Connect with us

Ongoing News

വിഎസിനെ കുറിച്ച് താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പിണറായി

Published

|

Last Updated

തിരുവന്തപുരം: വിഎസിനെതിരായ തന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായതോടെ മാധ്യമങ്ങള്‍ക്കെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പറയാത്ത കാര്യങ്ങള്‍ തന്റെ വായില്‍ മാധ്യമങ്ങള്‍ തിരുകി കയറ്റുകയാണ്. ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശയാണിതെന്നും നേരത്തെ ആസൂത്രണം ചെയ്ത് പറയാത്ത കാര്യങ്ങള്‍ പറയുകയാണെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും ഇതുകൊണ്ടെന്നും തകര്‍ക്കാന്‍ കഴിയില്ല. യോജിച്ച പ്രവര്‍ത്തനങ്ങളാണ് താനും വിഎസും നടത്തുന്നതെന്നും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ടെന്നും പിണറായി പറഞ്ഞു.
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം..……
ചില മാധ്യമ സുഹൃത്തുക്കള്‍ അവരുടേതായ ചില പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്നു. ഏതെങ്കിലും ഭിന്നത പാര്‍ട്ടിയിലോ മുന്നണിയിലോ ഇല്ലാത്തതില്‍ കടുത്ത നിരാശയാണവര്‍ക്ക്. യോജിച്ച പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തുന്നത്. സഖാവ് വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്നാക്ഷേപിച്ചു എന്നാണ് വാര്‍ത്ത സൃഷ്ടിക്കുന്നത്. ഇത്തരം നിരവധി വ്യാജ വാര്‍ത്തകള്‍ വന്ന അനുഭവം എനിക്കുണ്ട്. ഈയടുത്ത കാലത്ത് അതിന് ഒരു ശമനം കണ്ടിരുന്നു. ഇപ്പോള്‍ വീണ്ടും അത് വരുന്നതില്‍ അത്ഭുതം തോന്നുന്നു.
ഇന്ന് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ ഒരു ചോദ്യം വന്നു. സംസ്ഥാന സമ്മേളനത്തിന്റെ തലേദിവസം നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടോ എന്ന്. തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടി നിലപാട്. അത് തുറന്നു പറയും. നിങ്ങളോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന് മറുപടി നല്‍കി.
അപ്പോള്‍, എങ്ങനെയാണ് വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നായി ചോദ്യം. വിഎസ് സ്ഥാനാര്‍ത്ഥിയായി സ്വയം നിന്നതല്ല, പാര്‍ട്ടി ആലോചിച്ച് തീരുമാനിച്ച് നിര്‍ത്തിയതാണ്. പാര്‍ട്ടിക്ക് ഗുണകരമായ കാര്യങ്ങളാണ് പാര്‍ട്ടി തീരുമാനിക്കുന്നത്.
ഇത്തരം കാര്യങ്ങളില്‍ സിപിഐ എമ്മിലോ എല്‍ഡിഎഫിലോ ആശയക്കുഴപ്പമുണ്ടാക്കാന്‍ കഴിയില്ല.
വി എസ് ഇന്ന് വടക്കേയറ്റത്തുനിന്ന് പ്രചാരണം തുടങ്ങുന്നു. ഞാന്‍ തെക്കേയറ്റത്തുനിന്ന് പ്രചാരണം തുടങ്ങുന്നു. ഇതാണ് ഞങ്ങളുടെ രീതി. എല്ലാ തരത്തിലും യോജിച്ച പ്രവര്‍ത്തനം.
ഒരു തരത്തിലുമുള്ള ഭിന്നതയുമില്ലാതെയാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് ഒരു വിഘാതവും ഉണ്ടാക്കാമെന്ന് ആരും മനഃപായസമുണ്ണേണ്ടതില്ല.

Latest