എമിറേറ്റ്‌സ് റോഡിന്റെ വികസിപ്പിച്ച ഭാഗം തുറന്നു

Posted on: April 20, 2016 6:53 pm | Last updated: April 20, 2016 at 6:53 pm
SHARE

BPM_4615 copyദുബൈ: 14.2 കോടി ദിര്‍ഹം ചെലവഴിച്ച് വികസിപ്പിച്ച എമിറേറ്റ്‌സ് റോഡിന്റെ ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തതായി അടിസ്ഥാന സൗ കര്യ മന്ത്രാലയം അറിയിച്ചു. അടിസ്ഥാന വികസന മന്ത്രി ഡോ. അബ്ദുല്ല അല്‍ ബെല്‍ ഹീഫ് അല്‍ നുഐമിയാണ് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതോടൊപ്പം എമിറേറ്റ്‌സ് റോഡ് തോയന്‍ മുതല്‍ റാസല്‍ഖൈമ റിങ് വരെയുള്ള ഏഴ് കിലോ മീറ്റര്‍ പാതയുടെ മൂന്നാം ഘട്ട വികസനത്തിന് ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു.
ഉമ്മുല്‍ ഖുവൈനില്‍ നിന്ന് റാസല്‍ ഖൈമയിലെ മാര്‍ട്ടിയേഴ്‌സ് റോഡുവരെയുള്ള ഭാഗമാണ് വാഹനങ്ങളുടെ ആധിക്യം കണക്കിലെടുത്ത് വികസിപ്പിച്ചത്. ഈ റോഡ് പുതിയ ട്രക്ക് റോഡായാവും പ്രവര്‍ത്തിക്കുക. റാസല്‍ ഖൈമ ശൈഖ് ഖലീഫ ആശുപത്രിയെ മെയിന്‍ റോഡുമായും ഇത് ബന്ധിപ്പിക്കും. ഇരു വശങ്ങളിലൂമായി രണ്ട് ലൈന്‍ വീതമാണ് പുതിയ റോഡിലുള്ളത്. ഭാവിയില്‍ മൂന്നാമതൊരു ലൈന്‍ കൂടി നിര്‍മിക്കും. പശ്ചാത്തല വികസനത്തിനായുള്ള യു എ ഇ മന്ത്രാലയമാണ് പാത യാഥാര്‍ഥ്യമാക്കിയത്. ഉമ്മുല്‍ ഖുവൈനിലെ അല്‍ ഒഖ്‌റോന്‍ മേഖലയെ റാസല്‍ ഖൈമയിലെ മാര്‍ട്ടിയേഴ്‌സ് റോഡുമായി ബന്ധിപ്പിച്ചാണ് റോഡ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ ഇരു ദിശകളിലേക്കും രണ്ടു വരി പാത വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയെയും തെക്കന്‍ മേഖലയെയും കൂട്ടിയോജിപ്പിക്കുന്നതില്‍ നിര്‍ണായക ഘടകമായി റോഡ് മാറുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
റോഡരുകില്‍ ട്രക്കുകള്‍ക്ക് രണ്ട് വിശ്രമ സ്ഥലവും മഴവെള്ളം ഒലിച്ചുപോകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്നാം ഘട്ട വികസന പ്രവര്‍ത്തനം ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആരംഭിച്ച് 2017ന്റെ മൂന്നാം പാദത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ദൈത്, ബതീന്‍ അല്‍ സൊമര്‍, ദിഗ്ദാദ, അവാഫി, റാസല്‍ഖൈമയിലെ അല്‍ ആബിര്‍ റോഡ് എന്നീ സ്ഥലങ്ങളെ എമിറേറ്റ്‌സ് റോഡുമായി ബന്ധിപ്പിക്കാന്‍ പുതിയ വികസനം വഴിയൊരുക്കും. റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.