Connect with us

Palakkad

പാലക്കാട്ട് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

Published

|

Last Updated

സി സി ടിവിയില്‍ പതിഞ്ഞ മോഷണ സംഘം

പാലക്കാട്: ജ്വല്ലറിയില്‍ നിന്ന് നാടോടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം 54 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. നഗരത്തില്‍ ജി ബി റോഡിലെ തുളസി ജ്വല്ലറിയില്‍ ഇന്നലെ രാവിലെ 10.30നാണ് സംഭവം. ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഉത്തരേന്ത്യന്‍ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
കൈക്കുഞ്ഞുമായി മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടങ്ങുന്ന സംഘമാണ് ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തി കവര്‍ച്ച നടത്തിയത്. ജ്വല്ലറി ഉടമ തുളസീദാസും രണ്ട് ജീവനക്കാരുമാണ് കടയിലുണ്ടായിരുന്നത്. ആഭരണങ്ങള്‍ പരിശോധിച്ച സംഘം കൂടുതല്‍ മോഡലുകള്‍ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജീവനക്കാരും കടയുടമയും ഇവരെയും കൂട്ടി ലോക്കറിന് സമീപത്തേക്ക് നീങ്ങിയപ്പോള്‍ സംഘത്തില്‍പ്പെട്ട 16 വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി ക്യാബിനില്‍ കടന്ന് നിന്ന് വെള്ള ബോക്‌സില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ തന്ത്രപൂര്‍വം എടുക്കുകയായിരുന്നു. ഒപ്പമുള്ള 15 വയസ്സുകാരനെയും കൂട്ടി പെണ്‍കുട്ടി പെട്ടെന്ന് പുറത്തിറങ്ങി കടന്നുകളഞ്ഞു. തുടര്‍ന്ന് സംഘത്തിലെ മറ്റ് സ്ത്രീകളും ആഭരണം വാങ്ങാതെ പുറത്തിറങ്ങി രക്ഷപ്പെട്ടു. കടയുടമയും ജീവനക്കാരും പുറത്തെടുത്ത ആഭരണങ്ങള്‍ തിരികെവെക്കുന്നതിനിടെയാണ് ആഭരണപ്പെട്ടി കാണാതായ വിവരം അറിയുന്നത്. ഉടന്‍ പ്രദേശത്ത് സംഘത്തെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സമീപ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയതനുസരിച്ച് പാലക്കാട് നഗരത്തിലും ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തൊട്ടടുത്ത ടൗണുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. പാലക്കാട് നോര്‍ത്ത് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ജ്വല്ലറിയിലെത്തി പരിശോധന നടത്തി. കവര്‍ച്ചാ സംഘം ഹിന്ദിയിലാണ് ജീവനക്കാരുമായി സംസാരിച്ചത്. കടയിലെ ജീവനക്കാരുടെയും തൊട്ടടുത്ത സ്ഥാപനങ്ങളിലുള്ളവരുടെയും മൊഴിയുടെയും സി സി ടി വി ദൃശ്യത്തിന്റെയും അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.

Latest