Connect with us

Uae

ഐ സി എഫ് സഹായം; രാഹുലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Published

|

Last Updated

രാഹുല്‍

ദുബൈ: ഐ സി എഫ് വെല്‍ഫെയര്‍ സമിതിക്ക് കീഴിലുള്ള സാന്ത്വനം പ്രവര്‍ത്തകരുടെ സഹായത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് മോഴി സ്വദേശി രാഹുലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അമ്മ സുലോചനയോടൊപ്പം സന്ദര്‍ശക വിസയില്‍ യു എ ഇയിലെത്തിയ 22കാരനായ രാഹുല്‍, ശ്വാസകോശ സംബന്ധമായ അസുഖം കാരണം കഴിഞ്ഞ ദിവസം ദുബൈ അല്‍ ബറാഹ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്.
യു എ ഇയിലെത്തിയ ആദ്യദിവസം ഷാര്‍ജയിലെ താമസസ്ഥലത്ത് അച്ഛനും അമ്മക്കുമൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെട്ട രാഹുലിനെ ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയ ഡോക്ടര്‍മാര്‍ രാഹുലിനെ വിദഗ്ധ ചികിത്സക്കായി ദുബൈ അല്‍ ബറാഹ ആശുപത്രിയിലേക്കയച്ചു. രണ്ടാഴ്ചയോളം ആശുപത്രി കിടക്കയിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ച് മരണപ്പെടുകയായിരുന്നു.
രാഹുല്‍ ആശുപത്രിയിലായ വാര്‍ത്തയറിഞ്ഞതു മുതല്‍ ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകര്‍ ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകള്‍ എല്ലാം ശരിയാക്കി വിമാനത്താവളത്തില്‍ യാത്രയാക്കി.
ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പിതാവ് കുമാര്‍ പ്രവര്‍ത്തകര്‍ക്ക് നന്ദിയും അറിയിച്ചു. ഐ സി എഫ് പ്രവര്‍ത്തകരായ കരീം തളങ്കര, നസീര്‍ വാടാനപ്പള്ളി, ഷാജി ഖാലിദ്, ഹസന്‍ സഖാഫി, ഫസല്‍ വടകര, ഫസല്‍ മട്ടന്നൂര്‍, നജ്മുദ്ദീന്‍ പുതിയങ്ങാടി, സിറാജ് ബാലുശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.