ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 പെണ്‍കുട്ടികളെ ഇസില്‍ വധിച്ചു

Posted on: April 21, 2016 8:38 pm | Last updated: April 22, 2016 at 7:49 pm
SHARE

womenലണ്ടന്‍: വടക്കന്‍ ഇറാഖില്‍ ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 പെണ്‍കുട്ടികളെ ഇസില്‍ ഭീകരര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിലായിരുന്നു സംഭവം. തങ്ങളുടെ സംഘടനയില്‍പ്പെട്ടവരെ താല്‍ക്കാലികമായി വിവാഹം കഴിക്കാന്‍ ഇസില്‍ ഈ സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു നിരസിക്കുകയും ഇസിലിന്റെ ലൈംഗിക അടിമകളാകാന്‍ വിസമ്മതിക്കുകയും ചെയ്ത സ്ത്രീകളെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ചിലരുടെ കുടുംബാംഗങ്ങളും വധിക്കപ്പെട്ടരില്‍ ഉള്‍പ്പെടുന്നു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയായ മാമുസിനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മൊസൂളിന്റെ നിയന്ത്രണമേറ്റെടുത്തതു മുതല്‍ ഭീകരരെ താല്‍ക്കാലികമായി വിവാഹം ചെയ്ത് അവരുടെ ലൈംഗിക അടിമകളാകാന്‍ ഇവര്‍ ഇറാഖി സ്ത്രീകളെ നിര്‍ബന്ധിച്ചുവരികയായിരുന്നു. ഇതിനെതിരെ നിലകൊണ്ടവരാണ് കൊല്ലപ്പെട്ടതെന്ന് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് വ്യക്തമാക്കി. മൊസൂളില്‍ സ്ത്രീകള്‍ക്കു ഒറ്റയ്ക്കു പുറത്തിറങ്ങി നടക്കാന്‍ അനുവാദമില്ല. അവരുടെ പങ്കാളികളെ സ്വന്തമായി തെരഞ്ഞെടുക്കാനും സ്ത്രീകള്‍ക്ക് അവകാശമില്ല. ഭീകരരുടെ ലൈംഗിക ആവശ്യം നിറവേറ്റുന്നതിനു 2014 ഓഗസ്റ്റില്‍ അഞ്ഞൂറിലേറെ യസീദി പെണ്‍കുട്ടികളെയാണ് ഇസില്‍് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഒക്‌ടോബറിലും അഞ്ഞൂറിലേറെ യസീദി പെണ്‍കുട്ടികളെ വടക്കന്‍ ഇറാക്കിലെ സിന്‍ജാര്‍ പ്രവശ്യയില്‍നിന്നും ഇസില്‍ തട്ടിക്കൊണ്ടുപോയിരുന്നു. 2014 ജൂണിലാണ് ഇസില്‍ മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ആഭ്യന്തര യുദ്ധത്തില്‍ ഇറാക്ക് സൈന്യത്തെ തുരത്തിയാണ് ഭീകരര്‍ മൊസൂള്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here