ഭൂവിനിയോഗത്തിലുള്ള വ്യത്യാസം കാലാവസ്ഥയെ സ്വാധീനിക്കുന്നു

Posted on: April 21, 2016 6:00 am | Last updated: April 21, 2016 at 12:27 am
SHARE

കണ്ണൂര്‍: കേരളത്തിന്റെ ഭൗമ-കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിസ്ഥിതി വകുപ്പ് നടത്തിയ പഠനം പൂര്‍ത്തിയായി. അടുത്ത കാലത്തായി കേരളത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് വഴി തുറക്കുന്നതിന്റെ പശ്ചാതലത്തില്‍ നടത്തിയ രണ്ട് വര്‍ഷം നീണ്ട പഠനമാണ് പൂര്‍ത്തിയായത്. ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തെ നോഡല്‍ ഏജന്‍സിയാക്കി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പഠന പ്രവര്‍ത്തനങ്ങള്‍ നടന്നത്. വിവിധ മേഖലകളിലെ 12ഓളം ശാസ്ത്രജ്ഞരടങ്ങിയ സംഘം ഇതില്‍ പങ്കെടുത്തു. കാലാവസ്ഥാ മാറ്റം, സംസ്ഥാനത്ത് ഭൂവിനിയോഗത്തില്‍ വന്ന വ്യത്യാസം, അന്തരീക്ഷ ഘടനയിലെ വ്യതിയാനം, സമുദ്രനിരപ്പിലെ മാറ്റം, മഴയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തുടങ്ങിയവയെ കുറിച്ചാണ് ആദ്യഘട്ട നിരീക്ഷണമാരംഭിച്ചത്. ഉപഗ്രഹങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളും വിദൂര സംവേദന മാര്‍ഗങ്ങളും കൂടുതലുപയോഗപ്പെടുത്തിയാണ് ആദ്യഘട്ടം തുടങ്ങിയത്.
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ വിവിധ മേഖലകളിലുണ്ടായ ഭൂചലനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠന വിധേയമാക്കി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി സംസ്ഥാനത്തെ ഭൂമിയുടെ ഉപയോഗത്തിലുള്ള വ്യത്യാസം കാലാവസ്ഥയെ ഗണ്യമായി സ്വാധീനിച്ചതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലാവസ്ഥാ മാറ്റത്തിന് ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന് വനനശീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തെ കേരളത്തിലെ വനപ്രദേശങ്ങളുടെ വിസ്തൃതിയുള്‍പ്പെടെ നിരീക്ഷിച്ചാണ് വനനശീകരണമുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്‌നം വിലയിരുത്തിയത്. പീരുമേട് പോലുള്ള പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും ഇതിന്റെ ഭാഗമായി നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. അമിതമായി ജലം ചൂഷണം ചെയ്യുന്ന തോട്ട വിളകള്‍ വര്‍ധിച്ചതും നെല്‍പ്പാടം പോലുള്ള തണ്ണീര്‍ തടങ്ങള്‍ ഇല്ലാതായതും കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണമായി മാറി.
ഭൗമോപരിതലത്തില്‍ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലുണ്ടാകുന്ന ഉപരിതല ഓസോണിന്റെ അളവ് കേരളത്തില്‍ കൂടി വരുന്നതായും പഠനത്തില്‍ വ്യക്തമാകുന്നു. ഭൂമിയുടെ പ്രതലത്തില്‍ നിന്ന് 15 കിലോമീറ്ററിനും 30 കിലോമീറ്ററിനും ഇടയിലുള്ള സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ഭൗമോപരിതലത്തില്‍ 100 മീറ്റര്‍ ഉയരത്തില്‍ ഓസോണ്‍ രൂപം കൊള്ളുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഉപരിതല ഓസോണ്‍ കൂടിയതായാണ് നിഗമനം. അന്തരീക്ഷത്തില്‍ വാതകങ്ങളുടെ വ്യതിയാനമറിയാനായി വിദേശത്തെ അത്യാധുനിക ഉപകരണങ്ങളടക്കം പഠനത്തിനായി ഉപയോഗിച്ചു. കേരളത്തില്‍ ഭൂചലനങ്ങളുള്‍പ്പെടെയുള്ളവ ഏത് സാഹചര്യത്തിലാണ് തുടര്‍ച്ചയായുണ്ടാകുന്നതെന്നതിനെക്കുറിച്ചും സംഘം പഠനം നടത്തി. കേരളത്തിലെ നദികളുടെ ഒഴുക്കിലുണ്ടാകുന്ന മാറ്റവും വേലിയേറ്റവും വേലിയിറക്കവും സമുദ്ര ജലനിരപ്പിനെ എങ്ങനെ ബാധിക്കുന്നുണ്ടെന്നും കടലിളക്കങ്ങളും മറ്റും കൂടാനുള്ള സാഹചര്യം ഏതാണെന്നും പ്രത്യേകമായി പഠന വിധേയമാക്കി. കഴിഞ്ഞ 100 കൊല്ലമായുണ്ടാകുന്ന മഴയുടെ കണക്ക് താരതമ്യം ചെയ്താണ് കേരളത്തിലെ മഴയെക്കുറിച്ച് പഠനം നടത്തിയത്. ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കൊണ്ട് ആഗോള തലത്തില്‍ താപനില അപകടകരമാം വിധം ഉയരുന്നുണ്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശരാശരി താപ വര്‍ധന വരുന്ന ദശാബ്ദങ്ങളില്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വ്യതിയാനത്തിനായുള്ള അന്താരാഷ്ട്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ സൂചന. അന്തരീക്ഷ താപ വര്‍ധന ഇന്ത്യയിലെ മഴ വിതരണ ക്രമത്തെയും ജലചക്രത്തെയും ഇനിയും സാരമായി ബാധിക്കുകയും വെള്ളപ്പൊക്കത്തിന്റെയും വരള്‍ച്ചയുടെയും കാഠിന്യം കൂട്ടുകയും നദീജലത്തിന്റെ അളവ് കുറക്കുകയും ചെയ്യുമെന്നാണ് പുതിയ നിരീക്ഷണങ്ങളില്‍ വ്യക്തമാകുന്നത്. പഠന റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here