Connect with us

Gulf

അജ്മാനില്‍ അടുത്ത മാസം മുതല്‍ വേഗ നിയന്ത്രണം

Published

|

Last Updated

അജ്മാന്‍: അടുത്ത മാസം ആദ്യം മുതല്‍ അജ്മാനിലെ ചില റോഡുകളില്‍ വേഗ നിയന്ത്രണം നടപ്പാക്കുമെന്ന് അജ്മാന്‍ പോലീസ് വ്യക്തമാക്കി. ഇന്നലെ അജ്മാന്‍ പോലീസ് ആസ്ഥാനത്ത് സേനാ മേധാവിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വാഹനാപകടങ്ങള്‍ക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമാണ് വേഗ പരിധി കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് മേധാവി ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി. ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി സ്ട്രീറ്റില്‍ വേഗ പരിധി മണിക്കൂറില്‍ 70 കിലോമീറ്ററായിരിക്കും. നിലവില്‍ 80 കിലോമീറ്ററാണ്. ഈ റോഡില്‍ വേഗ പരിധി 91 കിലോമീറ്റര്‍ കടന്നാല്‍ റഡാര്‍ പിടികൂടും. ശൈഖ് റാശിദ് ബിന്‍ സഈദ് സ്ട്രീറ്റിലും 80 ഉള്ള വേഗ പരിധി 70 ആക്കി കുറച്ചിട്ടുണ്ട്. ഇവിടേയും റഡാറില്‍ സെറ്റ് ചെയ്തിരിക്കുന്ന പരിധി 91 ആണ്. ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി സ്ട്രീറ്റില്‍ വേഗം 60ല്‍ നിന്ന് 50 ആവും. ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി സ്ട്രീറ്റ്, കുവൈത്ത് സ്ട്രീറ്റ് എന്നിവിടങ്ങളിലും വേഗ പരിധി 60ല്‍ നിന്ന് 50 ആക്കി കുറച്ചിട്ടുണ്ട്. ഈ മൂന്നു റോഡിലും വേഗ പരിധി 71 കിലോമീറ്റര്‍ കടന്നാല്‍ പിടിവീഴും.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് സ്ട്രീറ്റില്‍ 100 കിലോമീറ്റര്‍ വേഗ പരിധി 90 ആയി കുറയും ഇവിടെ 111 കിലോമീറ്റര്‍ കടന്നാല്‍ റഡാറില്‍ പതിയും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്ട്രീറ്റില്‍ 80 കിലോമീറ്ററായി വേഗ പരിധി ചുരുങ്ങും. നിലവില്‍ ഇത് 100 കിലോമീറ്ററാണ്. 101 കിലോമീറ്റര്‍ കടന്നാല്‍ റഡാറില്‍ പതിയും. അപകടങ്ങള്‍ കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് റോഡുകളിലെ വേഗ പരിധി പരിമിതപ്പെടുത്തുന്നതെന്ന് അജ്മാന്‍ ട്രാഫിക് പോലീസ് ഡറക്ടര്‍ ജനറല്‍ ലഫ്. കേണല്‍ അലി ഹുമൈദ് അല്‍ മുസൈബിയും പറഞ്ഞു. പോലീസിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ റോഡപകടങ്ങളിലേക്ക് നയിക്കുന്നത് അമിതവേഗമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. വേഗം കുറക്കാന്‍ പ്രേരിപ്പിക്കുന്ന ഹമ്പുകളും റോഡുകളില്‍ സ്ഥാപിക്കും. റോഡുകളില്‍ നിന്ന് ഹൈവേകളിലേക്ക് പ്രവേശിക്കുന്നിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ റെഡ് ട്രാഫിക് കോണുകള്‍ വെക്കുമെന്നും അല്‍ മുസൈബി വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest