ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല:യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി

Posted on: April 20, 2016 12:23 pm | Last updated: April 20, 2016 at 7:11 pm
SHARE

udfതിരുവനന്തപുരം: മദ്യ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. മദ്യ നയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടുസ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആക്കിയാലും ലൈസന്‍സ് ലഭിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് യുഡിഎഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം പാലിച്ചെന്നും അഞ്ച് വര്‍ഷത്തിനിടെ പ്രധാന വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പത്ത് വര്‍ഷം കൊണ്ട് കേരളം സമ്പൂര്‍ണ മദ്യവിമുക്തമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. യുഡിഎഫിന്റെ ബെബ്‌സൈറ്റും മൊബൈല്‍ ആപ്പും ചടങ്ങില്‍ തുറന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എട്ടാം ക്‌ളാസില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ബി.പി.എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി ഭാഗ്യലക്ഷ്മി പദ്ധതിയുമുണ്ട്. പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാലുടന്‍ കുട്ടിയുടെ പേരില്‍ നിശ്ചിത തുക സര്‍ക്കാര്‍ നിക്ഷേപിക്കും. വീട്ടുകാര്‍ക്കും ഇതില്‍ തുക നിക്ഷേപിക്കാം. 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഈ തുക പലിശയടക്കം നല്‍കുന്നതാണ് ഭാഗ്യലക്ഷ്മി പദ്ധതി.
കൃഷിനാശം സംഭവിക്കുന്ന ദരിദ്ര കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കൃഷി നിധിരൂപീകരിക്കും. ഇതിനായി കൃഷി ബമ്പര്‍ ലോട്ടറി നടത്തും. മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കാന്‍ മിശ്ര വിവാഹിതര്‍ക്ക് കാല്‍ ലക്ഷം രൂപ നല്‍കും. നിര്‍ദ്ധന വിധവകളുടെ പുനര്‍വിവാഹത്തിനും .വിധവകളുടെ പെണ്‍മക്കളുടെയും അനാഥ പെണ്‍കുട്ടികളുടെ വിവാഹത്തിനും കാല്‍ ലക്ഷം രൂപ നല്‍കും.

സ്ത്രീ സുരക്ഷക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിയും കൈക്കൂലിയും നിയന്ത്രിക്കും. സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ വിപുലീകരിക്കുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തും. ഓപറേഷന്‍ കുബേര ശക്തമാക്കും. കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കുന്ന പദ്ധതി കൃഷിമേഖലയില്‍ അഞ്ചുവര്‍ഷം കൊണ്ടു നടപ്പാക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

യാചകര്‍ക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും പഞ്ചായത്തുകള്‍ മുഖേന ഒരു നേരത്തെ സൗജന്യഭക്ഷണം നല്‍കും. മലപ്പുറത്തും കോട്ടയത്തും നടപ്പാക്കിയ ‘വിശപ്പിനോടു വിട’ പദ്ധതിയുടെ ചുവടുപിടിച്ചായിരിക്കും ഇത് നടപ്പാക്കുക. പഞ്ചായത്തുകളില്‍ നിന്നാണ് ഇതിനുള്ള കൂപ്പണുകള്‍ ലഭ്യമാക്കുക. ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവര്‍ക്കും ഏര്‍പ്പെടുത്തും. വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് പൂര്‍ണമായും സൗജന്യമാക്കും. കാന്‍സര്‍ രോഗികള്‍ക്ക് മരുന്നും സൗജന്യമായി നല്‍കുമെന്നും വിവിധ ഇന്‍ഷുറന്‍സ് കമ്പനികളും സ്ഥാപനങ്ങളും ചേര്‍ന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാരും കൈകോര്‍ക്കും. വിദേശരാജ്യങ്ങളിലെ ഇന്‍ഷൂറന്‍സ് പദ്ധതികളുടെ മാതൃക പിന്തുടര്‍ന്നായിരിക്കും ഇത് നടപ്പിലാക്കുകയെന്നും പത്രികയില്‍ പറയുന്നു.
മദ്യവര്‍ജനം ഒരു നയമല്ല. അത് പണ്ട് മുതലെ സമൂഹത്തിനുള്ള നിലപാടാണ്. മദ്യത്തിന്റെ ഉപഭോഗം, മദ്യത്തിന്റെ വിതരണം, മദ്യത്തില്‍ നിന്നുള്ള വരുമാനം എന്നിവ സംബന്ധിച്ചാണ് മദ്യനയം. മദ്യ വര്‍ജനമെന്നതിലൂടെ എല്‍ഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ സര്‍ക്കാര്‍ തുടരുന്നിടത്തോളം ഫൈവ് സ്റ്റാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ല. പത്ത് 10 വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ മദ്യ വിമുക്തമാക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.എല്‍ഡിഎഫിന്റെ മദ്യനയത്തിന്റെ കാര്യത്തില്‍ അവ്യക്തതയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മദ്യ രഹിത കേരളത്തിലേക്കുള്ള യാത്രയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here