രാജീവ്ഗാന്ധി വധം: തടവില്‍ കഴിയുന്നവരെ മോചിപ്പിക്കില്ലെന്ന് കേന്ദ്രം

Posted on: April 20, 2016 11:32 am | Last updated: April 20, 2016 at 3:02 pm

rajiv gandhi murderന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴു പോരെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥ കേന്ദ്ര സര്‍ക്കാര്‍ തള്ളി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഈ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുന്നത്. നേരത്തേ 2014ല്‍ യു.പി.എ സര്‍ക്കാറിന്റെ ഭരണകാലത്തും ഇതേ ആവശ്യവുമായി ജയലളിത സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നത് വര്‍ഷങ്ങള്‍ വൈകിയതിനെതുടര്‍ന്ന് സുപ്രീം കോടതി കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയിരുന്നു.

25 വര്‍ഷത്തിലേറെക്കാലം ജയിലില്‍ കഴിഞ്ഞ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാറിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തടവുകാരുടെ അപേക്ഷ ലഭിച്ചുവെന്നും കേന്ദ്രത്തിന് അയച്ച കത്തില്‍ ജയലളിത സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്.