ഈ പോര് കുട്ടിക്കളിയാകില്ല…

Posted on: April 21, 2016 9:08 am | Last updated: April 23, 2016 at 1:22 am
SHARE

cp muhammedവാശിയേറിയ പോരാട്ടത്തിനാണ് പട്ടാമ്പി മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫ് ശ്രമിക്കുമ്പോള്‍ പിടിച്ചെടുക്കാന്‍ എല്‍ ഡി എഫും തമ്മിലുള്ള മത്സരം ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. രണ്ട് തവണ വിജയിച്ച സി പി മുഹമ്മദിനെ വീണ്ടും യു ഡി എഫ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയും ജെ എന്‍ യു വില്‍ പഠിക്കുന്ന എ ഐ എസ് എഫ് നേതാവുമായ മുഹമ്മദ് മുഹ്‌സിനെയാണ് സി പി ഐ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
പട്ടാമ്പിയുടെ രാഷ്ട്രീയ പാരമ്പര്യം ഇടത്തോട്ട് ചായുന്നതാണെങ്കിലും അതിനൊരു മാറ്റം വരുത്തിയത് സി പി മുഹമ്മദ് യു ഡി എഫ് സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ വന്നതോടെയാണ്. അതുകൊണ്ടാണ് ചുവപ്പ് കോട്ടയില്‍ രണ്ട് തവണയും ത്രിവര്‍ണ പതാക പറപ്പിക്കാന്‍ സി പി മുഹമ്മദിന് കഴിഞ്ഞതും. കഴിഞ്ഞകാലങ്ങളില്‍ മണ്ഡലത്തില്‍ താന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് വോട്ടുതേടുന്ന സി പി മുഹമ്മദിന് പ്രധാനവെല്ലുവിളി ഇടത് മുന്നണിയേക്കാള്‍ മുഹമ്മദ് മുഹസിന്റെ സ്ഥാനാര്‍ഥിത്വം തന്നെയാണ്. പരാമ്പരാഗതമായി മുസ്‌ലിം വോട്ടുകള്‍ ലഭിച്ച യു ഡി എഫിന് ഇത്തവണ പട്ടാമ്പിയില്‍ മുഹ്‌സിന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
സി പി മുഹമ്മദിനെ പോലെ തന്നെ, സ്വന്തം തട്ടകത്തില്‍ ജനിച്ച്, വിശപ്പിന്റെയും ദാരിദ്രത്തിന്റെയും കയ്‌പേറിയ സംഭവങ്ങളുമായി തന്റെ ബാല്യം കഴിച്ച് കൂട്ടി സ്വന്തം പ്രയത്‌നത്തില്‍ വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടുമുടിയിലെത്തിയ മുഹമ്മദ് മുഹ് സിനെയും പട്ടമ്പിക്കാര്‍ക്ക് മറക്കാന്‍ കഴിയില്ല. മുസ്‌ലിം വോട്ടുകളെന്ന പോലെ നിഷ്പക്ഷ വോട്ടുകളും നിര്‍ണായകമാണിവിടെ.
മുഹമ്മദ് മുഹസിന് സ്ഥാനാര്‍ഥിത്വം ലഭിക്കുന്നത് വളരെ അപ്രതീക്ഷിതമായാണ്. കന്‍ഹയ്യ കുമാറിന്റെ സഹപ്രവര്‍ത്തകനായ മുഹ്‌സിന്‍ ഓങ്ങല്ലൂര്‍ കാരക്കാട് സ്വദേശിയാണ്. സി പി ഐ വിദ്യാര്‍ഥിസംഘടനയുമായുളള ബന്ധവും ജെ എന്‍ യു സംഭവങ്ങളുടെ പ്രചാരണങ്ങളുമെല്ലാം മുഹ്‌സിന്‍ അനുകൂലമാകുമെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. എന്നാല്‍ രാഷ്ട്രീയത്തിലെ തഴക്കവും പഴക്കവുമുളള സി പി മുഹമ്മദിന് മുന്നില്‍ ഇത് എത്രകണ്ട് വിലക്ക് പോകുമെന്ന് കണ്ടറിയണം.സിറ്റിംഗ് എം എല്‍ എ എന്ന നിലയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സി പിയുടെ കൈമുതല്‍.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായുളള പട്ടാമ്പി താലൂക്ക് എന്ന ആവശ്യം നടപ്പിലാക്കിയാണ് ഇക്കുറി യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും തുടര്‍വിജയത്തിന്റെ സ്വപ്‌നത്തെ പിടിച്ചുകെട്ടുന്നതാണ് കഴിഞ്ഞതിരെഞ്ഞടുപ്പിലെ കണക്കുകള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് പട്ടാമ്പിയില്‍ യു ഡി എഫ് പിന്നിലായത്.
പരമ്പരാഗതമായി എല്‍ ഡി എഫിലെ രണ്ടാമത്തെ പ്രധാനഘടകകക്ഷിയായ സി പി ഐയുടെ മണ്ഡലമാണ് പട്ടാമ്പി. പക്ഷേ കെ ഇ ഇസ്മാഈലിന്റെ വിജയത്തിന്‌ശേഷം എല്‍ ഡി എഫിന് പട്ടാമ്പി അനുഗ്രഹിച്ചിട്ടില്ല. 82ലും 91ലും ഇസ്മാഈല്‍ ഇവിടെ നിന്നും ജയിച്ചിരുന്നു. 2001-ല്‍ ഇസ്മാഈലിനെ തോല്‍പ്പിച്ചാണ് സി പി, മണ്ഡലം പിടിച്ചെടുത്തത്. 2006-ലും 500ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ്ടും ഇസ്മയിലിനെ തോല്‍പ്പിച്ചു.
1957ല്‍ പട്ടാമ്പി നിയമസഭാ മണ്ഡലം നിലവില്‍ വന്നതിന് ശേഷം ഇടതുപഷത്തെ വിജയിപ്പിക്കാന്‍ ചരിത്രമാണ് പട്ടാമ്പിക്കുള്ളത്. 1960ലും 65ലും 67ലും 70ലും ഇ എം എസ് നമ്പൂതിരിപ്പാട് ജനവിധി തേടി വിജയിച്ചത് പട്ടാമ്പിയിലാണ്. 1965ലും 1977ലും ഇ എം എസിനെതിരെ മത്സരിച്ചത് സി പി ഐ സ്ഥാനാര്‍ഥികളായ കെ പി തങ്ങളും ഇ പി ഗോപാലനുമായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇ എം എസ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
ഇ എം എസ് മാറിയതിന് ശേഷം 1977ല്‍ ദേവകി വാര്യാര്‍ സ്ഥാനാര്‍ഥിയായപ്പോഴാണ് സി പി ഐക്ക് വിജയിക്കാനായത്. ഇടത് മുന്നണിയില്‍ ഘടകകക്ഷിയായതിനെ തുടര്‍ന്ന് സി പി ഐക്ക് 1980മുതല്‍ പട്ടാമ്പി സീറ്റ് നല്‍കാന്‍ തുടങ്ങിയതോടെയാണ് യു ഡി എഫ് വിജയിക്കാനും തുടങ്ങിയത്.
1980ല്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ എം പി ഗംഗാധരന്‍ സി പി ഐയിലെ ഇ പി ഗോപാലനെ തോല്‍പ്പിച്ച് തുടക്കമിടുകയും ചെയ്തു. 82ലും 91ലും 96ലും സി പി ഐയിലെ കെ ഇ ഇസ്മാഈലാണ് വിജയിച്ചത്. 87ലും 2001ലും 2006ലും കെ ഇ ഇസ്മാഈല്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. 87ല്‍ കോണ്‍ഗ്രസിലെ ലീലാദമോദരനോടാണ് തോറ്റതെങ്കില്‍ 2001ലും 2006ലും തോറ്റത് യുവനേതാവായ യു ഡി എഫിലെ സി പി മുഹമ്മദിനോടായിരുന്നു. ഇടതിന് വേരോട്ടമുള്ള ഈ മണ്ഡലം പിടിച്ചെടുക്കാന്‍ തന്നെയാണ് സി പി ഐയുടെ ഇത്തവണത്തെ നോട്ടം. മത്സരം ഇരുമുന്നണികള്‍ തമ്മിലാണെങ്കിലും സാന്നിധ്യം അറിയിച്ച് ബി ജെ പിയും രംഗത്തുണ്ട്. അഡ്വ പി പി മനോജാണ് സ്ഥാനാര്‍ഥി.
ഇ എം എസ് നമ്പൂതിരിപ്പാടും ഇ പി ഗോപാലനുമൊക്കെ ജയിച്ച ചുവപ്പ് കോട്ടയില്‍ സി പി മുഹമ്മദിന്റെ അധീശത്വം തകര്‍ക്കാന്‍ മുഹമ്മദ് മുഹ്‌സിന് കഴിയുമൊയെന്നറിയാന്‍ രാഷ്ട്രീയ ലോകം കാത്തിരിക്കുകയാണ്.

പട്ടാമ്പി
പട്ടാമ്പി നഗരസഭ, വല്ലപ്പുഴ, തിരുവേഗപ്പുറ, കുലക്കല്ലൂര്‍, ഓങ്ങല്ലൂര്‍, മുതുതല, കൊപ്പം പഞ്ചായത്തുകള്‍
വോട്ടുരേഖ
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ്
സി പി മുഹമ്മദ് (കോണ്‍ഗ്രസ്) 57,728
കെ പി സുരേഷ് രാജ് (സി പി ഐ) 45,253
പി ബാബു (ബി ജെ പി) 8,874
ഭൂരിപക്ഷം 12,475

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്
(പട്ടാമ്പി)
എം ബി രാജേഷ് (സി പി എം) 53,821
എം പി വീരേന്ദ്രകുമാര്‍ (എസ് ജെ ഡി ) 47,231
ശോഭാ സുരേന്ദ്രന്‍ (ബി ജെ പി) 15,102
ഭൂരിപക്ഷം 8,331

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം
എല്‍ ഡി എഫ് 3പഞ്ചായത്തുകള്‍
യു ഡി എഫ് നഗരസഭ, നാല് പഞ്ചായത്തുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here