Connect with us

Kerala

പിണറായിക്ക് വോട്ട് പിടിക്കാന്‍ വി എസ് എത്തും

Published

|

Last Updated

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വി എസ് അച്യുതാനന്ദന്‍ കണ്ണൂരിലെത്തുന്നു. മണ്ഡലത്തിലുള്‍പ്പെട്ട ചക്കരക്കല്ലിലാണ് ഇന്ന് കണ്ണൂരിലെത്തുന്ന വി എസ് ആദ്യം പ്രസംഗിക്കുക. എന്നാല്‍ സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വി എസ് പ്രസംഗിക്കുമ്പോള്‍ വേദിയില്‍ സ്ഥാനാര്‍ഥിയായ പിണറായി ഉണ്ടാകില്ല. തെക്കന്‍ ജില്ലകളില്‍ പ്രചാരണത്തിരക്കിലായതിനാലാണ് പിണറായി ഇന്ന് ധര്‍മടത്തെത്താത്തത്. കണ്ണൂര്‍ ജില്ലയില്‍ മറ്റ് നാല് തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിലും വി എസ് പങ്കെടുക്കുന്നുണ്ട്. വി എസിനെതിരായ പാര്‍ട്ടി പ്രമേയത്തെ കുറിച്ച് ഇന്നലെ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കെയാണ് വി എസിന്റെ ധര്‍മടേക്കുള്ള വരവ്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വി എസ് പൂര്‍ണ മനസ്സോടെ കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പു പര്യടനത്തിനെത്തുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായിരുന്ന, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ഔദ്യോഗിക വിഭാഗത്തിന്റെ ശക്തരായ വക്താക്കളായിരുന്ന ഇ പി ജയരാജനും, പി കെ ശ്രീമതിയും അടക്കമുള്ളവര്‍ വി എസിനെ പ്രചാരണത്തിനായി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനു ശേഷം വിഭാഗീയത പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വി എസിനു കണ്ണൂരില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടു. പാര്‍ട്ടി വിലക്ക് ലംഘിച്ച് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചതടക്കമുള്ള പ്രശ്‌നങ്ങളാണ് ഔദ്യോഗിക നേതൃത്വവും വി എസും തമ്മിലുള്ള ഭിന്നത അക്കാലത്ത് മൂര്‍ച്ഛിപ്പിച്ചത്.
പാര്‍ട്ടി ഓഫീസ് ഉദ്ഘാടനമടക്കമുള്ള കാര്യങ്ങള്‍ക്കായി കീഴ് ഘടകങ്ങള്‍ വി എസിന്റെ സാന്നിധ്യം ആവശ്യപെട്ടിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം അനുമതി നല്‍കിയിരുന്നില്ല. പാര്‍ട്ടികക്കത്തെ വിഭാഗീയതക്ക് അയവുവന്നതോടെയാണ് വി എസ്, കണ്ണൂരില്‍ വീണ്ടും പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വി എസ് കണ്ണൂരില്‍ പ്രചാരണത്തിനെത്തിരുന്നില്ല. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് വേദികളില്‍ അദ്ദേഹം പ്രസംഗിച്ചു.
വന്‍ ജനക്കൂട്ടമാണ് ഈ പരിപാടികള്‍ക്കെത്തിയത്. മെയ് ആദ്യവാരം മുതലാണ് വി എസ്, സ്വന്തം പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിണറായിയാകട്ടെ മണ്ഡലത്തില്‍ രണ്ടാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തിനായി ഇറങ്ങിയിരിക്കുന്നത്. കണ്ണൂരിലെ സി പി എം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തില്‍ വി എസ് മുഖ്യസ്ഥാനം നേടിയിട്ടുണ്ട്. വി എസിനും പിണറായിക്കുമൊപ്പമുള്ള ഫഌക്‌സുകളാണ് സ്ഥാനാര്‍ഥികള്‍ എല്ലാ മണ്ഡലങ്ങളിലും ഉയര്‍ത്തിയിരിക്കുന്നത്.

Latest