രാഹുല്‍ ബി സി സി ഐയുടെ ആദ്യ സി ഇ ഒ

Posted on: April 21, 2016 9:24 am | Last updated: April 21, 2016 at 9:24 am
SHARE

rhന്യൂഡല്‍ഹി: ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശ പ്രകാരം ബി സി സി ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ചരിത്രത്തിലാദ്യമായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസ (സി ഇ ഒ) റെ നിയമിച്ചു. രാഹുല്‍ ജോഹ്‌രിയാണ് സി ഇ ഒ. ജൂണ്‍ ഒന്നിന് മുംബൈ കേന്ദ്രീകരിച്ച് സി ഇ ഒ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ അറിയിച്ചു.
ഡിസ്‌കവറി നെറ്റ്‌വര്‍ക്‌സ് ഏഷ്യ പസിഫിക്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സൗത്ത് ഏഷ്യ ജനറല്‍ മാനേജര്‍ തസ്തികകളില്‍ മാനേജ്‌മെന്റ് വൈദഗ്ധ്യം തെളിയിച്ച രാഹുല്‍ ജോഹ്‌രിയുടെ സേവനം ബി സി സി ഐക്ക് മുതല്‍ക്കൂട്ടാകുമെന്ന് ശശാങ്ക് മനോഹര്‍ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി ബി സി സി ഐ നിരവധി പദ്ധതികളുടെ പ്രവര്‍ത്തനവുമായി തിരക്കിലാണ്. പ്രൊഫഷണല്‍ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ സി ഇ ഒക്ക് സാധിക്കുമെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു.
ബി സി സി ഐയുടെ മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി നടക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലോധ പാനല്‍ സി ഇ ഒയെ നിയമിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, നിയമനത്തിന് മടിച്ചു നിന്ന ബി സി സി ഐക്ക് സുപ്രീം കോടതി വിമര്‍ശമേറ്റിരുന്നു. ലോധ പാനലിന്റെ മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കുവാന്‍ സാധിക്കില്ലെന്നായിരുന്നു ബി സി സി ഐ നിലപാട്.