പ്രൊജക്ട് ഖത്വര്‍ പ്രദര്‍ശനം മെയ് ഒമ്പതു മുതല്‍ 12 വരെ

Posted on: April 20, 2016 6:21 pm | Last updated: April 22, 2016 at 9:02 pm
SHARE

IMG_4330ദോഹ: രാജ്യത്തെ വലിയ കെട്ടിട നിര്‍മാണ സാങ്കേതികവിദ്യാ, സാമഗ്രി പ്രദര്‍ശനമായ പ്രൊജക്ട് ഖത്വര്‍ മെയ് ഒമ്പതു മുതല്‍ 12 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദര്‍ശനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്.
37 രാജ്യങ്ങളില്‍ നിന്നുള്ള കെട്ടിട നിര്‍മാണ സാങ്കേതിക വൈദഗ്ധ്യ സ്ഥാപനങ്ങളും സാമഗ്രി നിര്‍മാതാക്കളും പ്രദര്‍ശകരും പങ്കെടുക്കും. 15 ഔദ്യോഗിക ദേശീയ പവലിയനുകളുണ്ടാകും. അഞ്ചു ഹാളുകളിലും പുറത്തുമായി 32,000 ചതുരശ്രമ മീറ്റര്‍ പ്രദേശത്താണ് പ്രദര്‍ശനം ഒരുങ്ങുന്നത്. 35,000ലധികം പ്രഫഷനല്‍ സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ബെല്‍ജിയം, ബള്‍ഗേറിയ, കാനഡ, ചൈന, ചെക്ക് റിപ്പബ്ലിക്, ഡന്‍മാര്‍ക്ക്, ഈജിപ്ത്, ജര്‍മനി, ഗ്രീസ്, ഇന്ത്യ, ഇറ്റലി, കുവൈത്ത്, കൊറിയ, ലബനോന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്, ഒമാന്‍, പോളണ്ട്, പോര്‍ചുഗല്‍, റൊമാനിയ, സഊദി അറേബ്യ, സിംഗപ്പൂര്‍, സ്‌പെയിന്‍, തുര്‍ക്കി, യു എ ഇ, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രദര്‍ശകരുണ്ടാകും. പ്രദര്‍ശക രാജ്യങ്ങളുടെ പൂര്‍ണ വിവരം പ്രൊജക്ട് ഖത്വര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
50 ഇന്ത്യന്‍ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്ന് ഇന്ത്യന്‍ എംബസി പ്രസ് ആന്‍ഡ് എജുക്കേഷന്‍ ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദെനിയ പറഞ്ഞു. കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിലൂടെ നിക്ഷേപ, വ്യാപാര അവസരം സൃഷ്ടിപ്പെടുന്ന മേളകൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 2022ലെ ലോകകപ്പ് ടൂര്‍ണമെന്റിനോടനുബന്ധിച്ച് രാജ്യത്ത് നിരവധി കെട്ടിട നിര്‍മാണ പദ്ധതികള്‍ നടന്നു വരുന്നുണ്ട്. അതുകൊണ്ടു തന്നെ കെട്ടിട നിര്‍മാണമേഖലയിലെ നൂതന സാങ്കിത വിദ്യകളും സാമഗ്രികളും നിര്‍മാണ കമ്പനികള്‍ അന്വേഷിക്കുന്ന ഘട്ടത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് വലിയ വാണിജ്യ വ്യവസായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുടെ എംബസികളും അംബാസിഡര്‍മാരം അതതു രാജ്യങ്ങളില്‍നിന്നുള്ള പ്രദര്‍ശകരെ എത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here