‘സെല്‍ഫി’ന് വേണ്ടിയുള്ള സെല്‍ഫികള്‍

Posted on: April 21, 2016 9:13 am | Last updated: April 23, 2016 at 1:22 am
SHARE

nikeshസെല്‍ഫിക്ക് പോസ് ചെയ്യുകയെന്നത് ഒരു തരം കലയാണ്. സാധാരണ ഫോട്ടോ പോസിംഗ് പോലെ ‘ചിന്‍ അപ്, ചിന്‍ ഡൗണ്‍, ഷോള്‍ഡര്‍ ഡൗണ്‍….സ്‌മൈല്‍ പ്ലീസ്’ ഫോര്‍മുലയൊന്നും സെല്‍ഫിയില്‍ ക്ലിക്കാകില്ല. ന്യൂജെന്‍ പിള്ളേര്‍ ഇക്കാര്യത്തില്‍ അഗ്ര ഗണ്യന്മാരാണ്. തീപ്പിടിത്തത്തിന് മുമ്പില്‍വെച്ചും ഛിന്നഭിന്നമായ ശരീരങ്ങള്‍ക്കിടയില്‍ വെച്ചും എന്തിന് സ്വന്തം വല്യപ്പന്റെ മൃതദേഹത്തിന് അരികില്‍ വെച്ചും സെല്‍ഫിയെടുത്ത് കഴിവു തെളിയിച്ചവരാണ് പുതുതലമുറ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഇക്കാര്യങ്ങളൊക്കെ ഓര്‍ത്തുവെച്ചാല്‍ കാര്യമുണ്ടാകും.
പ്രസംഗിക്കാനും എതിരാളികളെ പ്രതിരോധിക്കാനും മാത്രം പോര പാര്‍ട്ടിയുടെ സൗജന്യ പരിശീലനം. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്യാമ്പില്‍ സെല്‍ഫിയെടുക്കുന്നതിനെ കുറിച്ച് പ്രത്യേക പരിശീലനം തന്നെ നല്‍കണം. നാട്ടില്‍ കറങ്ങി നടക്കുന്ന ന്യൂജെന്‍ പിള്ളേരാണ് ക്ലാസ് നിയന്ത്രിക്കുന്നതെങ്കില്‍ സംഗതി കേമമായി.
സെല്‍ഫിയെടുത്താലെ വോട്ട് കിട്ടൂവെന്നൊരു ചിന്താഗതി സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ചുറ്റിപ്പറ്റുന്നുണ്ടെന്നാണ് തോന്നുന്നത്. പാര്‍ട്ടിയിലെ യുവ രക്തങ്ങള്‍ കാണിച്ച സെല്‍ഫി മാതൃക തല മുതിര്‍ന്ന നേതാക്കള്‍ വരെ സ്വീകരിച്ചു. രാഷ്ട്രീയ സെല്‍ഫി രംഗത്ത് കേരളത്തിലെ ആദ്യ ‘ദുരന്ത’വും കഴിഞ്ഞ ദിവസം മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തു. മുറിവ് പറ്റിയാലെന്താ…വേദനയുണ്ടായാലെന്താ..കണ്ണൂരിലെ കല്ലേറിനേക്കാളും ക്ലീന്‍ പബ്ലിസിറ്റി കിട്ടിയില്ലേ മലപ്പുറത്തെ ഒരൊറ്റ സെല്‍ഫിക്ക്…? സെല്‍ഫിയെടുക്കാന്‍ തിടുക്കം കാണിച്ച കന്നി വോട്ടര്‍മാരില്‍ ഒരു സഹതാപ തരംഗം ഉണ്ടായാലോ..? എന്തായാലും മുന്നണിക്ക് ഒരു വോട്ട്.
തുടരണം ഈ സെല്‍ഫി…

സെല്‍ഫിക്ക് മുമ്പില്‍ ചിരിക്കാന്‍ നല്ലവണ്ണം പാടുപെടുന്നുണ്ട് തലമുതിര്‍ന്ന നേതൃത്വം. ചെക്കന്‍ എപ്പോഴാണ് ക്ലിക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ…അത് എത്ര വട്ടമെന്നും ‘പ്രഡിക്റ്റ്’ ചെയ്യാന്‍ സാധിക്കില്ല. ചിലപ്പോള്‍ സ്‌ക്രീനില്‍ കുത്തും മറ്റ് ചിലപ്പോള്‍ ഫോണിന്റെ വശത്താകും. സെല്‍ഫി വടികൊണ്ടാണെങ്കില്‍ പിന്നെ ഒന്നും മനസ്സിലാകില്ല.
മൊബൈല്‍ സ്‌ക്രീനിലേക്കോ അതോ ക്യാമറയിലേക്കോ എവിടേക്കാണ് നോക്കേണ്ടതെന്ന് മനസ്സിലാകാത്തതിന്റെ ഒരു ആശങ്കയും ആകുലതയും നേതാക്കള്‍ പുറത്തുവിടുന്ന സെല്‍ഫി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. നാല് ഭാഗത്ത് നിന്ന് ഒരുമിച്ച് സെല്‍ഫിയുമായി എത്തുന്ന പടക്ക് മുമ്പില്‍ പോസ് ചെയ്യാനാകാതെ തോറ്റ് പോകുകയാണ് വിപ്ലവ നേതാക്കള്‍. എന്ത് ചെയ്യാന്‍..സഹിച്ചല്ലെ പറ്റു..
തുടക്ക സെല്‍ഫിയല്ലെ..എല്ലാം ശരിയാകും

സെല്‍ഫിയില്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയ പ്രധാനമന്ത്രിയുടെ പിന്‍ഗാമിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം സെല്‍ഫിയില്‍ ആള്‍ വളരെ പിന്നോട്ടാണ്. സെല്‍ഫിക്ക് മുമ്പില്‍ പോസ് ചെയ്യുമ്പോള്‍ ഇതൊന്നും വേണ്ടായെന്നൊരു തോന്നലാണ്. സെല്‍ഫിയിലൊന്നും കാര്യമില്ലന്നോ, ഇതൊക്കെ മോദിജിക്ക് മാത്രമേ കഴിയൂവെന്നൊക്കെയുള്ള ധാരണയിലാണ് ആ നില്‍പ്പ്.
വഴിമുട്ടിയ സെല്‍ഫി…

എന്തായാലും സ്ഥാനാര്‍ഥി വോട്ട് ചോദിക്കാനെത്തുമ്പോള്‍ മുടി ചീകി മുഖമൊക്കെ വെടിപ്പാക്കി നില്‍ക്കേണ്ട അവസ്ഥയിലാണ് വോട്ടര്‍മാര്‍. സെല്‍ഫിയെടുപ്പും ഫേസ്ബുക്കിലെക്കുള്ള പോസ്റ്റിംഗുമൊക്കെ ഒരുമിച്ചാകും. ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാതിരി ആയാല്‍ പിന്നെ നാണക്കേടാകും. നാട്ടുകാര് കാണുന്ന ഫോട്ടോയാണ്. കല്യാണ പ്രായമെത്തിയ പിള്ളേര്‍ ഒരു സ്ഥാനാര്‍ഥിയെ കിട്ടാനുള്ള കാത്തിരിപ്പിലാണ്. സ്ഥാനാര്‍ഥിക്കൊപ്പമുള്ള സെല്‍ഫി അങ്ങ് ക്ലിക്കായാല്‍ ചിലപ്പോള്‍ കല്യാണം വരെ ഒത്തുവന്നേക്കും.
സെല്‍ഫിയും കൊള്ളാം പോസ്റ്റിംഗും കൊള്ളാം. ജയിച്ച് നിയമസഭയിലെത്തുമ്പോള്‍ വെറും ‘സെല്‍ഫി’ന് വേണ്ടി മാത്രമാകരുതെന്ന് മാത്രം. ‘സെല്‍ഫി’നായി കളിക്കുന്ന നേരത്ത് പണ്ട് പാടത്തും പറമ്പത്തും വെച്ച് സെല്‍ഫിയെടുത്തവരെയൊക്കെ ഓര്‍ക്കണേ…

LEAVE A REPLY

Please enter your comment!
Please enter your name here