വഖ്ഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫീസിലേക്ക് ശനിയാഴ്ച കേരള മുസ്‌ലിം ജമാഅത്ത് മാര്‍ച്ച്

Posted on: April 21, 2016 12:34 am | Last updated: April 21, 2016 at 12:34 am
SHARE

കോഴിക്കോട്: രാഷ്ട്രീയ – സംഘടനാ വിരോധത്തിന്റെ പേരില്‍ വഖ്ഫ് ബോര്‍ഡ് കൈക്കൊള്ളുന്ന ഏകപക്ഷീയ നടപടികളില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ വഖ്ഫ് ബോര്‍ഡ് ഡിവിഷനല്‍ ഓഫീസിലേക്ക് 23ന് മാര്‍ച്ച് നടത്തും. കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാര്‍ച്ച് ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് ആരംഭിക്കും.
കഴിഞ്ഞ ഏതാനും വര്‍ഷമായി വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തികച്ചും ഏകപക്ഷീയമായ നിലപാടുകളാണ് വഖ്ഫ് ബോര്‍ഡില്‍ നിന്നുണ്ടാവുന്നത്. നിരന്തരം പരാതികള്‍ നല്‍കിയിട്ടും പരിഹാരമില്ലാതെ വന്ന സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഇക്കാര്യം പലതവണ ബോര്‍ഡ് ചെയര്‍മാന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടും കൈമലര്‍ത്തുകയാണുണ്ടായത്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പൊതുസ്ഥാപനമായ വഖ്ഫ് ബോര്‍ഡ് കാര്യാലയത്തെ സങ്കുചിത താത്പര്യങ്ങള്‍ക്കും രാഷ്ട്രീയ പകപോക്കലിനും ദുരുപയോഗം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
മഹല്ല് ഭരണ സമിതികളുമായും സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ നിയമവിരുദ്ധമായാണ് വഖഫ് ബോര്‍ഡ് തീരുമാനങ്ങളെടുക്കുന്നത്. ചര്‍ച്ചകള്‍ക്ക് പോലും സന്നദ്ധമാകാതെ പല തീരുമാനങ്ങളും ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയാണ്. കോടതികള്‍ സ്റ്റാറ്റസ്‌കോ നിര്‍ദേശിച്ച സ്ഥലങ്ങളില്‍ പോലും അവിഹിത ഇടപെടല്‍ നടത്തി തീരുമാനങ്ങളെടുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ബന്ധപ്പെട്ടവരെ നിരന്തരം ഇക്കാര്യം അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. കോഴിക്കോട് ഡിവിഷനല്‍ ഓഫീസിലേക്ക് ശനിയാഴ്ച നടക്കുന്ന മാര്‍ച്ചില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ ശനിയാഴ്ച കാലത്ത് ഒമ്പത് മണിക്ക് ടൗണ്‍ഹാള്‍ പരിസരത്ത് എത്തിച്ചേരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഓഫീസില്‍ നിന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here