അനുപമക്കെതിരെ കീടനാശിനി കമ്പനികളുടെ പുതിയ ക്യാമ്പയിന്‍

Posted on: April 20, 2016 6:17 am | Last updated: April 20, 2016 at 12:19 am
SHARE

anupamaകൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടു വരുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ സാന്നിധ്യമില്ലെന്ന വാദം തെളിയിക്കാന്‍ സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് ശേഖരിച്ച വിവരാവകാശ രേഖകളുമായി കീടനാശിനി കമ്പനികള്‍. ഭക്ഷ്യ സുരക്ഷാ അതോറിറ്റി പരിശോധിച്ച 233 സാമ്പിളുകളില്‍ ഒന്നിലും കീടനാശിനികളുടെ സാന്നിധ്യം അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ കണ്ടെത്താനായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടു വരുന്ന പഴങ്ങളിലും പച്ചക്കറികളിലും അനുവദനീയമായതിന്റെ 5 -10 മടങ്ങ് അളവില്‍ കീടനാശിനികളുടെ അവശിഷ്ടം അടങ്ങിയിട്ടുണ്ടെന്ന് ആരോപണമുന്നയിച്ച സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി വി അനുപമ ഇതോടെ അവരുടെ സ്വന്തം വാക്കുകള്‍ വിഴുങ്ങാന്‍ നിര്‍ബന്ധിതയായിരിക്കുകയാണെന്നും ഫൗണ്ടേഷന്‍ വക്താവ് എസ് ഗണേശന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പഴങ്ങളിലും പച്ചക്കറികളിലും അനുവദനീയമായതിലുമധികം കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നത് പരിശോധനകളില്‍ തെളിഞ്ഞ വസ്തുതയാണെന്നും ഇത് മറച്ചുപിടിക്കാന്‍ വളച്ചൊടിച്ച വ്യാഖ്യാനവുമായി ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ രംഗത്തുവന്നതിന് പിന്നില്‍ കീടനാശിനി കമ്പനികളുടെ നിക്ഷിപ്ത താല്‍പര്യമാണെന്നും ടി വി അനുപമ പ്രതികരിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമുള്ള സര്‍ക്കാര്‍ ലബോറട്ടറികളില്‍ കഴിഞ്ഞ വര്‍ഷം വരെ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. ഈ വര്‍ഷമാണ് ഈ സംവിധാനം നിലവില്‍ വന്നത്. അതുവരെ വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ പരിശോധാ സംവിധാനത്തെയാണ് ഇതിനായി ആശ്രയിച്ചിരുന്നത്.
സര്‍ക്കാര്‍ ലാബുകളില്‍ 2012 മുതല്‍ 2015 വരെ നടത്തിയ പരിശോധനകളുടെ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ശേഖരിച്ചാണ് ക്രോപ് കെയര്‍ ഫൗണ്ടേഷന്‍ അടിസ്ഥാന രഹിതമായ വാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് അനുപമ പറയുന്നു. അനുവദനീയമായതിന്റെ 5-10 മടങ്ങ് കീടനാശിനിയുടെ സാന്നിധ്യം തമിഴ്‌നാട്ടില്‍ കൃഷി ചെയ്തു കൊണ്ടു വരുന്ന പഴങ്ങളിലും പച്ചക്കറികളിലും ഉണ്ടെന്ന ആരോപണം തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ വസ്തുതകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റിഷനില്‍ ഫൗണ്ടേഷന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോടു ആവശ്യപ്പെട്ടെങ്കിലും ലാബ് പരിശോധനാ ഫലങ്ങള്‍ പരസ്യമാക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് ഫൗണ്ടേഷന്‍ വക്താവ് പറയുന്നു. തമിഴ്‌നാട് കൃഷിയിടങ്ങളില്‍ നടത്തിയ പരിശോധനക്കിടെ നിയമ വിരുദ്ധമായി ശേഖരിച്ച 700 സാമ്പിളുകളില്‍ നടത്തിയ പരിശോധനയുടെ ഫലങ്ങള്‍ പരസ്യമാക്കാനും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമം വഴി വിവരങ്ങള്‍ തേടിയതെന്നും ഫൗണ്ടേഷന്‍ വക്താവ് പറയുന്നു. തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും അനുവദനീയമായതിലുമധികം അളവില്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമായിരിക്കെ താന്‍ അത് കീടനാശനി കമ്പനികള്‍ക്ക് നല്‍കേണ്ട ആവശ്യമില്ലെന്ന് ടി വി അനുപമ ചൂണ്ടിക്കാട്ടുന്നു. കീടനാശിനി കമ്പനികളുടെ കൂട്ടായ്മക്ക് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടാനുള്ള അധികാരമെന്താണെന്നും അവര്‍ ചോദിക്കുന്നു. ഫൗണ്ടേഷന്‍ നല്‍കിയ വക്കീല്‍ നോട്ടീസിന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മറുപടി നല്‍കിയിരുന്നു. അതിന് ശേഷമാണ് അവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കോടതിയിലും താന്‍ ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here