മദ്യരാജാവ് വിജയ് മല്യയ്ക്ക് കേരള സര്‍ക്കാരിന്റെ ഭൂമി ദാനം

Posted on: April 20, 2016 11:07 am | Last updated: April 20, 2016 at 7:11 pm

VIJAY MALYAതിരുവനന്തപുരം: മദ്യരാജാവ് വിജയ് മല്യയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ദാനം. സര്‍ക്കാര്‍ ഭൂമി ചുളു വിലയ്ക്കാണ് വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് പതിച്ചു നല്‍കിയത്. പാലക്കാട് പുതുശേരി വെസ്റ്റിലെ സര്‍ക്കാര്‍ ഭൂമിയാണു പതിച്ചു നല്‍കിയത്. 20 ഏക്കര്‍ ഭൂമിയാണ് സെന്റിന് കേവലം 70,000 രൂപയ്ക്ക് വിജയ് മല്യയ്ക്ക് നല്‍കിയത്. സെന്റിന് മൂന്നു ലക്ഷം രൂപ വരെയാണ് ഈ മേഖലയില്‍ ഭൂമിയുടെ നടപ്പുവില. 2013ലാണ് വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ മറച്ചുപിടിക്കുകയായിരുന്നു.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് ഭൂമി കൈമാറ്റത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നത്. വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഭൂമി പാട്ടത്തിന് നല്‍കുകയെന്നതായാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. ഇതില്‍ നിന്ന് വിരുദ്ധമായാണ് മദ്യവ്യവസായിക്ക് 20 ഏക്കര്‍ ചുളുവിലയ്ക്ക് പതിച്ചു നല്‍കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എന്ത് ആവശ്യത്തിനാണു ഭൂമി നല്‍കിയിരിക്കുന്നത് എന്ന് ഇതു സംബന്ധിച്ചു ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമല്ല. പല തരത്തിലുള്ള ബോട്ട്‌ലിങ് പ്ലാന്റുകള്‍ പുതുശേരിയില്‍ യുബി ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്.