ഇമാറിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 438.30 കോടി ഓഹരിയുടമകളുടെ വിഹിതം 107.4 കോടി

Posted on: April 20, 2016 8:26 pm | Last updated: April 22, 2016 at 10:39 pm
SHARE
ഇമാര്‍ വാര്‍ഷിക യോഗത്തില്‍ നിന്ന്
ഇമാര്‍ വാര്‍ഷിക യോഗത്തില്‍ നിന്ന്

ദുബൈ: ആഗോള നിര്‍മാണ മേഖലയിലെ ഭീമന്‍മാരായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഓഹരിയുടമകള്‍ക്ക് ഓഹരിതുകയുടെ 15 ശതമാനം ലാഭവിഹിതത്തിന് അംഗീകാരം നല്‍കി. 107.4 കോടി ദിര്‍ഹമാണ് ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി നല്‍കാന്‍ 18-ാമത് വാര്‍ഷിക യോഗത്തില്‍ തീരുമാനമായത്.
2015 ഡിസംബര്‍ 31 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് നിയമം 2015ലെ രണ്ടാം നമ്പര്‍ പ്രകാരം നിക്ഷേപകര്‍ക്ക് ഐ വെസ്റ്റോര്‍ കാര്‍ഡ് അല്ലെങ്കില്‍ ബേങ്ക് അക്കൗണ്ട് വഴിയോ പണം കൈമാറും.
ദുബൈയുടെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ 2016ല്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് കരുത്തുറ്റ വളര്‍ച്ച നേടുമെന്ന് ചെയര്‍മാന്‍ മുഹമ്മദ് ആല്‍ബാര്‍ പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ പ്രധാന മേഖലകളിലും നല്ല പ്രകടനം കാഴ്ചവെക്കും. എക്‌സ്‌പോ 2020യുടെ മുന്നൊരുക്കമായി ദുബൈയുടെ ആരോഗ്യകരമായ വളര്‍ച്ചയോടൊപ്പം വരുംവര്‍ഷങ്ങളില്‍ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ്, ഷോപ്പിംഗ് മാള്‍സ്, റീട്ടെയില്‍ ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മൂന്ന് കോര്‍ ബിസിനസുകള്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകും. ഈ വര്‍ഷം നിരവധി സംരംഭങ്ങള്‍ ഇമാറിന്റെ ഭാഗത്ത് നിന്ന് പൂര്‍ത്തീകരിക്കും. ഡൗണ്‍ ടൗണില്‍ ഒരുങ്ങുന്ന ദുബൈ ഒപറയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് തുറക്കാനാകും. കൂടാതെ ദുബൈ ക്രീക്കില്‍ മനോഹരമായ ഗോപുരവും നിര്‍മാണത്തിലുണ്ട്. സഊദി അറേബ്യ, ഈജിപ്ത്, ഇന്ത്യ, തുര്‍ക്കി തുടങ്ങി അന്താരാഷ്ട്ര വിപണികളിലേക്ക് ഇമാറിന്റെ നിര്‍മാണങ്ങള്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
438.30 കോടി ദിര്‍ഹമിന്റെ പ്രവര്‍ത്തനലാഭമാണ് കഴിഞ്ഞവര്‍ഷം ഉണ്ടായത്. 2014നേക്കാള്‍ 18 ശതമാനം വളര്‍ച്ചയാണ് നേടിയത്. വരുമാനം 1366.10 കോടി ദിര്‍ഹമായി. മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനമാണ് വര്‍ധിച്ചത്.
കഴിഞ്ഞ വര്‍ഷം ഇമാറിന്റെ മാളുകളില്‍ 12.4 കോടി സന്ദര്‍ശകരാണ് എത്തിയത്. 2014നേക്കാള്‍ ഒമ്പത് ശതമാനം വര്‍ധനവുണ്ടായി. ദുബൈ മാളില്‍ മാത്രം എട്ട് കോടി ജനങ്ങളാണ് എത്തിയത്. അന്താരാഷ്ട്രതലത്തിലും ദുബൈയിലുമായി 40,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് ഇതുവരെയായി ഇമാര്‍ കൈമാറിയത്. 2001 മുതല്‍ രാജ്യത്തുടനീളം 33,600 യൂണിറ്റുകള്‍ കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here