വിജയ്മല്യക്ക് ചുളുവിലക്ക് ഭൂമി: വാര്‍ത്ത വളച്ചൊടിച്ചതെന്ന് റവന്യൂ മന്ത്രി

Posted on: April 22, 2016 2:04 am | Last updated: April 22, 2016 at 12:05 am

adoor prakash]തിരുവനന്തപുരം: മദ്യ രാജാവ് വിജയ് മല്യയുടെ യു ബി ഗ്രൂപ്പിന് പാലക്കാട് കഞ്ചിക്കോട്ട് 20 ഏക്കര്‍ ഭൂമി കുറഞ്ഞ തുകക്ക് പതിച്ച് നല്‍കിയതായുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. 1971ല്‍ എന്‍ ഇ ബലറാം വ്യവസായ വകുപ്പ് മന്ത്രി ആയിരുന്ന കാലത്ത് ടെലക്‌സ് സന്ദേശം മുഖേന ഭൂമി പതിച്ച് നല്‍കാന്‍ അന്നത്തെ ഗവണ്‍മെന്റ് ഉത്തരവ് നല്‍കിയതിനെത്തുടര്‍ന്നാണ് പ്രീമിയര്‍ ബ്രൂവറീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഭൂമി പതിച്ചു നല്‍കിയത്. 1985 -ല്‍ പാലക്കാട് തഹസില്‍ദാര്‍ പ്രസ്തുത സ്ഥാപനത്തിന് താത്കാലിക പട്ടയവും നല്‍കിയിരുന്നു. തുടര്‍ന്ന് നേരത്തെ നല്‍കിയിരുന്ന താത്കാലിക പട്ടയത്തിന് പകരം സ്ഥിരം പട്ടയം അനുവദിച്ചു. 2002ല്‍ അന്നത്തെ ജില്ലാ കലക്ടര്‍ പ്രീമിയര്‍ ബ്രൂവറീസ് ലിമിറ്റഡിന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കുന്ന സ്ഥലത്തിന് ഫൈനല്‍ പട്ടയം നല്‍കുന്നതിന് ഭൂമിയുടെ വില സെന്റൊന്നിന് നിശ്ചയിച്ച് നല്‍കുവാന്‍ അപേക്ഷിച്ചു. ഇതിനിടെ പ്രീമിയര്‍ ബ്രൂവറീസ് ലിമിറ്റഡ് ഹൈക്കോടതിയില്‍ നല്‍കിയ കമ്പനി പെറ്റീഷന്‍ പ്രകാരം യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്‍ ലയിപ്പിക്കുന്നതിന് ഉത്തരവായി. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ഈ ഗ്രൂപ്പിനാണ് 20,000 രൂപ നിരക്കില്‍ 20 ഏക്കര്‍ ഭൂമി പതിച്ചുനല്‍കാന്‍ 2005ലെ മന്ത്രിസഭ അനുമതി നല്‍കിയത്. വസ്തുതകള്‍ ഇതായിരിക്കെ ചുളുവിലയ്ക്ക് വിജയ്മല്യക്ക് ഈ സര്‍ക്കാര്‍ ഭൂമി കൈമാറിയെന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതും സര്‍ക്കാരിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളുടെ ഭാഗമായിട്ടുള്ളതാണെന്നും റവന്യൂ മന്ത്രി അറിയിച്ചു.

കഞ്ചിക്കോട്ടെ പുതുശ്ശേരി വെസ്റ്റിലാണ് യു ബി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കിയ ഭൂമി. മല്യയുടെ ഉടമസ്ഥതയിലുള്ള മദ്യക്കമ്പനിക്ക് വ്യവസായിക ആവശ്യത്തിനായാണ് ഭൂമി നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സെന്റിന്20,000 രൂപ നിരക്കില്‍ 14,03,26,576 രൂപക്കാണ് യു ബി ഗ്രൂപ്പിന് ഭൂമി കൈമാറിയത്. യു ഡി എഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയം വരുന്നതിന് മുമ്പാണ് മദ്യക്കമ്പനിക്ക് ഭൂമി പതിച്ചുനല്‍കിയത്. എന്നാല്‍ പുതിയ മദ്യനയം വന്ന ശേഷവും സര്‍ക്കാര്‍ ഇക്കാര്യം പുനഃപരിശോധിച്ചില്ല. ഇത് വാര്‍ത്തയായതോടെയാണ് റവന്യൂമന്ത്രി വാര്‍ത്ത വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായെത്തിയത്.