വൈദ്യുതി ഉപയോഗം 14 ശതമാനം കുറഞ്ഞു; തര്‍ശീദ് നാലാം വാര്‍ഷികം ആഘോഷിക്കുന്നു

Posted on: April 20, 2016 6:25 pm | Last updated: April 22, 2016 at 10:25 pm
SHARE

tarsheedദോഹ: രാജ്യത്തെ വെള്ളം, വൈദ്യുതി ദുരുപയോഗം തടയുകയും മിതോപയോഗം ശീലിക്കുകയും ചെയ്യുന്നതിനുള്ള ബോധവത്കരണത്തിനായി ആരംഭിച്ച ദേശീയ പ്രചാരണമായ തര്‍ശീദ് നാലാം വാര്‍ഷികം ആഘോഷിക്കുന്നു. ‘നാളെ ഇന്നു തുടങ്ങുന്നു’ എന്ന സന്ദേശത്തിലാണ് ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ) നേതൃത്വത്തില്‍ ആഘോഷം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ദോഹ ഷെറാട്ടണിലാണ് ആഘോഷം.
അമല്‍, ദോഹ കാബിള്‍ എന്നുവയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയില്‍ ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ, കഹ്‌റമ പ്രസിഡന്റ് എന്‍ജി. ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരി തുടങ്ങിയവര്‍ പങ്കെടുക്കും. തര്‍ശീദ് പ്രചാരണം ആരംഭിച്ചതു മുതല്‍ വൈദ്യുതി ഉപയോഗത്തില്‍ 14 ശതമാനവും വെള്ളം ഉപയോഗത്തില്‍ 17 ശതമാനവും കുറവുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015വരെ പ്രചാരണത്തിലൂടെ 800 ദശലക്ഷം ഖത്വര്‍ റിയാല്‍ വില വരുന്ന ഊര്‍ജം ലാഭിക്കാനായെന്നും അധികൃതര്‍ പറയുന്നു.
ആഘോഷ വേളയില്‍ പ്രചാരണത്തിന്റെ അടുത്ത ഘട്ടവും പുതിയ പദ്ധതികളും പ്രഖ്യാപിക്കുമെന്ന് ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉപഭോഗം കുറക്കുന്നതിനനായി നടപ്പിലാക്കിയ വിവിധ മത്സരങ്ങളില്‍ വിജയികളായ വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും. പ്രചാരണ പരിപാടിയുമായി വിവിധ ഘട്ടങ്ങളില്‍ സഹകരിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ചടങ്ങില്‍ ബഹുമതി പത്രം നല്‍കും. വിവിധ ആശയങ്ങളും ലക്ഷ്യങ്ങളുമായാണ് തര്‍ശീദ് എന്ന പേരില്‍ കഹ്‌റമയുടെ നേതൃത്വത്തില്‍ ഊര്‍ജ സംരക്ഷണ ബോധവത്കരണ പരിപാടിക്കു തുടക്കം കുറിച്ചത്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഊര്‍ജ സംരക്ഷണ ആശയത്തിലേക്ക് പ്രചോദിപ്പിക്കുക പ്രധാന ലക്ഷ്യമായിരുന്നു. വിവിധ സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വിവിധ ഘട്ടങ്ങളില്‍ ബോധവത്കരണം സംഘടിപ്പിച്ചത്. വിവിധ സ്ഥാപനങ്ങളുമായി സഹകരണ കരാറിലും ഒപ്പു വെച്ചു. 2017 ആകുമ്പോഴേക്കും ആളോഹരി വൈദ്യുതി ഉപയോഗം 20 ശതമാനവും വെള്ളം ഉപോഗവും 35 ശതമാനവും കുറക്കുക എന്നാതാണ് തര്‍ശീദിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here