ദോഹ മെട്രോ ടണല്‍ നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകും

Posted on: April 21, 2016 7:56 pm | Last updated: April 21, 2016 at 7:56 pm
SHARE

METRO DOHAദോഹ: മെട്രോ റയില്‍ പാതകള്‍ക്കു വേണ്ടിയുള്ള തുരങ്കങ്ങളുടെ നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകും. 2019ല്‍ സര്‍വീസ് ആരംഭിക്കുന്നതിനായി നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോ ഒന്നാംഘട്ട പാതകളായ റെഡ്, ഗ്രീന്‍, ഗോള്‍ഡ് ലൈനുകള്‍ക്കു വേണ്ടിയുള്ള തുരങ്കങ്ങളാണ് നേരത്തേ നിശ്ചയിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കുക.
തുരങ്ക നിര്‍മാണത്തിലേര്‍പ്പെട്ട ആസ്ട്രിയന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ പി ഒ ആര്‍ ആര്‍ ഉള്‍പ്പെടെയുള്ള എല്ലാ കരാര്‍ കമ്പനികളും ദ്രുതഗതിയില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ശര്‍ഖ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. നിശ്ചിത സമയത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനായി സര്‍വ സന്നാഹങ്ങളോടെ പ്രവര്‍ത്തിച്ചു വരികയാണെന്നും എന്നാല്‍ സുരക്ഷയും നിര്‍മാണത്തിലെ മികവും ഉറപ്പു വരുത്തുന്നതില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്നും പി ഒ ആര്‍ ആര്‍ കമ്പനി സി ഒ ഒ വ്യക്തമാക്കി.
ഗ്രീന്‍ലൈന്‍ തുരങ്ക നിര്‍മാണം എജുക്കേഷന്‍ സിറ്റിക്കു സമീപം അതിന്റെ അന്തിമഘട്ടത്തിലാണ്. പച്ചപ്പാതയിലെ അവസാനത്തെ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന്‍ എജുക്കേഷന്‍ സിറ്റിയിലേതാണ്. രണ്ടു ഘട്ടങ്ങളിലായാണ് ദോഹ മെട്രോ നിര്‍മാണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ 37 സ്റ്റേഷനുകളാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്. രണ്ടാംഘട്ട പാതകള്‍ 2026ലാണ് പൂര്‍ത്തീകരണം ലക്ഷ്യമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here