ഇ- ലോകത്തേക്ക് ‘വലതു’കാല് വെച്ച്…

Posted on: April 21, 2016 9:05 am | Last updated: April 21, 2016 at 9:05 am

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു ഡി എഫിന്റെ പ്രചാരണ വെബ്‌സൈറ്റ് www.udfkerala.org മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു. പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വെബ് സൈറ്റ് തയ്യാറാക്കിയതെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചു. വികസനോന്മുഖമായ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു ഡി എഫ് ഭരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വിശദമായി തന്നെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അതോടൊപ്പം യു ഡി എഫിന്റെ പ്രമുഖ നേതാക്കളുടെ പ്രതികരണങ്ങളും, വിലയിരുത്തലുകളും ജനങ്ങള്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകള്‍, ഫേസ് ബുക്ക്, ടിറ്റ്വര്‍, യു ട്യൂബ്, എല്ലാ സ്ഥാനാര്‍ഥികളുടെയും വിവരങ്ങള്‍. പ്രകടന പത്രികയുടെ പൂര്‍ണ രൂപം, പ്രചാരണത്തിനായുള്ള മൊബൈല്‍ ആപ് ഡൗണ്‍ലോഡ്, സര്‍ക്കാറിന്റെ നേട്ടങ്ങളുടെ ബാനറുകള്‍, ആനുകാലിക പ്രചരണ വിഷയങ്ങള്‍, പ്രചാരണ പരിപാടികള്‍, പത്രക്കുറിപ്പുകള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാകും.
യു ഡി എഫിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പ്രകാശനം ചെയ്തു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും യു ഡി എഫ് കേരള എന്ന് ടൈപ്പ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. വരും ദിവസങ്ങളില്‍ ഐക്യജനാധിപത്യമുന്നണിയുടെ നേതാക്കളുടെ അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് വിശദമായ സന്ദേശവും ആശയ പ്രചാരണങ്ങളും വെബ്‌സൈറ്റിലുണ്ടാകുമെന്ന് ഐ ടി സെല്‍ ചെയര്‍മാന്‍ രഞ്ജിത്ത് ബാലന്‍ അറിയിച്ചു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മറ്റ് യു ഡി എഫ് കക്ഷി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.