Connect with us

Kerala

അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് പറഞ്ഞിട്ടില്ല: പിണറായി

Published

|

Last Updated

കൊല്ലം: വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. താന്‍ വി എസിനെ ആക്ഷേപിച്ചു എന്ന് വരുത്താനും എല്‍ ഡി എഫിലെ ഐക്യം തകര്‍ക്കാനുമാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
കൊല്ലം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ജനസഭ -2016 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. വി എസ് പാര്‍ട്ടി വിരുദ്ധനാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയും ചെയ്തു. ഇതിന്റെ പിന്നില്‍ രാഷ്ട്രീയമാണ്. എല്‍ ഡി എഫിനെ പൊളിക്കാനുള്ള ആലോചനയുടെ ഭാഗമായി ചിലര്‍ ഇങ്ങനെയൊരു ചോദ്യം ചോദിക്കുകയായിരുന്നുവെന്നും പിണറായി ആരോപിച്ചു. ആ വാര്‍ത്ത വന്ന ശേഷം അടുത്ത പൊതു സമ്മേളനത്തില്‍ താന്‍ വിശദീകരണം നല്‍കി. അപ്പോള്‍ സീതാറാം യെച്ചൂരി വിളിച്ച് പറഞ്ഞത് കൊണ്ടാണ് തിരുത്തിയെതെന്നാണ് ചിലര്‍ വാര്‍ത്ത കൊടുത്തത്. എന്നാല്‍ യെച്ചൂരി തന്നെ വിളിച്ചിട്ടില്ല. മുമ്പ് പറഞ്ഞത് തിരുത്തിയെന്നതും തെറ്റാണ്. തിരുവനന്തപുരത്ത് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് ആറ്റിങ്ങലിലും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വി എസ് അച്യുതാനന്ദന് എതിരായ പരാമര്‍ശങ്ങളുള്ള പ്രമേയം പി ബി കമ്മീഷന്റെ പരിഗണനയിലാണെന്ന് പിണറായി പറഞ്ഞു. ഇത് തള്ളുകയോ കൊള്ളുകയോ ചെയ്യാം.
വി എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം തന്നെക്കുറിച്ചാകില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. സംസാരിക്കുമ്പോള്‍ കരുതല്‍ വേണമെന്നുള്ളത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. വി എസ് എന്തെങ്കിലും പറഞ്ഞാല്‍ അത് തന്നെക്കുറിച്ചാണെന്ന് ഉദ്ദേശിക്കുന്നതാണ് കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങള്‍ തന്നെ പ്രത്യേക രീതിയില്‍ ലക്ഷ്യം വെക്കുകയാണ്, ഇത്തരത്തില്‍ പിന്നിലൂടെയുള്ള അടി ഒഴിവാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഒരുകാലത്തും കുലംകുത്തികള്‍ ഉണ്ടായിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Latest