Connect with us

Kerala

ജെ ഡി യുവിലെ പിളര്‍പ്പ് യു ഡി എഫിന് തലവേദനയാകും

Published

|

Last Updated

കോഴിക്കോട്: ജെ ഡി യുവിലെ പിളര്‍പ്പും പാര്‍ട്ടികള്‍കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ യു ഡി എഫിന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. വടകര, എലത്തൂര്‍, കൊയിലാണ്ടി മണ്ഡലങ്ങളിലാണ് രൂക്ഷ ആഭ്യന്തര പ്രശ്‌നം യു ഡി എഫിന് തലവേദനയാകുന്നത്. കൂത്ത്പറമ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ജെ ഡി യുവിന് ഏറ്റവും സ്വാധീനമുള്ള വടകരയിലാണ് പിളര്‍പ്പ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. കഴിഞ്ഞ പാര്‍ലിമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കണക്ക് പരിശോധിച്ചാല്‍ വടകരയില്‍ യു ഡി എഫിന് വലിയ സാധ്യതയാണുള്ളത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 15,000 വോട്ടിന്റെ ലീഡാണ് മുല്ലപ്പള്ളി രാമചന്ദ്രന് ലഭിച്ചത്. മണ്ഡലത്തിലെ വടകര നഗരസഭ മാത്രം എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകള്‍ യു ഡി എഫാണ് ഭരിക്കുന്നത്. മറ്റൊരു പഞ്ചായത്തായ ഒഞ്ചിയത്ത് സി പി എം വിമതരായ ആര്‍ എം പിയും. ജെ ഡി യുവിന് സ്വാധീനമുള്ള ഈ പഞ്ചായത്തുകളിലാണ് ഇപ്പോഴത്തെ പിളര്‍പ്പ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുക.
ജെ ഡി യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്‍, എളമന ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ എടയത്ത് ശ്രീധരന്‍, ജില്ലാ നേതാക്കളായ വി കെ വസന്തകുമാര്‍, എന്‍ സക്കറിയ, പി എം ഹരീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ സി കെ നാണുവിന് വേണ്ടി രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. ജനതാദള്‍ (ലെഫ്റ്റ്) എന്ന പേരില്‍ സംഘടന രൂപവത്ക്കരിച്ചാണ് ഇവര്‍ എല്‍ ഡി എഫിനായി പ്രവര്‍ത്തിക്കുക.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നമാണ് ജെ ഡി യുവിനെ ഇപ്പോള്‍ ജില്ലയില്‍ പിളര്‍പ്പിലെത്തിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജെ ഡി യുവിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. പല സ്ഥലങ്ങളിലും ജെ ഡി യു സ്ഥാനാര്‍ഥികള്‍ക്കെതിരെ യു ഡി എഫ് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തെത്തിയതായിരുന്നു ഇതിന് കാരണം. ഇതോടെ ജെ ഡി യുവിന്റെ 12 ജില്ലാ കൗണ്‍സിലുകള്‍ യു ഡി എഫിനെതിരെ പ്രമേയം പാസാക്കി, എല്‍ ഡി എഫിനൊപ്പം ചേരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നേതൃത്വം ഇത് തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ എതിര്‍പ്പ് മൂര്‍ച്ഛിക്കുകയായിരുന്നു. വടകരയിലെ സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ അംഗീകരിക്കാനാകില്ലെന്ന് ഒരു വിഭാഗം വാദിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്‌ക്കരനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ പാര്‍ട്ടി സ്ഥാനാര്‍ഥി എം കെ പ്രേംനാഥിന്റെ തോല്‍വിയില്‍ മനയത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മനയത്തിന്റെ നേതൃത്വത്തില്‍ ചിലര്‍ പ്രേംനാഥിനെതിരെ പ്രവര്‍ത്തിച്ചതായി പാര്‍ട്ടി അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ മനയത്തിനെതിരെ മറുവിഭാഗം രംഗത്തെത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നിരവധി യോഗങ്ങള്‍ ചേര്‍ന്നെങ്കിലും തര്‍ക്കങ്ങള്‍ കാരണം തീരുമാനമായില്ല. ഒടുവില്‍ പാര്‍ട്ടി പ്രസിഡന്റ് വീരേന്ദ്രകുമാറിന്റെ അസാന്നിധ്യത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗമാണ് മനയത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ജെ ഡി യുവിലെ രണ്ടാമനായ മന്ത്രി കെ പി മോഹനന്റെ പിന്തുണയാണ് മനയത്തിന് തുണയായത്. ഇതോടെ മറുവിഭാഗം മനയത്തിനെതിരെ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ പിളര്‍പ്പുണ്ടായിരിക്കുന്നത്.
വടകരക്ക് പുറമെ ജെ ഡി യു സ്ഥാനാര്‍ഥി മത്സരിക്കുന്ന എലത്തൂരിലും പിളര്‍പ്പ് തിരിച്ചടി സൃഷ്ടിച്ചേക്കും. എലത്തൂരിലെ സ്ഥാനാര്‍ഥിയായി യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മടവൂരിന്റെ പേരായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ടിരുന്നത്. അവസാന നിമിഷം അദ്ദേഹത്തെ വെട്ടി അതുവരെ ചിത്രത്തിലില്ലാതിരുന്ന കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറും പാര്‍ട്ടി സംസ്ഥാന പാര്‍ലിമെന്ററി ബോര്‍ഡ് മെമ്പറുമായ കിഷന്‍ചന്ദിനെ സ്ഥാനാര്‍ഥിയാക്കി. പാര്‍ട്ടി പ്രസിഡന്റിന്റെ അനാരോഗ്യം മുതലെടുത്ത് പാര്‍ട്ടിക്കകത്ത് നില നില്‍ക്കുന്ന ഒരു കോക്കസ് നടത്തിയ ഇടപെടലാണ് സലീമിന് സീറ്റ് നിഷേധിച്ചതെന്നാണ് ആരോപണം. സലീമിനെ തഴഞ്ഞതില്‍ മണ്ഡലത്തിലും പാര്‍ട്ടിയിലും ഇതില്‍ അതൃപ്തിയുള്ളവര്‍ ഏറെയാണ്. വടകരക്കും എലത്തൂരിനും പുറമെ കൂത്ത്പറമ്പില്‍ മോഹനനെതിരെയും പ്രചാരണം നടത്താനാണ് വിമതരുടെ പദ്ധതി.
ഇതിനിടെ വിമത കോണ്‍ഗ്രസ് നേതാവ് തിരുവള്ളൂര്‍ മുരളിയുടെ നേതൃത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകരും വടകരയില്‍ യു ഡി എഫിനെതിരായ നിലപാട് സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഡി സി സി സെക്രട്ടറിയുമായ തിരുവള്ളൂര്‍ മുരളിയുടെ സസ്‌പെന്‍ഷന്‍ പിവലിക്കണമെന്നാവശ്യപ്പെട്ട് വടകര കോട്ടപ്പറമ്പില്‍ സേവ് കോണ്‍ഗ്രസ് ഫോറം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വിശദീകരണ യോഗം നടത്തിയിരുന്നു.
കൂടാതെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ മൂര്‍ച്ഛിച്ച കൊയിലാണ്ടി കോണ്‍ഗ്രസിലെ തര്‍ക്കം ഇപ്പോഴും അതേ പോലെ നിലനില്‍ക്കുന്നതാണ് വിവരം.

Latest