള വഖ്ഫ് ബോര്‍ഡും. ക്ഷമിച്ചും സഹിച്ചും കേസ് നടത്തിയിട്ടും പല മഹല്ലുകളും സഹി കെട്ടു. ഈ കടുത്ത അന്യായത്തെ ചെറുക്കുകയല്ലാതെ ഇനി മാര്‍ഗമില്ല. ശനിയാഴ്ച ഇതിന് തുടക്കം കുറിക്കുകയാണ്. മൊത്തം വഖ്ഫിന്റെ രണ്ട് ശതമാനം പോലും സ്വന്തമായിട്ടില്ലാത്ത മുജാഹിദ് പക്ഷത്തിന് ബോര്‍ഡില്‍ രണ്ട് അംഗങ്ങള്‍, എം എല്‍ എ, എം പി, പണ്ഡിതന്‍, നോമിനികള്‍ തുടങ്ങി ബാക്കി മുഴുവന്‍ അംഗങ്ങളും ഒരു പക്ഷത്തിന്. ആകെ വഖ്ഫിന്റെ നാല്‍പ്പത് ശതമാനത്തോളം കൈവശം വെക്കുന്ന സുന്നീ പ്രസ്ഥാനത്തിന് ഇത്തവണ ആദ്യമായി ഒറ്റ അംഗം പോലുമില്ല. ആറില്‍ നിന്ന് ലീഗിന്റെ അംഗബലം ഇരുപതായപ്പോള്‍ സുന്നികള്‍ക്ക് കിട്ടിയ മുന്തിയ പരിഗണന. നാട്ടിലെ മസ്ജിദുകളും മദ്‌റസകളും അപ്പാടെ ‘സമസ്ത’യുടേതാണത്രേ. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം മോഹിച്ച് പഴയ കാലത്തെ സാത്വികരായ നല്ല മനുഷ്യര്‍ വഖ്ഫ് ചെയ്തതും മഹല്ല് നിവാസികള്‍ പണം മുടക്കി പടുത്തുയര്‍ത്തിയതുമായ പൊതു ദീനീ സ്ഥാപനങ്ങള്‍ തങ്ങളുടെ സ്വന്തമാണെന്നു അവകാശപ്പെട്ടു കലാപത്തിനിറങ്ങാന്‍ ഉളുപ്പില്ലായ്മ കുന്നോളം വേണം.

വെളിമുക്കിലെ ഒരു ബോര്‍ഡിംഗ് മദ്‌റസയല്ലാതെ, ഫ്രാന്‍സിസ് റോഡിലെ പഴയ ഓഫീസ് വളപ്പിലെ ചെറു മസ്ജിദല്ലാതെ ‘നിങ്ങളുടെ ഈ ”സമസ്ത’ പണം മുടക്കി എവിടെയാണ് മസ്ജിദും മദ്‌റസയും നിര്‍മിച്ചത്? ആരാന്റെ സ്വത്തില്‍ അവകാശം ഉന്നയിക്കുന്ന സാക്ഷാല്‍ ഗുണ്ടായിസം ‘സമസ്ത’ എന്ന പേരില്‍ വേണ്ട, അതൊട്ടു ചെലവാകാനും പോകുന്നില്ല. നിയമ വാഴ്ചയില്‍ ഇങ്ങേ തലക്കലെ അരമുറിയാണു വഖ്ഫ് ബോര്‍ഡ് എന്നു മറക്കണ്ട. മേല്‍പ്പോട്ട് നീതി ന്യായ സംവിധാനങ്ങള്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നുണ്ട്. അവിടെ ന്യായാസനത്തില്‍ പാണക്കാട് തങ്ങള്‍മാരല്ല ഇരിക്കുന്നത് എന്നും ഓര്‍മിക്കുന്നത് നല്ലതാണ്. കളിക്കാനാണ് ഭാവമെങ്കില്‍ ‘ക്ഷ’ ‘ങ്ങ’ വരപ്പിക്കും.

വഖ്ഫ് ബോര്‍ഡ് എന്ന അര്‍ധ നീതി ന്യായാസനം വലിയൊരു അതിശയം തന്നെയാണ്. നീതിന്യായ വകുപ്പില്‍ ചില പൊതു മാനദണ്ഡങ്ങളുണ്ട്. മൂന്ന് വര്‍ഷത്തിലേറെ ഒരിടത്ത് ഒരു ന്യായാധിപനു തുടരാനാകില്ല. സ്വന്തം നാട്ടില്‍ സേവനം ചെയ്യുന്നതിനും തടസ്സങ്ങളുണ്ട്. കക്ഷികള്‍ക്കോ വക്കീലന്മാര്‍ക്കോ ചേംബറില്‍ ചെന്ന് ഒരു ന്യായാധിപനെ സാധാരണ ഗതിയില്‍ കാണാനാകില്ല. വീട്ടില്‍ ഏതായാലും പാടില്ല. പൊതു പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ന്യായാധിപന്‍മാര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ഇവിടെയിതാ ഒരു വിചിത്ര നീതിന്യായ സംവിധാനം.
വഖ്ഫ് സംബന്ധമായ കേസുകളില്‍ വാദം കേള്‍ക്കുന്നതും വിധി പറയുന്നതും ബോര്‍ഡ് അംഗങ്ങളാണ്. നീതിന്യായം പോയിട്ട് സമാന്യന്യായം പോലും അറിയാത്ത പക്കാ രാഷ്ട്രീയക്കാരാണ് ഈ മെമ്പര്‍മാരില്‍ ഏറിയ പങ്കും. അംഗങ്ങളുടെ തിരഞ്ഞെടുപ്പിനു യാതൊരു ഗുണനിലവാര നിയന്ത്രണവുമില്ല. പരാതിക്കാരന്‍ നിയമോപദേശം ചോദിക്കുന്നത് ഈ ‘അര്‍ധ’ ന്യായാധിപരോട്! കേസ് എങ്ങനെ ഫ്രൈം ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുന്നത് ന്യായാധിപന്‍! ഏതു വക്കീലിനെ വെക്കണം എന്നുപദേശിക്കുന്നത് ഇയാള്‍, കേസ് കേള്‍ക്കുന്നതും വിധി പറയുന്നതും ഇയാള്‍! ലോകത്ത് എവിടെയുണ്ട് ഇങ്ങനെയൊരു നീതിന്യായ സംവിധാനം.

പാര്‍ട്ടിയുടെ റാന്‍ മൂളികളായ ചില വക്കീലന്‍മാര്‍ പത്തും പതിനഞ്ചും വര്‍ഷങ്ങളായി ബോര്‍ഡില്‍ സ്ഥിരവാസവും സുഖവാസവുമാണ്. പാര്‍ട്ടി അനുകൂലമായാല്‍ എല്ലാം ഭദ്രം. ഏത് കൊടും കുറ്റവാളിയുടേതാണെങ്കിലും കേസ് ഒരു കോടതി മുമ്പാകെ വന്നാല്‍ പ്രതിക്കു പറയാനുള്ളത് കേള്‍ക്കും, മറുവാദത്തിനും അന്തിമ വാദത്തിനും അവസരം ഉണ്ടാകും. കോടതിക്ക് പുറത്ത് തീര്‍പ്പുണ്ടാക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ (സ്റ്റേറ്റ് താത്പര്യമില്ലാത്ത കേസുകളില്‍) കോടതി അതിനും മുന്തിയ പരിഗണന നല്‍കും. വിധി പറഞ്ഞാലും അതു നടപ്പാക്കുന്നതിനു മുമ്പ് അപ്പീലിനുള്ള അവസരം കൊടുക്കും. വഖ്ഫ് ബോര്‍ഡ് എന്ന അര്‍ധ ജുഡീഷ്യറിയില്‍, പടച്ചതമ്പുരാനാണേ ഇമ്മാതിരെ ഒരു ഏര്‍പ്പാടുമില്ല. ഈ കോടതിയില്‍ ഒരു കൊലക്കേസ് കൊണ്ടുചെന്നാല്‍ ഒരു ദിവസം കൊണ്ടു വിധിക്കും. അടുത്ത ദിവസം തൂക്കും. ചോദ്യങ്ങളില്ല എന്നതായിരുന്നു ഇതു വരെ ഈ സംവിധാനത്തിന്റെ സൗകര്യം. ഇനി കാര്യങ്ങള്‍ ഒരിക്കലും പഴയതു പോലെയാവുകയില്ല. ഇനി ചോദ്യങ്ങള്‍ ഉണ്ടാകും, ഉത്തരങ്ങള്‍ ഉണ്ടാവണം, ഉണ്ടായേ പറ്റൂ.

കാസര്‍കോട് ജില്ലയിലെ ഒരു മഹല്ല് കമ്മിറ്റി ഐകകണ്‌ഠ്യേന ശിറിയ അലിക്കുഞ്ഞി മുസ്‌ലിയാരെ ഖാസിയായി നിയമിക്കാന്‍ തീരുമാനിച്ചു. നിയമനവും ആരോഹണവും കഴിഞ്ഞപ്പോള്‍ മുടന്തി മുടന്തി വരുന്നു വഖ്ഫ് ബോര്‍ഡിന്റെ സ്റ്റേ! സുന്നികള്‍ നേരിട്ട് നടത്തുന്ന മഹല്ലാണ് തൊണ്ണൂറ് ശതമാനം വീട്ടുകാരും സുന്നി പക്ഷത്താണ്. സ്വാഭാവികമായി കമ്മിറ്റിയിലും സുന്നികളേ ഉള്ളൂ. ഒറ്റപ്പെട്ടു നിന്ന ഒരു ലീഗുകാരനെ ശട്ടം കെട്ടി പരാതി പടച്ച് ഒരു സ്റ്റേ! തിരിച്ച് അങ്ങോട്ടും ഇങ്ങനെ പരാതിയും കേസും സ്റ്റേയും കൊണ്ടുവരാന്‍ പുറപ്പെട്ടാല്‍ സംസ്ഥാനത്തെ ഒരു മഹല്ലിനും നേരെ ചൊവ്വേ പ്രവര്‍ത്തിക്കാനാകില്ല, പടച്ചവനെയും പടപ്പുകളെയും പേടിയില്ലാത്തവര്‍ക്ക് എന്തുമാകാം, പക്ഷേ സുന്നികള്‍ക്ക് അതിനു കഴിയില്ല. അവര്‍ക്ക് അനുസരിക്കാനും പേടിക്കാനും സൂക്ഷിക്കാനും ഒരുപാട് ഉണ്ട്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വഖ്ഫ് സ്ഥാപനങ്ങളും വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് ചട്ടം. ചട്ടം മാനിച്ച് ഏതെങ്കിലും മഹല്ല് കമ്മിറ്റി രജിസ്‌ട്രേഷനു ചെന്നാല്‍ ബോര്‍ഡ് ആദ്യം തിരയുന്നത് ഗ്രൂപ്പും പാര്‍ട്ടിയുമാണ്. ഇഷ്ടമില്ലാത്തവര്‍ ആണെങ്കില്‍ അപേക്ഷ അട്ടത്ത് കിടക്കും, ഉന്തിയും തള്ളിയും നീട്ടാവുന്നത്ര നീട്ടും. വഖ്ഫ് ബോര്‍ഡില്‍ തങ്ങളുടെ ജനാധിപത്യത്തിനു ഭീഷണിയാകുന്നത്ര പ്രാതിനിധ്യം മറ്റാര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അതിനാണു ഈ വഴി ‘തടയല്‍’. ഒരു സര്‍ക്കാര്‍ സംവിധാനം ആജീവനാന്ത കുത്തകയാക്കാനുള്ള ഗൂഢശ്രമം. ചില കാലത്തേക്ക് ചിലരെ വിഢ്ഡിയാക്കാന്‍ കഴിഞ്ഞേക്കാം, എല്ലാ കാലത്തേക്കുമായി എല്ലാവരെയും വിഢ്ഡികളാക്കാന്‍ കഴിയില്ല.

വഖ്ഫ് ബോര്‍ഡിലെ പ്രശ്‌നങ്ങളെ കുറിച്ച് പല തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പ്പെടുത്തിയതാണ്, സുന്നി നേതൃത്വം. ചെയര്‍മാനെ കണ്ടു, ബോര്‍ഡ് അംഗങ്ങളെ കണ്ട് പരാതിപ്പെട്ടു. കോഴിക്കോട്ടെ മദ്ഹുര്‍റസൂല്‍ പ്രഭാഷണ വേദിയിലും ഈയടുത്ത് തിരൂരങ്ങാടിയിലും മഞ്ചേരിയിലും നടന്ന പൊതു വേദികളിലും ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദ് തന്നെ ഈ വിഷയം ഉന്നയിച്ചു. ആര് എവിടെ വെച്ച് പറഞ്ഞാലും പരാതി പെട്ടാലും പിന്തിരിപ്പന്‍ നിലപാട് മാറ്റില്ലെന്നാണ് ബോര്‍ഡിന്റെ ധാര്‍ഷ്ട്യം. കഴിഞ്ഞ ടേമിലെ ചെയര്‍മാനെക്കുറിച്ച് ശത്രുക്കള്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും വഖ്ഫ് എന്ന് പറഞ്ഞാല്‍ മഹത്തരമാണെന്നും നിയമാനുസൃതമായും ന്യായയുക്തമായും മാത്രമേ അത് കൈകാര്യം ചെയ്യാവൂ എന്നും മറ്റു സര്‍ക്കാര്‍ വകുപ്പുകളെ പോലെ ആകരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു. പുതിയ ചെയര്‍മാന് ഇമ്മാതിരി യാതൊരു പ്രശ്‌നവുമില്ല, പാര്‍ട്ടിയും ഗ്രൂപ്പുമാണ് അദ്ദേഹത്തിന് കാര്യം. നിയമവും നീതിയും ന്യായവും മത ശാസനകളും കാറ്റില്‍ പറത്തുകയാണ്. ഈ അന്യായങ്ങള്‍ ചോദ്യം ചെയ്യാന്‍ ഇത്രയും വൈകിയെന്നതാണ് സുന്നികള്‍ സമുദായത്തോട് ചെയ്ത അപരാധം.

 

LEAVE A REPLY

Please enter your comment!
Please enter your name here