മദ്യനയത്തിലെ കൊടിയ കാപട്യങ്ങള്‍

Posted on: April 21, 2016 5:18 am | Last updated: April 21, 2016 at 12:19 am
SHARE

DRUGG EMBLOMസമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച് വോട്ട് നേടാന്‍ പശ്ചാത്തലമൊരുക്കിയ യു ഡി എഫ് സര്‍ക്കാര്‍ പുതിയ ഫൈവ്സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ പിന്‍വാതില്‍ അനുമതി നല്‍കി പ്രഖ്യാപിത മദ്യനയത്തെ അട്ടിമറിക്കുന്നു. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയതിന്റെ പേരില്‍ ഊറ്റം കൊണ്ടിരുന്ന സര്‍ക്കാര്‍ ഘട്ടം ഘട്ടമായി മദ്യനിരോധമെന്ന വലിയ ലക്ഷ്യത്തിലേക്കു നീങ്ങുമെന്ന് സ്ത്രീജനങ്ങളും മദ്യവിരുദ്ധ പ്രവര്‍ത്തകരും പ്രതീക്ഷിച്ചെങ്കില്‍ അവര്‍ക്കു തെറ്റുപറ്റിയെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.
നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടിയ നാള്‍ മുതല്‍ തന്നെ അവയൊക്കെയും വീണ്ടും തുറക്കുമെന്ന അഭ്യൂഹം സമൂഹത്തിലും സെക്രട്ടേറിയറ്റിലും മന്ത്രിമന്ദിരങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പു കഴിയുന്നതുവരെ വീണുകിട്ടിയ അവസരം ഉപയോഗിച്ച് മാലാഖവേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ തീരുമാനിച്ചിരുന്നു. ആ രാഷ്ട്രീയതന്ത്രം ഏറെക്കുറെ വിജയം കണ്ടു തുടങ്ങിയതിനിടയിലാണ് പുതിയ ബാറുകള്‍ക്കു ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
ഫൈവ്സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവ പൂട്ടാനാണ് നേരത്തെ തീരുമാനിച്ചത് എന്നതിനാല്‍ അവക്കു പുതുതായി അനുമതി നല്‍കുന്നതില്‍ തെറ്റില്ല, നയവ്യതിയാനമില്ല എന്നൊക്കെയാണ് ഉമ്മന്‍ ചാണ്ടിയും സംഘവും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍, ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കു കൂടി ഫൈവ് സ്റ്റാര്‍ പദവി നല്‍കി ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നുമാത്രമല്ല, ഇതിനകം പുതിയതായി എട്ട് ഫൈവ് സ്റ്റാര്‍ സ്ഥാപനങ്ങള്‍ക്കു ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്തു കഴിഞ്ഞു. സ്റ്റാര്‍ പദവിയില്‍ തൂങ്ങിയാണ് ഇനി കേരളത്തില്‍ മദ്യവ്യാപനം മുന്നേറാന്‍ പോകുന്നത്.
നിലവാരമില്ലാത്ത ബാറുകള്‍ ഒരു നിശ്ചിത തീയതിക്കുള്ളില്‍ നിലവാര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടച്ചുപൂട്ടുമെന്ന സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും കോടതിയില്‍ നടന്ന നിയമയുദ്ധമാണ് ബാറുകള്‍ അടച്ചുപൂട്ടണമെന്നുള്ള മദ്യനയത്തിലേക്കു നിര്‍ബന്ധപൂര്‍വം യു ഡി എഫിനെ എത്തിച്ചത്. പിന്നീട്, എല്ലാ ബാറുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ബാര്‍ മുതലാളിമാര്‍ക്കു നേതാക്കളും മന്ത്രിമാരും ഉറപ്പു നല്‍കിയതും കോടികള്‍ കോഴ വാങ്ങിയതും. മദ്യവ്യാപനം തടയുക എന്ന നയം ഒരിക്കലും യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കണ്ണില്‍പ്പൊടിയിടാന്‍ ചില ചെപ്പടി വിദ്യകള്‍ എക്കാലവും അവര്‍ നടത്തിപ്പോന്നിട്ടുണ്ട് എന്നുമാത്രം.
ജനകീയ സമ്മര്‍ദങ്ങള്‍മൂലം ഒരുഘട്ടത്തില്‍ വഴങ്ങേണ്ടിവന്ന സര്‍ക്കാറിന് ഹൈക്കോടതി വിധി നടപ്പാക്കാതെ തരമില്ലായെന്ന സാഹചര്യത്തിലാണ് മനസ്സില്ലാമനസ്സോടെ താത്കാലികമായി കുറേ ബാറുകള്‍ പൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍, ആ നയം വന്നതുമുതല്‍ അതിനോട് തീരെ പൊരുത്തപ്പെടാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിരുന്നില്ല. മദ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ അത് ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന ന്യായം പറഞ്ഞാണ് അവര്‍ ബാറുകള്‍ക്കു അനുകൂലമായ നയം സ്വീകരിച്ച് നിലകൊണ്ടത്.
മദ്യനിരോധം വന്നാല്‍ വ്യാജമദ്യദുരന്തമുണ്ടാകുമെന്നും അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അതിനാല്‍, നിരോധമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്ന് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നീട്, സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം മദ്യം വിളമ്പുന്നു, സാധാരണക്കാര്‍ക്ക് മദ്യം കിട്ടുന്നില്ല എന്നൊക്കെയുള്ള പ്രചാരണം നടത്തി ബാര്‍ സംരക്ഷണ ഏര്‍പ്പാടുകള്‍ കുറേനാളായി നടത്തികൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍, ഇപ്പോള്‍ പുറത്തുവന്ന പ്രകടനപത്രികകളില്‍ യുഡി എഫ് മദ്യനിരോധവും എല്‍ ഡി എഫ് മദ്യവര്‍ജനവും പ്രഖ്യാപിച്ചിരിക്കുന്നു. മദ്യത്തിനെതിരായ രണ്ടു നിലപാടുകള്‍ എന്ന് വിചാരിക്കാം. എന്നാല്‍ രണ്ടിന്റെയും രാഷ്ട്രീയ അര്‍ഥം ഒന്നു തന്നെയല്ലേ?
കേരളത്തില്‍ മദ്യവ്യാപനം സൃഷ്ടിച്ച സാമൂഹിക വിപത്ത് എത്രമേല്‍ ഭീകരമാണെന്ന് ഈ മുന്നണി നേതാക്കള്‍ക്കെല്ലാം നന്നായിട്ടറിയാവുന്നതാണ്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ മദ്യപിച്ചു തുടങ്ങുന്ന ശരാശരി പ്രായം 28 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 14 ആയി താഴ്ന്നിരിക്കുന്നു.
കേരളത്തിലെ സകലമാന കവലകളിലും പലതരം മദ്യം ഇന്നും ലഭ്യമാണ്. അതില്ലാത്തയിടങ്ങളില്‍ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങിയിട്ടുണ്ട്. സ്റ്റാര്‍ ഹോട്ടലുകളില്‍ ബിയര്‍-വൈന്‍ പാര്‍ലറുകളിലൂടെ വില്‍പ്പന നടത്തുന്നത് വീര്യം കൂടിയ ബിയറുകള്‍ തന്നെയെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍ തന്നെ കുട്ടികള്‍ മദ്യാസക്തിയിലേക്കു വഴുതി വീഴുന്ന അത്യന്തം അപകടകരമായ സാമൂഹികാവസ്ഥകളിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതുകൊണ്ടാണ്, ഈ തിരഞ്ഞെടുപ്പുവേളയില്‍ വീണ്ടും വീണ്ടും മദ്യനയം പൊതുചര്‍ച്ചയാകുന്നത്. സി പി എം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിക്കു അടച്ച ബാറുകള്‍ തുറക്കില്ലായെന്ന് പ്രഖ്യാപിക്കേണ്ടി വന്നതും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ടു തന്നെ.
ലഭ്യതയുടെ മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടുമാത്രമേ കേരളത്തിലെ മദ്യവിപത്തിനെ തടയാനാകൂ. അതുകൊണ്ടു ഘട്ടം ഘട്ടമായി ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടുക എന്ന നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കിയേ തീരൂ. മദ്യമാഫിയയുടെ എല്ലാ സമ്മര്‍ദങ്ങളേയും അതിജീവിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ അത്തരമൊരു ജനാനുകൂലമായ മദ്യനയം നടപ്പാക്കാന്‍ കഴിയൂ എന്ന കാര്യം വ്യക്തമാണ്.
അതുകൊണ്ടു ഈ തെരഞ്ഞെടുപ്പില്‍ മദ്യനയം ചര്‍ച്ച ചെയ്യപ്പെടണം. മദ്യത്തോടൊപ്പം നില്‍ക്കുന്നവരെ നിയമസഭയില്‍ പ്രവേശിപ്പിക്കാതിരിക്കുക എന്ന നിലപാട് ജനങ്ങള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഖജനാവിന്റെ വരുമാനം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടാകരുത്. ഒരു വശത്ത് മദ്യനിരോധം പ്രഖ്യാപിക്കുകയും മറുവശത്ത് ബാറുകള്‍ പലപേരുകളില്‍ തുറന്നുകൊടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കാന്‍ വീണ്ടും ജനകീയ സമ്മര്‍ദം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
മദ്യവര്‍ജനക്കാരോട് ഒന്നേ പറയാനുള്ളൂ. മുക്കിന് മുക്കിന് മദ്യമൊഴുക്കിയിട്ടു ബോധവത്കരണം നടത്തി കുടിക്കരുതെന്ന് അഭ്യര്‍ഥന നടത്തുമെന്ന നിലപാട് അപഹാസ്യമാണ്. ആത്മാര്‍ഥത അതില്‍ തൊട്ടുതീണ്ടിയിട്ടില്ല. മദ്യവ്യവസായത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ ഉപജീവനത്തിന്റെ പേരില്‍ ഒരു സമൂഹത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന സാമൂഹിക ദ്രോഹമാണത്.