ഡി ഇ ഡി പിടിച്ചെടുത്തത് 1.15 കോടി വ്യാജ ഉത്പന്നങ്ങള്‍

Posted on: April 20, 2016 6:59 pm | Last updated: April 20, 2016 at 6:59 pm
SHARE

DEDദുബൈ: ലോകം നേരിടുന്ന വന്‍ ഭീഷണിയാണ് പ്രമുഖ ഉത്പന്നങ്ങളുടെ വ്യാജ പതിപ്പുകളെന്നും 2014ല്‍ 2.77 കോടി ദിര്‍ഹം വിലവരുന്ന 1.15 കോടി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതായും ഡി ഇ ഡി(സാമ്പത്തിക വികസന വകുപ്പ്) വ്യക്തമാക്കി. സണ്‍ ഗ്ലാസുകള്‍, സ്മാര്‍ട് ഫോണുകള്‍, മൊബൈല്‍ ഫോണുകള്‍, ഫോണുകളുടെ ഭാഗമായ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പെടും. 1.95 കോടി ദിര്‍ഹത്തിന്റെ ഉത്പന്നങ്ങള്‍ ദുബൈയില്‍നിന്നു മാത്രം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ടെന്ന് സെപ്തംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് അധികൃതര്‍ പറഞ്ഞു.
ചൈനയാണ് വ്യാജ ഉത്പന്നങ്ങളുടെ നിര്‍മിതിയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് തുര്‍ക്കിയാണ്. തുര്‍ക്കിയില്‍നിന്നും ദുബൈയില്‍ എത്തിയ മൊത്തം ഉത്പന്നങ്ങളുടെ 3.3 ശതമാനവും വ്യാജമായിരുന്നു. ഇവ ആ രാജ്യത്തേക്ക് തിരിച്ചയച്ചു. സിംഗപ്പൂരില്‍ നിന്നു വന്നവയില്‍ 1.9 ശതമാനവും തായ്‌ലാന്റില്‍ നിന്ന് എത്തിയവയില്‍ 1.6 ശതമാനവും ഇന്ത്യയില്‍നിന്ന് എത്തിയവയില്‍ 1.2 ശതമാനവും മൊറോക്കോയില്‍നിന്ന് എത്തിയവയില്‍ 0.6 ശതമാനവും വ്യാജ ഉത്പന്നങ്ങളായിരുന്നൂവെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപറേഷന്‍ ആന്റ് ഡെവലപ്‌മെന്റ്(ഒ ഇ സി ഡി) പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ഡി ഇ ഡി അധികൃതര്‍ വിശദീകരിച്ചു. 50,000 കോടി ഡോളറിന്റെ വ്യാജ പതിപ്പുകളാണ് ലോകത്ത് ഓരോ വര്‍ഷവും വില്‍ക്കപ്പെടുന്നത്. സംഘടിത കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നവയാണിവ. വന്‍കിട ബ്രാന്റുകളെയും ആഡംബര വസ്തുക്കളുടെ നിര്‍മാതാക്കളെയുമാണ് വ്യാജ പതിപ്പുകളുടെ വ്യാപനം ദോഷകരമായി ബാധിക്കുന്നതെന്ന് ഒ ഇ സി ഡി സെക്രട്ടറി ജനറല്‍ ഡൗഗ് ഫ്രാന്റസ് അഭിപ്രായപ്പെട്ടു. വ്യാജ ഉത്പന്നങ്ങളും പ്രമുഖ ബ്രാന്‍ഡുകളുടെ പതിപ്പുകളും ജീവന് ഭീഷണി ഉയര്‍ത്തുന്നവ കൂടിയാണ്. ഓട്ടോപാട്‌സുകള്‍ ശരിയായി പ്രവര്‍ത്തിക്കില്ല, ഫാര്‍മസി ഉത്പന്നങ്ങള്‍ ഉപയോക്താക്കളെ രോഗികളാക്കും. വ്യാജ കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് അപകടം വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.