ശരീഅത്ത് വിരുദ്ധനീക്കം ചെറുക്കണം

Posted on: April 21, 2016 6:00 am | Last updated: April 21, 2016 at 12:23 am
SHARE

മുത്വലാഖ് (മൂന്ന് വിവാഹ മോചനങ്ങള്‍ ഒന്നിച്ചു ചൊല്ലല്‍) പ്രശ്‌നത്തിലുള്‍പ്പെടെ ശരീഅത്തിനെതിരായ എല്ലാ നീക്കങ്ങളെയും ശക്തമായി നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ശരീഅത്ത് നിയമവുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. മുസ്‌ലിം വ്യക്തി നിയമം സമ്പൂര്‍ണമായി എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശിനി ശയറാബാനു സമര്‍പ്പിച്ച ഹരജിയാണ് ഒന്ന്. മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസാണ് രണ്ടാമത്തേത്. ഈ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി മുത്വലാഖ് നിരോധിക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. രണ്ട് കേസുകളിലും വ്യക്തി നിയമ ബോര്‍ഡ് കക്ഷി ചേര്‍ന്നിട്ടുണ്ട്. മുത്വലാഖിനെ എതിര്‍ക്കുന്ന ഒരു ന്യൂനപക്ഷം ബോര്‍ഡിലുണ്ടെങ്കിലും അത്തരം അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് മേല്‍പറഞ്ഞ രണ്ട് കേസുകളും മുസ്‌ലിംകളുടെ വിശ്വാസപരമായ കാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്ന ബോധ്യത്തോടെ നിയമപരമായി അവയെ നേരിടുമെന്നാണ് കഴിഞ്ഞ ദിവസം ലക്‌നോവില്‍ ചേര്‍ന്ന ബോര്‍ഡിന്റെ ഏകകണ്ഠമായ പ്രഖ്യാപനം.
ശരീഅത്ത് നിയമത്തിന് പകരം ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ബ്രിട്ടീഷ് ഭരണകാലത്തും ശേഷവും പലപ്പോഴായി നടന്നിട്ടുണ്ട്. മുസ്‌ലിം ഇന്ത്യ അത് ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. ഈയിടെയായി മുസ്‌ലിംവിരുദ്ധരുടെ ശരീഅത്ത് വിരുദ്ധ നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഇസ്‌ലാമില്‍ ലിംഗസമത്വമുണ്ടെന്ന വ്യാപകമായ പ്രചാരണവും, വിവാഹത്തിലും വിവാഹ മോചനത്തിലും മുസ്‌ലിം സ്ത്രീകള്‍ ലിംഗവിവേചനം നേരിടുന്നതായി വിലയിരുത്തി പ്രശ്‌നത്തില്‍ കോടതി സ്വമേധയാ ഇടപ്പെട്ടതുമെല്ലാം ഇതിന്റെ ഭാഗമാണ്. സമീപകാലത്ത് വിവാഹപ്രായ വിവാദത്തില്‍ സമുദായത്തിലെ തന്നെ ചിലരും പുരോഗമന നാട്യക്കാരും മതപണ്ഡിതരെയും മതസംഘടനാ നേതാക്കളെയും പ്രതി സ്ഥാനത്തു നിര്‍ത്തി സംസാരിക്കുകയും ശരീഅത്ത് നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തരം കിട്ടുമ്പോഴെല്ലാം ശരീഅത്തിനെ വിമര്‍ശിക്കുകയും മുസ്‌ലിം നേതൃത്വത്തിന്റെ നിലപാടുകളെ വളച്ചൊടിക്കുകയും ചെയ്തു പൊതുസമൂഹത്തില്‍ ശരീഅത്തിനെതിരായ വികാരം വളര്‍ത്തിയെടുക്കാനും എക്കാലത്തും അവര്‍ ശ്രമിച്ചിട്ടുണ്ട്. ശരീഅത്ത് ഭേദഗതി വാദം യഥാര്‍ഥത്തില്‍ രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് സംഘടനകളും മുസ്‌ലിംവിരുദ്ധരും ഉന്നയിക്കുന്ന ഏക സിവില്‍കോഡ് വാദത്തിന്റെ പദഭേദം മാത്രമാണ്. ഇത് മനസ്സിലാക്കാതെയും ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ച് വേണ്ടത്ര പഠിക്കാതെയുമാണ് അവര്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്.
മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനം അവസാനിപ്പിക്കാനാണ് നിയമപരിഷ്‌കരണത്തിന് ആവശ്യപ്പെടുന്നതെന്നാണ് അവരുടെ ന്യായവാദം. പീഡനം മുസ്‌ലിം സ്ത്രീകള്‍ മാത്രമല്ല, രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലെ സ്ത്രീകളും മതവിശ്വാസികളല്ലാത്തവരും നേരിടുന്നുണ്ട്. ഇത് മതനിയമങ്ങളുടെ തകരാറല്ല. പലപ്പോഴും മതനിയമങ്ങളുടെയും ആചാരങ്ങളുടെയും ലംഘനം മുഖേനയാണ് സംഭവിക്കുന്നത്. മതനിയമങ്ങള്‍ മാറ്റുകയല്ല, നിയമലംഘകരെ യഥാവിധി കൈകാര്യം ചെയ്യുകയാണ് ഇതിന് പ്രതിവിധി.
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സര്‍വ മേഖലകളിലും ഇസ്‌ലാമിന് വ്യക്തമായ കാഴ്ചപ്പാടും വിധിവിലക്കുകളുമുണ്ട്. മുസ്‌ലിംകളുടെ വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, ദാനം, വഖ്ഫ് തുടങ്ങിയ വ്യക്തി നിയമങ്ങങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മനുഷ്യനിര്‍മിതമല്ല ഇവയൊന്നും. അല്ലാഹു പ്രവാചകന്‍ മുഖേന അവതരിപ്പിച്ചതാണ്. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അവിഭാജ്യഘടങ്ങളായ പ്രസ്തുത വിധിവിലക്കുകളില്‍ ഒരു വിധ ഭേദഗതിക്കും മനുഷ്യര്‍ക്കവകാശമില്ല. ഭരണഘടനാപരമായി ശരീഅത്ത് നിയമങ്ങളില്‍ ഇടപെടാനോ കൈകടത്താനോ കോടതികള്‍ക്കും അധികാരമില്ല.
ഇന്ത്യന്‍ ഭരണഘടനയില്‍ ‘വിശ്വാസ സ്വാതന്ത്ര്യം’ അടിസ്ഥാന തത്ത്വമായി അംഗീകരിക്കപ്പെട്ടതാണ്. അതേസമയം ഏക സിവില്‍കോഡിന് പരിശ്രമിക്കാന്‍ ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന 44ാം വകുപ്പ് ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഇത് ഭരണഘടന അടിസ്ഥാന തത്വമായി അംഗീകരിച്ച ‘മതസ്വാതന്ത്ര്യ’ത്തിന് വിരുദ്ധമാണെന്ന് നിയമനിര്‍മാണ വേളയില്‍ തന്നെ മുസ്‌ലിം നേതാക്കളും സാമാജികരും ചൂണ്ടിക്കാട്ടിയിരുന്നു. മുസ്‌ലിംകളെയല്ല ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും വ്യക്തി നിയമങ്ങളെ കുറിച്ച് പ്രത്യേകം നിയമങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണെന്നുമാണ് ഭരണഘടനാ ശില്‍പ്പികള്‍ അന്ന് നല്‍കിയ വ്യാഖ്യാനം. ഈ ഉറപ്പിന്റെ ലംഘനമാണ് മുസ്‌ലിംകളുടെ മേല്‍ ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം. എന്തു വിലകൊടുത്തും ഇത് പ്രതിരോധിക്കേണ്ടതുണ്ട്. പ്രശ്‌നത്തില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍ഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here